കണ്ണൂർ: പരമ്പരാഗത കൈത്തറി ഉത്പന്നങ്ങളുടെ അനന്ത സാധ്യതകൾ തുറന്നുകാട്ടി ഫാഷൻ ഷോ. തളിപ്പറമ്പ് മണ്ഡലത്തിലെ ധർമ്മശാലയിൽ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവെലിലാണ് കൈത്തറി മേഖലയ്ക്ക് പ്രതീക്ഷയേകിയ ഫാഷൻ ഷോ സംഘടിപ്പിച്ചത്. കിൻഫ്രയിലെ അപ്പാരൽ ട്രെയിനിങ് ഡിസൈൻ സെൻറർ (എ ടി ഡി സി) ൻ്റെ നേതൃത്വത്തിൽ നടത്തിയ ഷോയിൽ 18 മോഡലുകൾ പങ്കെടുത്തു.
കൈത്തറി മേഖലയുടെ ഉന്നമനം, പോളിസ്റ്റർ പോലുള്ള തുണിത്തരങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിനെതിരെയുള്ള ബോധവത്കരണം എന്നിവ പ്രമേയമാക്കിയാണ് ഫാഷൻ ഷോ നടത്തിയത്. സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന കൈത്തറി ഉൽപ്പന്നങ്ങളുടെ വ്യത്യസ്ത മോഡലുകളാണ് കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. സെന്ററിലെ 30 ഓളം വിദ്യാർത്ഥികളുടെ ഒരു മാസത്തെ പ്രയത്നത്തിലാണ് കാഴ്ചക്കാരെ വിസ്മയിപ്പിച്ച ഫാഷൻ ഷോ നടത്തിയത്.
ബന്ധപ്പെട്ട വാർത്തകൾ: കൈത്തറി തുണിത്തരങ്ങള്‍ക്ക് ഹാന്‍ടെക്സില്‍ വിലക്കിഴിവ്; പ്രത്യേക പദ്ധതികള്‍
മൊറാഴ, കല്യാശ്ശേരി ,തളിപ്പറമ്പ്, മയ്യിൽ എന്നീ നാല് വീവേഴ്സിൽ നിന്നാണ് ഫാഷൻ ഷോയ്ക്ക് ആവശ്യമായ തുണിത്തരങ്ങൾ ശേഖരിച്ചത്. കൈത്തറിയുടെ പരമ്പരാഗത ശൈലിയുടെ പൊളിച്ചെഴുത്ത് നടത്തിയ ഫാഷൻ ഷോ കാണികൾക്ക് പുത്തൻ അനുഭൂതിയായി.
ഇതിന് മുന്നോടിയായി നടത്തിയ സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ആന്തൂർ നഗരസഭ ഗ്രൗണ്ടിൽ നടത്തിയ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ കെ രത്നകുമാരി അധ്യക്ഷത വഹിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ആമിന ടീച്ചർ, ഓമന മുരളീധരൻ, ഫോക് ലോർ അക്കാദമി ചെയർമാൻ എവി അജയകുമാർ, തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്സി, എ ടി ഡി സി റീജനൽ മാനേജർ വി ആർ സുഷ എന്നിവർ പങ്കെടുത്തു.
Share your comments