വയനാട്ടിൽ ഒരുകിലോ ഉണക്ക കാപ്പിക്കുരുവിന് കർഷകന് ലഭിക്കുന്നത് 70 രൂപ. ആന്ധ്രയിൽ അറക്കുവാലിയിലെ ആദിവാസി കർഷകന് ലഭിക്കുന്നത് 180-200 രൂപ.ഇതിൻ്റെ കാരണം അന്വേഷിച്ചു ആന്ധ്രയിലെ അരക്കുവലി സന്ദർശനം നടത്തിയ കേരള ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക്കിൻ്റെ ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം .
വയനാട്ടിൽ ഒരുകിലോ ഉണക്ക കാപ്പിക്കുരുവിന് കർഷകന് ലഭിക്കുന്നത് 70 രൂപ. ആന്ധ്രയിൽ അറക്കുവാലിയിലെ ആദിവാസി കർഷകന് ലഭിക്കുന്നത് 180-200 രൂപ.
ഇതിന്റെ മറിമായം എന്താണെന്ന് പഠിക്കാനാണ് ഞാൻ ഇന്നലെ അവിടെ പോയത്.
വയനാട്ടിൽ പഴുത്തതും പഴുക്കാത്തതുമായ കാപ്പിക്കുരുവെല്ലാം പറിച്ച് ഉണക്കിയാണ് കൃഷിക്കാരൻ വിൽക്കുന്നത്.
അവിടെ പഴുത്തു ചുവന്ന കാപ്പിക്കുരു മാത്രമേ പറിക്കൂ. സഹകരണ സംഘത്തിന്റെ വാഹനം കൃഷിക്കാരന്റെ തോട്ടത്തിൽപോയി മിൽമ പാൽ ശേഖരിക്കുന്നതുപോലെ കാപ്പിക്കുരു ശേഖരിച്ച് കൊണ്ടുപോവുകയാണ്. സംസ്കരണം പൂർണ്ണമായും സഹകരണ സംഘത്തിന്റെ പണിയാണ്.
പക്ഷെ, എല്ലാ കാപ്പിക്കുരുവും കൂട്ടിക്കലർത്തിയല്ല സംസ്കരിക്കുക. ഓരോ കാപ്പിത്തോട്ടത്തിൽ നിന്നും വരുന്ന കാപ്പിക്കുരുവിന്റെ പ്രത്യേകതകളെ തിട്ടപ്പെടുത്തിയിട്ടുണ്ട്. ഒരേതരം കാപ്പിക്കുരുവിനെ തരംതിരിച്ചാണ് സംസ്കരിക്കുന്നത്. സംസ്കരണരീതി തന്നെ മൂന്നു തരത്തിലുണ്ട്. തൊലിയും ദശയുമെല്ലാം പൂർണ്ണമായും നീക്കംചെയ്ത് ഉണക്കിയെടുക്കുന്നു. കുറച്ചു ദശ അവശേഷിപ്പിക്കുന്ന രീതിയിൽ ഉണക്കിയെടുക്കുന്നു. തൊലിയും ദശയും മാറ്റാതെ ഉണക്കിയെടുക്കുന്നു. ഇങ്ങനെ വേർതിരിച്ച കാപ്പിക്കുരു പൊടിച്ച് അറുക്കു എന്ന ബ്രാൻഡിൽ വിൽക്കുകയാണ്. ഇതിനെക്കുറിച്ചൊന്നും കൃഷിക്കാരൻ വേവലാതിപ്പെടേണ്ട. അതൊക്കെ സഹകരണ സംഘം ചെയ്തുകൊള്ളും. 45 രൂപയാണ് പഴുത്ത കാപ്പിക്കുരുവിന് നൽകുന്നത്. ഒരു കിലോ ഉണക്കിയ കാപ്പിക്കുരു കിട്ടാൻ 4-5 കിലോ കാപ്പിക്കുരു വേണം. അതുകൊണ്ട് പഴുത്ത കാപ്പിക്കുരുവിന് 45 രൂപ ലഭിക്കുന്നത് ഉണക്കിയ കാപ്പിക്കുരുവിന് 180-200 രൂപ ലഭിക്കുന്നതിന് സമമാണ്.
എങ്ങനെ വയനാട്ടിലെ കാപ്പി കൃഷിക്കാർക്കും കിലോയ്ക്ക് 70 രൂപയ്ക്കു പകരം 180-200 രൂപയ്ക്ക് ലഭ്യമാക്കാനാവും?
ഇതിനുള്ള വഴി അറക്കുവാലിയിലെ ആദിവാസി കൃഷിക്കാരിൽ നിന്നും പാഠം പഠിക്കാൻ നമ്മൾ തയ്യാറാകണം. ജൈവകൃഷിയിലേയ്ക്ക് പോകാം, പഴുത്ത കാപ്പി മാത്രം പറിക്കുക, കൃഷിക്കാരന്റെ വീട്ടുപടിക്കലിൽ നിന്നും കാപ്പി ശേഖരിക്കുക, രൊക്കം കാശ് ഓൺലൈനായി നൽകുക, തരംതിരിച്ച് സംസ്കരിക്കുക, ഈ കാപ്പിപ്പൊടി ബ്രാൻഡ് ചെയ്ത് വിൽക്കുക.
കാപ്പി കൃഷിക്ക് കാൽനൂറ്റാണ്ടിന്റെ മാത്രം പാരമ്പര്യമുള്ള അറക്കുവാലിയിലെ ആദിവാസികൾക്ക് ഇത്രയൊക്കെ ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്തുകൊണ്ട് നമുക്കും ആയിക്കൂടാ?
https://www.facebook.com/209072452442237/posts/2461997157149744/
ഡോ: തോമസ് ഐസക്ക്
ധനകാര്യ മന്ത്രി
Share your comments