
1. തിരുവനന്തപുരം ജില്ലയിലെ കാവുകൾ സംരക്ഷിച്ച് പരിപാലിച്ച് വരുന്നതിന് 2025-2026 വർഷത്തിൽ സാമ്പത്തിക സഹായം നൽകുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്കാണ് ധനസഹായം നൽകുന്നത്. താൽപര്യമുള്ള കാവുടമസ്ഥർക്ക് കാവിൻ്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ (പി.റ്റി.പി) സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ഓഗസ്റ്റ് 31-ാം തീയതിയ്ക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. മുൻപ് കാവുസംരക്ഷണത്തിന് ധനസഹായം ലഭിച്ച ഉടമസ്ഥർ അപേക്ഷ സമർപ്പിക്കേണ്ടതില്ല.
2. ആലപ്പുഴ തുറവൂർ വി.എഫ്.പി.സി.കെ മണ്ണു പരിശോധനാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം നിർമാണ പരിശീലന പരിപാടി ആരംഭിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ കർഷകർക്കായാണ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത്. കൃഷി ഇറക്കുന്നതിനു മുൻപായി മണ്ണുപരിശോധന നടത്തുന്നതിനും കൃഷിക്കാവശ്യമായ മാർഗനിർദേശം നൽകുന്നതിനുമാണ് മാസത്തിൽ ഒരു തവണ വീതം പരിശീലനം സംഘടിപ്പിക്കുന്നത്. ജൂലൈ 25-ാം തീയതി രാവിലെ 10 മണിക്കാണ് അടുക്കളത്തോട്ടം നിർമാണത്തിൽ അടുത്ത പരിശീലന ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക് 94471 01720 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാവകുപ്പ്. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യതയായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനത്ത ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ടും കേന്ദ്രകാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നും അടുത്ത രണ്ട് ദിവസം വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. കേരള തീരത്ത് 60 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
Share your comments