- കർഷകത്തൊഴിലാളി വിദ്യാഭ്യാസ ധനസഹായം
കേരളകർഷകത്തൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷകത്തൊഴിലാളികളുടെ കുട്ടികൾക്ക് 2023-24 അധ്യയനവർഷത്തെ വിദ്യാഭ്യാസധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ / എയ്ഡഡ് സ്കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2023-24 വർഷത്തെ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75 ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരും പ്ലസ്ടു / വി.എച്ച്.എസ്.ഇ പരീക്ഷയിൽ 85 ശതമാനം മാർക്ക് നേടിയതുമായ വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 70 പോയിന്റും പ്ലസ്ടു / വി.എച്ച്.എസ്.ഇ പരീക്ഷയിൽ 80 ശതമാനവും മാർക്ക് ലഭിച്ച എസ്.സി / എസ്.ടി വിഭാഗം വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കും അപേക്ഷിക്കാം.
കർഷകത്തൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്ന് നിശ്ചിത ഫോമിലെ അപേക്ഷ ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ജൂലൈ ഒന്നു മുതൽ 31 ന് വൈകിട്ട് അഞ്ചുവരെയും അപ്പീൽ അപേക്ഷകൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ഓഗസ്റ്റ് 12 ന് വൈകിട്ട് അഞ്ചുവരെയും സ്വീകരിക്കും. അപേക്ഷ ഫോം www.agriworkersfund.org യിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കർഷകതൊഴിലാളി ക്ഷേമനിധിബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക.
- നാളികേര വികസന ബോര്‍ഡ് ധനസഹായം നല്‍കുന്നു
തെങ്ങു പുതുകൃഷി പദ്ധതിയിലൂടെ ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ ഉപയോഗിച്ച് നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നാളികേര വികസന ബോര്‍ഡ് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു.
തെങ്ങിനെയും സ്ഥലത്തേയും അടിസ്ഥാനമാക്കി ഒരു ഹെക്ടറിന് 6,500 രൂപ മുതല്‍ 15,000 രൂപ വരെ രണ്ട് തുല്യ വാര്‍ഷിക ഗഡുക്കളായാണ് സാമ്പത്തിക സഹായം നല്‍കുന്നത്. 0.1 ഹെക്ടറില്‍ (25 സെന്റ്) കുറയാതെ, പരമാവധി നാല് ഹെക്ടര്‍ വരെ സ്വന്തമായുള്ള കൃഷിഭൂമിയില്‍ പത്ത് തെങ്ങിന്‍ തൈകളെങ്കിലുമുള്ള കര്‍ഷകര്‍ക്ക് സബ്സിഡിയ്ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം ബോര്‍ഡിന്റെ വെബ് സൈറ്റായ https://coconutboard.gov.in/Applicationforms.aspx ൽ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ബോര്‍ഡില്‍ സമര്‍പ്പിക്കുന്ന കര്‍ഷകര്‍ക്ക് സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് ലഭിക്കുന്നതാണ്.
ഒന്നാം വര്‍ഷ സബ്സിഡി ലഭിച്ചതിനു ശേഷം രണ്ടാം വര്‍ഷത്തിലേക്കുമുള്ള അപേക്ഷ പൂരിപ്പിച്ച് കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടൊപ്പം സമര്‍പ്പിക്കാം. പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് നാളികേര വികസന ബോര്‍ഡിന്റെ 0484- 2377266 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- അക്വാകൾച്ചർ പരിശീലനം
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് അക്വാകൾച്ചർ പരിശീലനം നൽകുന്ന പരിപാടിയിലേക്ക് 20 നും 30 നും ഇടയ്ക്ക് പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലനാർഥികൾ ബി.എസ്.സി അക്വാകൾച്ചർ അല്ലെങ്കിൽ വി.എച്ച്.എസി.ഇ അക്വാകൾച്ചർ വിജയകരമായി പൂർത്തീകരിച്ചവരായിരിക്കണം. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും.
ഫിഷറീസ് വകുപ്പിനു കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും മറ്റു പരിശോധന കേന്ദ്രങ്ങളിലുമായിരിക്കും പരിശീലനം. ആറ് പേർക്ക് മാത്രമായി നിജപ്പെടുത്തിയ പരിശീലനത്തിന്റെ കാലാവധി എട്ട് മാസമായിരിക്കും. പ്രസ്തുത കാലയളവിൽ പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്റ് അനുവദിക്കും. താത്പര്യമുള്ളവർ ജൂലൈ 10 നു മുൻപ് നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഓഫീസ് (ട്രെയിനിങ്) കിഴക്കേ കൊടുങ്ങല്ലൂർ, യു.സി കോളജ് പി.ഒ, ആലുവ എന്ന വിലാസത്തിലോ nifamaluva@gmail.com എന്ന ഓഫീസ് ഇ-മെയിൽ മുഖേനയോ സമർപ്പിക്കണം. അപേക്ഷാ ഫോം ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
- ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി
ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന് റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവർത്തി ദിവസമായ ജൂലൈ ഒന്നാം തീയതിയ്ക്ക് പകരം ജൂലൈ ആറിനായിരിക്കും. ജൂലൈ മാസത്തെ റേഷൻ വിതരണം എട്ടാം തീയതി മുതൽ ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
- വാഴത്തൈകൾ വിൽപനയ്ക്ക്
തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ബയോ ടെക്‌നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെന്ററിൽ വിവിധ ഇനങ്ങളിൽപ്പെട്ട നേന്ത്രൻ, ചെങ്കദളി, ഗ്രാൻനെയ്ൻ ഇനങ്ങളുടെ ടിഷ്യൂകൾച്ചർ വാഴത്തൈകൾ വിൽപനയ്ക്ക് ലഭ്യമാണ്. വാഴ ഒന്നിന് 20 രൂപയാണ് വില. കൂടുതൽ വിവരങ്ങൾക്ക് 0471-2413739 എന്ന ഫോൺ നമ്പറിലോ bmfctvm@yahoo.co.in എന്ന ഇ-മെയിലിലോ ബന്ധപ്പെടുക.
Share your comments