പാലക്കാട്: വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കിവരുന്ന മാര്‍ജിന്‍ മണി ഗ്രാന്റ് പദ്ധതി പ്രകാരം അപേക്ഷകന്റെ വിഭാഗം അനുസരിച്ച് 30 മുതല്‍ 40 ശതമാനം വരെ മാര്‍ജിന്‍ മണി ഗ്രാന്റായി ലഭിക്കും. 10 ലക്ഷം രൂപ വരെ പദ്ധതിച്ചെലവ് വരുന്ന യൂണിറ്റുകള്‍ക്കാണ് പ്രസ്തുത പദ്ധതി പ്രയോജനപ്പെടുന്നത്. 18-40 വരെ പ്രായപരിധിയുള്ള സ്ത്രീകള്‍, യുവ സംരംഭകര്‍, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍, പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ എന്നിവര്‍ക്ക് 10 ശതമാനം അധിക സഹായം ലഭിക്കും. പദ്ധതി പ്രകാരം നാല് ലക്ഷം രൂപയാണ് ഒരു യൂണിറ്റിനുള്ള പരമാവധി സഹായം. ജില്ലയില്‍ 2022-23 സാമ്പത്തിക വര്‍ഷം 100 യൂണിറ്റുകള്‍ക്കായി 2.57 കോടി രൂപയാണ് പദ്ധതിയിലൂടെ വിതരണം ചെയ്തത്.
യോഗ്യത
നിര്‍മാണം/ ഭക്ഷ്യസംസ്‌കരണം, തൊഴില്‍ ജോലികള്‍(മെഷിനറി വര്‍ക്‌സ്), സേവനമേഖലയിലുള്ള യൂണിറ്റുകളിലെ നാനോ പ്രൊപ്രൈറ്ററി എന്റര്‍പ്രൈസുകള്‍, മൂല്യവര്‍ദ്ധനവുള്ളതും നിശ്ചിതമൂലധനവും പ്രവര്‍ത്തന മൂലധനവും ഉള്‍പ്പെടെ 10 ലക്ഷം രൂപ വരെ പദ്ധതി ചെലവുള്ളതുമായ പദ്ധതികള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്റിന് അര്‍ഹതയുണ്ട്.
അപേക്ഷിക്കേണ്ട വിധം
നേരിട്ടോ https://schemes.industry.kerala.gov.in/public/index.php/schemes മുഖേനയോ മാര്‍ജിന്‍ മണി ഗ്രാന്റിന് അപേക്ഷിക്കാം. താലൂക്ക് വ്യവസായ ഓഫീസിലെ അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ക്കാണ് അപേക്ഷയും അനുബന്ധ രേഖകളും നല്‍കേണ്ടത്. ധനകാര്യ സ്ഥാപനത്തില്‍ നിന്നുള്ള ശിപാര്‍ശയോട് കൂടിയ അനുമതി പത്രവും ഗുണഭോക്തൃ വിഹിതം ബാങ്കില്‍ അടച്ചത് തെളിയിക്കുന്ന പാസ് ബുക്കിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കണം. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അര്‍ഹമായ മാര്‍ജിന്‍ മണി ഗ്രാന്റ് അനുവദിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കുറഞ്ഞ ചിലവിൽ കൂടുതൽ വരുമാനം
അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകള്‍
അപേക്ഷയോടൊപ്പം പ്രൊജക്ട് റിപ്പോര്‍ട്ട്, ആധാരത്തിന്റെ പകര്‍പ്പ്/ ഭൂനികുതി അടച്ച രസീത്(ആവശ്യമായ പക്ഷം), ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്/ വാടക കരാര്‍, യന്ത്ര സാമഗ്രികളുടെയും വയറിങ് സാധനങ്ങളുടെയും ക്വട്ടേഷന്‍, നിര്‍മ്മാണ പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ അംഗീകൃത/ചാര്‍ട്ടേര്‍ഡ് എന്‍ജിനീയറുടെ മൂല്യനിര്‍ണയം, ധനകാര്യ സ്ഥാപനത്തിന്റെ വായ്പ അനുമതി പത്രം, ജില്ലാ വ്യവസായ കേന്ദ്രം ആവശ്യപ്പെടുന്ന മറ്റ് രേഖകള്‍ എന്നിവയും നല്‍കണം.
നിബന്ധനകള്‍
* സ്ഥലം, സ്ഥലം ഒരുക്കല്‍, ഡോക്യുമെന്റേഷന്‍ എന്നിവയുടെ ആകെ ചെലവ് പദ്ധതി തുകയുടെ 10 ശതമാനത്തില്‍ കൂടാന്‍ പാടില്ല.
* കെട്ടിടത്തിന് വേണ്ട ചെലവ് ആകെ പദ്ധതി തുകയുടെ 25 ശതമാനത്തില്‍ കൂടാന്‍ പാടില്ല.
* പ്ലാന്റ്, യന്ത്ര സാമഗ്രികള്‍, ലാബിലുള്ള ഉപകരണങ്ങള്‍, ജനറേറ്റര്‍, മാലിന്യ നിയന്ത്രണ സംവിധാനങ്ങള്‍, വയറിങ് തുടങ്ങിയവയുടെ ചെലവുകള്‍ പദ്ധതി തുകയില്‍ ഉള്‍പ്പെടുത്തിയിരിക്കണം.
* രജിസ്‌ട്രേഷന്‍, പ്രൊജക്ട് റിപ്പോര്‍ട്ട്, സാങ്കേതിക വിദ്യ ഉള്‍പ്പെടെയുള്ള പ്രാരംഭ ചെലവുകള്‍ ആകെ പദ്ധതി തുകയുടെ 10 ശതമാനത്തില്‍ കൂടാന്‍ പാടില്ല.
* അപ്രതീക്ഷിത ചെലവുകള്‍ പദ്ധതി തുകയുടെ 10 ശതമാനത്തില്‍ കൂടാന്‍ പാടില്ല.
* പ്രവര്‍ത്തന മൂലധനം പദ്ധതി തുകയുടെ 40 ശതമാനത്തില്‍ കൂടാന്‍ പാടില്ല.
* പദ്ധതി സംബന്ധിച്ച വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, അപേക്ഷ ഫോറം, ചെക്ക് ലിസ്റ്റ്, ഓണ്‍ലൈന്‍ അപേക്ഷ എന്നിവ https://industry.kerala.gov.in/index.php/schemes-mainmenu/margin-money-grand-to-nano-units-schemes ല്‍ ലഭിക്കും.
Share your comments