ട്രോളിങ് നിരോധനം ജൂൺ ഒൻപത് മുതൽ തുടങ്ങുന്നതോടെ മീൻ വില കുതിച്ചുയരുകയാണ്. നെയ്‌മീൻ പലയിടത്തും അരക്കിലോയ്ക്ക് 1,000 രൂപ വരെ വാങ്ങിയാണ് വ്യാപാരം നടക്കുന്നത്. ചെറുമീനുകൾക്ക് കിലോഗ്രാമിന് 300 രൂപയിലാണ് വിൽപ്പന.
ലോക്ക്ഡൗൺ കാലത്ത് ഓൺലൈൻ സൈറ്റുകളെയും മത്സ്യത്തിനായി ആശ്രയിക്കുന്നവരുണ്ട്. ഓൺലൈൻ സൈറ്റുകളിൽ കിലോഗ്രാമിന് 1000 രൂപയ്ക്ക് അടുത്താണ് വലിയ മീനുകളുടെ വില. നെയ്മീൻ വില തന്നെയാണ് ഏറ്റവും കൈപൊള്ളിക്കുന്നത്. അയല, മത്തി തുടങ്ങിയ ചെറു മത്സ്യങ്ങൾക്ക് പോലും നൽകണം കിലോഗ്രാമിന് 300 രൂപയിലേറെ.
കേരയ്ക്ക് 500 രൂപ മുതൽ 550 രൂപയും മോദയ്ക്ക് 700 രൂപയിലേറെയുമാണ് ഇപ്പോൾ വില ഈടാക്കുന്നത്. ചെറിയ ചെമ്മീന് കിലോഗ്രാമിന് 500 രൂപയാണ് വില. ഓൺലൈൻ സൈറ്റുകളിലും വൃത്തിയാക്കി നൽകുന്ന മീന് തീവിലയാണ്. കൊവിഡ് കാലത്ത് റീട്ടെയ്ൽ വിൽപ്പനക്കാരും ഓര്‍ഡര്‍ അനുസരിച്ച് വീടുകളിൽ മീൻ എത്തിച്ചു നൽകുന്നുണ്ട്. വാട്‍സാപ്പ് കൂട്ടായ്മയിലൂടെയു മറ്റുമാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നത്. മത്സ്യലഭ്യതക്കുറവ് മൂലം തീവില തന്നെയാണ് ഇവരും ഈടാക്കുന്നത്
സംസ്ഥാനത്ത് ട്രോളിങ് നിരോധിക്കുന്നതോടെ മീൻ ലഭ്യത കുറയും. ജൂൺ ഒൻപത് അർദ്ധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണിവരെയായിരിക്കും ട്രോളിങ് നിരോധനം. ട്രോളിങ് നിരോധനം നിലവിൽ വരുന്നതിന് മുൻപായി അന്യസംസ്ഥാന ബോട്ടുകൾ കേരളതീരം വിട്ടു പോകണമെന്ന് നിര്‍ദേശം നൽകിയിട്ടുണ്ട്.
52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിങ് നിരോധനം മത്സ്യം കാണാക്കനിയാക്കും.
Share your comments