മത്സ്യകൃഷി തടസ്സപ്പെടുത്തിയെന്ന പരാതിയിൽ മത്സ്യ കർഷകർക്ക് മുന്നിയൂർ ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. വെളിമുക്ക് ചാലി ഉൾനാടൻ മത്സ്യ കർഷക സംഘം നൽകിയ പരാതിയിലാണ് വിധി. രണ്ട് വർഷത്തേക്ക് മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ മത്സ്യകൃഷി നടത്തുന്നതിന് 2018 സെപ്റ്റംബർ 25ന് ഭരണസമിതി അനുമതി നൽകുകയും 4,000 രൂപ പരാതിക്കാരായ സഹകരണ സംഘത്തിൽ നിന്നും ലൈസൻസ് ഫീ കൈപ്പറ്റുകയും ചെയ്തിരുന്നു.
പഞ്ചായത്തിന്റെ അനുമതി ലഭിച്ചതിനാൽ മത്സ്യവകുപ്പിനെ സമീപിച്ച് സർക്കാർ സഹായവും ഉറപ്പുവരുത്തി. സഹകരണ സംഘം ആറ് ലക്ഷം രൂപ ചെലവഴിച്ച് മൂന്നു മാസത്തിനകം മത്സ്യകൃഷിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. എന്നാൽ പരിസരവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മത്സ്യകൃഷി നിർത്തിവെക്കാൻ പഞ്ചായത്ത് ഉത്തരവിട്ടു. തുടർന്ന് പരാതികളിൽ യഥാസമയം അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറായില്ല. മത്സ്യവകുപ്പിൽ നിന്നും സഹായമായി അനുവദിച്ച 1,31,320 രൂപയും പാഴായി. മത്സ്യവകുപ്പ് പരിശോധിച്ച് അനുയോജ്യമായ സ്ഥലമെന്ന് കണ്ടെത്തിയ സ്ഥലത്ത് പഞ്ചായത്തിന്റെ അനുമതിയോടെ ആരംഭിച്ച സംരംഭം അന്യായമായി തടസ്സപ്പെടുത്തിയതിനാൽ നഷ്ടപരിഹാരവും മുടക്കുമുതലും തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
മതിയായ പഠനം നടത്താതെ പദ്ധതിക്ക് അനുമതി നൽകുകയും ന്യായമായ കാരണമില്ലാതെ മത്സ്യകൃഷി തടയുകയും ചെയ്ത ഗ്രാമപഞ്ചായത്ത് നടപടിയിൽ വീഴ്ചയുണ്ടെന്ന് കണ്ടതിനെ തുടർന്ന് മത്സ്യകൃഷി സംഘത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടത്. കോടതി ചെലവിലേക്കായി 15,000 രൂപയും നൽകണം. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാത്ത പക്ഷം വിധി സംഖ്യക്ക് ഒമ്പത് ശതമാനം പലിശയും നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവിൽ പറഞ്ഞു.
കേരള സർക്കാരിൻ്റെ വിവിധ മത്സ്യകൃഷി പദ്ധതികൾ
1. ഓരുജല കുളത്തിലെ വിശാല മത്സ്യകൃഷി
2. ഒരു നെല്ലും ഒരു ചെമ്മീൻ പദ്ധതി
3. കൃത്രിമ കുളത്തിലെ മത്സ്യകൃഷി
4. കൂടുകളിൽ ശുദ്ധജല മത്സ്യകൃഷി
5. ഒരു നെല്ലും ഒരു മീനും പദ്ധതി
6. കുളത്തിലെ അർദ്ധ ഊർജ്ജിത കാർപ്പ് മത്സ്യകൃഷി
7. കുളത്തിൽ നാടൻ മത്സ്യങ്ങളുടെ മത്സ്യകൃഷി
8. ജൈവ സുരക്ഷിതമായ കുളത്തിൽ ആസാം വാള കൃഷി
9. ജൈവ സുരക്ഷിതമായ കുളത്തിൽ നൈൽ തിലാപ്പിയ കൃഷി
Share your comments