തൃശ്ശൂർ: കടലിൽ കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിലിനിടയിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് പോയി എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ടും അഞ്ച് മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
കടലില്‍ ആറ് നോട്ടിക്കല്‍ മൈല്‍ അകലെ മുനക്കക്കടവ് വടക്ക് പടിഞ്ഞാറ് ഭാഗത്ത് മലപ്പുറം പൊന്നാനി സ്വദേശി സലാമിന്റെ ഉടമസ്ഥയിലുള്ള സൈനുമോൻ എന്ന ബോട്ടാണ് കടലിൽ കുടുങ്ങിയത്.
മുനക്കകടവ് പടിഞ്ഞാറ് 5 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് എൻജിൻ തകരാറിലായത്. അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് സഹായഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് ഡയറക്ടർ എം.എഫ് പോളിൻ്റെ നിർദ്ദേശത്തെ തുടർന്ന് കടലിൽ കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന ചേറ്റുവ റെസ്സ്ക്യൂ ബോട്ട് ഉടൻ അങ്ങോട്ട് തിരിച്ച് ബോട്ടും അതിലെ അഞ്ച് തൊഴിലാളികളെയും കരയിലെത്തിക്കുകയായിരുന്നു.
മറൈൻ എൻഫോസ്മെൻ്റ് ആൻ്റ് വിജിലൻസ് ഉദ്ദോഗ്യസ്ഥരായ വി.എൻ പ്രശാന്ത്കുമാർ, വി.എൻ ഷൈബു, സീ റെസ്ക്യൂ ഗാർഡുമാരായ ബി.എച്ച് ഷഫീക്ക്, സി.എൻ പ്രമോദ്, പി.എം ബോട്ട് സ്രാങ്ക് റഷീദ്, ഡ്രൈവർ പി.കെ മുഹമ്മദ്, അഷറഫ് പഴങ്ങാടൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകൾ ചേറ്റുവയിലും, അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെൻ്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തൃശ്ശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരി അറിയിച്ചു.
Share your comments