തൃശ്ശൂർ: മുനമ്പം ഹാര്‍ബറില്‍ നിന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയി ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ അഴീക്കോട് വടക്ക് പടിഞ്ഞാറ് വഞ്ചിപ്പുര ഭാഗത്ത് ആഴക്കടലില്‍ എഞ്ചിന്‍ നിലച്ച് കുടുങ്ങിയ മുനമ്പം കൊല്ലം സ്വദേശി കുഞ്ഞിമോന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള അഞ്ജലി എന്ന ബോട്ടും പത്ത് മത്സ്യതൊഴിലാളികളെയുമാണ് കനത്ത മഴയിലും കാറ്റിലും രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്.
പുലര്‍ച്ചെ നാലു മണിയോടുകൂടിയാണ് ബോട്ട് കടലില്‍ കുടുങ്ങിക്കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി എഫ് പോള്‍സന്റെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് വിജിലന്‍സ് വിങ് ഉദ്യേഗസ്ഥരായ ഇ ആര്‍ ഷിനില്‍കുമാര്‍, വി എന്‍ പ്രശാന്ത്കുമാര്‍, വി എം ഷൈബു, റസ്‌ക്യൂ ഗാര്‍ഡായ പ്രസാദ്, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം, എഞ്ചിന്‍ ഡ്രൈവര്‍ ജോണ്‍സണ്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകള്‍ ചേറ്റുവയിലും, അഴീക്കോടും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറെന്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തൃശൂര്‍ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധ കുമാരി അറിയിച്ചു.
Share your comments