തൃശ്ശൂർ: സംസ്ഥാനത്തെ മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷനും, അനുവദിക്കുന്ന റിയൽ ക്രാഫ്റ്റ് ലൈസൻസും സോഫ്റ്റ് വെയറിൽ ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിനായി മത്സ്യവകുപ്പ് മത്സ്യബന്ധന യാനങ്ങളുടെ ഭൗതിക പരിശോധന വഴി വിവരശേഖരണം നടത്തുന്നു.
സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന യന്ത്രവൽകൃത ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും ഭൗതിക പരിശോധന നടത്തി ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന ഇത്തരം യാനങ്ങളുടെ യഥാർത്ഥ എണ്ണം റിപ്പോർട്ട് ചെയ്യുന്നതിനാണ് ഈ യജ്ഞം നടപ്പിലാക്കുന്നത്.
ഭൗതിക പരിശോധന യജ്ഞത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ ജൂൺ 26, 27 തീയതികളിൽ അഴീക്കോട് ഹാർബർ കേന്ദ്രീകരിച്ചും ജൂലൈ 3, 4 തീയതികളിൽ ചേറ്റുവ ഹാർബർ, മുനക്കകടവ് ഫിഷ് ലാൻഡിങ്ങ് സെന്റർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതാണ്. രാവിലെ 9.30 മുതൽ വൈകിട്ട് 3.00 വരെയാണ് പരിശോധന.
ഓരോ സേവന കേന്ദ്രത്തോട് അനുബന്ധിച്ചും ഒരു മത്സ്യബന്ധന യാന സേവന കേന്ദ്രം (കൗണ്ടർ) ഉണ്ടായിരിക്കുന്നതാണ്. ഈ യജ്ഞവുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങൾക്കും, അപേക്ഷ നൽകുന്നതിനും ഈ കേന്ദ്രം സഹായിക്കുന്നതാണ്.
തൃശ്ശൂർ ജില്ലയിലെ ഉടമകളുടെ യാനം അന്യ ജില്ലകളിൽ നിലവിൽ ഉണ്ടെങ്കിൽ, ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർക്ക് മുൻകൂട്ടി അപേക്ഷ നൽകുകയും, അത്തരം യാനങ്ങൾ അതാത് ജില്ലകളിൽ തന്നെ പരിശോധിക്കുന്നതിനായി സൗകര്യം ചെയ്യുന്നതുമാണ്.
കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ യന്ത്രവൽകൃത ബോട്ടുകളും, ഇൻബോർഡ് വള്ളങ്ങളും ഭൗതിക പരിശോധനയ്ക്കായി നിശ്ചിത തീയതിയിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാക്കേണ്ടതാണ്.
ട്രോളിംഗ് നിരോധന നിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് ആയിരിക്കണം ബോട്ടുകൾ ഹാജരാക്കേണ്ടത്. യാതൊരു കാരണവശാലും പരിശോധനയുടെ പേരിൽ യാനം കടലിലൂടെ സഞ്ചരിക്കാൻ പാടുള്ളതല്ല.
നശിച്ചു പോയതോ വിറ്റു പോയതോ ആയ യാനങ്ങളുടെ വിവരങ്ങൾ പരിശോധന കേന്ദ്രങ്ങളിൽ രേഖാമൂലം അറിയിക്കേണ്ടതാണ്.
Share your comments