കുരുമുളകിൻ്റെ ഇറക്കുമതിക്കുള്ള കുറഞ്ഞ വില (എംഐപി) നിശ്ചയിച്ചുകൊണ്ടു കേന്ദ്ര സർക്കാർ ഉത്തരവിറക്കി. കിലോയ്ക്ക് 500 രൂപയാണ് നിരക്ക്.കുരുമുളകിൻ്റെ ആഭ്യന്തര വിപണിക്ക് ഇറക്കുമതി കടുത്ത വെല്ലുവിളിയായിരിക്കുന്ന പശ്ചാത്തലത്തിൽ കർഷകരുടെ താൽപര്യയം പരിഗണിച്ചാണ് നടപടി.എംഐപി ഏർപ്പെടുത്തിയതോടെ ആഭ്യന്തര വിപണിയിലെ വില മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. മറ്റു രാജ്യങ്ങളിൽ നിന്നും കുറഞ്ഞ നിരക്കിലുള്ള കുരുമുളക് ഇറക്കുമതി കർഷകരിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. ഇതുകൊണ്ടു കുരുമുളകിന് ഒരു വർഷത്തിനിടയിൽ ആഭ്യന്തര വിപണിയിലുണ്ടായ വിലയിടിവ് 50 ശതമാനത്തോളമാണ്. കഴിഞ്ഞ വർഷം കിലോയ്ക്ക് 700 രൂപ വിലയുണ്ടായിരുന്ന കുരുമുളക്
ഈ വർഷം 400 രൂപയ്ക്കാണ് വ്യാപാരം നടത്തുന്നത് .
ശ്രീലങ്കയിൽനിന്നുള്ള ഇറക്കുമതിയാണു വിലത്തകർച്ചയ്ക്കുള്ള പ്രധാന കാരണം.ശ്രീലങ്കയിൽ ഉൽപാദിപ്പിക്കുന്നതിലേറെ കുരുമുളക് അവിടെ നിന്ന് ഇന്ത്യയിലെത്തുന്നു. കുറഞ്ഞ തീരുവ മുതലെടുത്തു അവിടെ നിന്നും വൻതോതിലാണ് കുരുമുളക് ഇറക്കുമതി നടത്തുന്നത് വിയറ്റ്നാമിൽനിന്നുള്ള കുരുമുളക് ശ്രീലങ്ക വഴി ഇന്ത്യയിലെത്തുകയാണ്. വിയറ്റ്നാമിൽനിന്നു നേരിട്ട് ഇറക്കുമതി നടത്തിയാൽ കൂടുതൽ തീരുവ നൽകണം .
സർക്കാരിനും ഇത് കോടികളുടെ നഷ്ടമാണ് വരുത്തിവയ്ക്കുന്നത്.കുരുമുളകു വിപണിയെ ദുര്യോഗത്തിൽനിന്നു രക്ഷിക്കണമെന്നഭ്യർഥിച്ച് വ്യാപാരികളുടെയും കർഷകരുടെയും കൂട്ടായ്മയായ ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസ് ട്രേഡേഴ്സ്, ഗ്രോവേഴ്സ് ആൻഡ് പ്ലാന്റേഴ്സ് കൺസോർഷ്യത്തിൻ്റെ കോഓർഡിനേറ്റർ കിഷോർ ഷാംജി കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിന് നിവേദനം നൽകിയിരുന്നു.കുറഞ്ഞ ഇറക്കുമതി വില നിശ്ചയിക്കണമെന്നു സ്‌പൈസസ് ബോർഡ് നിർദേശം നൽകുകയും ചെയ്തു. .ഇത് കേന്ദ്ര വാണിജ്യ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.
Share your comments