തലസ്ഥാനനഗരിക്ക് വർണ വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കുന്ന വസന്തോത്സവം 2019 മേളയ്ക്ക് കനകക്കുന്നിൽ തിരിതെളിഞ്ഞു . വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നടക്കമുള്ള പതിനായിരത്തിലധികം ഇനം പൂക്കളുടെ മഹോത്സവമാകും ജനുവരി 20 വരെ നഗരത്തിൽ നടക്കുക.
തലസ്ഥാനനഗരിക്ക് വർണ വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കുന്ന വസന്തോത്സവം 2019 മേളയ്ക്ക് കനകക്കുന്നിൽ തിരിതെളിഞ്ഞു . വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നടക്കമുള്ള പതിനായിരത്തിലധികം ഇനം പൂക്കളുടെ മഹോത്സവമാകും ജനുവരി 20 വരെ നഗരത്തിൽ നടക്കുക.
സസ്യലോകത്തെ അത്യപൂർവ സുന്ദരക്കാഴ‌്ചയൊരുക്കി ഇത്തവണ കൂടുതൽ പൂക്കളും കൂടുതൽ ചെടികളും വസന്തനഗരിയിൽ ആസ്വാദകരെ കാത്തിരിക്കുന്നു. രുചിയുടെ മേളപ്പെരുക്കവുമായി ഭക്ഷ്യമേളയും വസന്തോത്സവത്തിന് ചാരുതയേകും.
മ്യൂസിയം – മൃഗശാല, കാർഷിക കോളജ്, ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡൻ, വിക്രം സാരാഭായ് സ്‌പേസ് സെന്റർ തുടങ്ങി 12 ഓളം സ്ഥാപനങ്ങളും പത്തോളം നഴ്‌സറികളും വ്യക്തികളും വസന്തോത്സവത്തിൽ സ്റ്റാളുകൾ ഒരുക്കുന്നുണ്ട് .സംസ്ഥാന വനം –- വന്യജീവി വകുപ്പ് ഒരുക്കുന്ന വനക്കാഴ്ച, ഹോർട്ടികോർപ്പിന്റെ തേൻകൂട്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കുന്ന ജലസസ്യ പ്രദർശനം, കാവുകളുടെ നേർക്കാഴ്ച തുടങ്ങിയവയും മേളയിലുണ്ട്. ജൈവവളങ്ങൾ, വിവിധ കാർഷിക ഉപകരണങ്ങൾ, അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ തുടങ്ങിയവ കൃഷിവകുപ്പിന്റെ സ്റ്റാളിൽനിന്ന‌് വാങ്ങാം.
കിർത്താഡ്‌സ്, ഐടിഡിപി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പാരമ്പര്യ ദ്രാവിഡ വംശീയ ചികിത്സാ കേന്ദ്രവും മേളയുടെ ശ്രദ്ധേയ കേന്ദ്രമാണ്. നാല് പാരമ്പര്യവൈദ്യന്മാർ മേള അവസാനിക്കുന്ന 20 വരെ ചികിത്സ നൽകും. നിബിഡവനത്തിന്റെ വന്യ പ്രതീതി സൃഷ്ടിച്ചുള്ള വനംവകുപ്പിന്റെ സ്റ്റാളുമുണ്ട‌്. ആന, കാട്ടുപോത്ത്, മാൻ, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ജീവസ്സുറ്റ രൂപങ്ങൾകൊണ്ട‌് വിസ്മയം തീർക്കുകയാണ് വസന്തോത്സവത്തിലെ വനം വകുപ്പ് സ്റ്റാൾ.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള സിംപീഡിയം ചെടികളുടെ ശേഖരം, ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കുന്ന വനക്കാഴ്ചകൾ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ തയാറാക്കുന്ന ജലസസ്യങ്ങൾ, ടെറേറിയം എന്നിവയുടെ അപൂർവ കാഴ്ചകൾ,കാർഷികോത്പന്നങ്ങളുടെ വലിയ നിരയൊരുക്കുന്ന കൃഷി വകുപ്പ് സ്റ്റാളുകൾ എന്നിവ ഇത്തവണത്തെ വസന്തോത്സവത്തിന്റെ സവിശേഷതകളാണ്.
വിവിധതരം ജ്യൂസുകൾ, മധുര പലഹാരങ്ങൾ, ഉത്തരേന്ത്യൻ വിഭവങ്ങൾ, ദക്ഷിണേന്ത്യൻ വിഭവങ്ങൾ, മലബാർ, കുട്ടനാടൻ രുചികൾ, കെ.ടി.ഡി.സി. ഒരുക്കുന്ന രാമശേരി ഇഡ്‌ലി മേള എന്നിങ്ങനെയുള്ള ഭക്ഷ്യമേളയും വസന്തോത്സവത്തിനു മാറ്റുകൂട്ടും. സൂര്യകാന്തിയിലാണ് ഭക്ഷ്യമേള നടക്കുന്നത്. സർക്കാർ സ്റ്റാളുകൾക്കു പുറമേ വ്യാപാര സംബന്ധമായ സ്റ്റാളുകളും സർഗാലയയുടെ ക്രാഫ്റ്റ് വില്ലേജിന്റെ പ്രത്യേക സ്റ്റാളും ഉണ്ടാകും.
അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക‌് പ്രവേശനം സൗജന്യമാണ് . അഞ്ചുമുതൽ 12 വരെ പ്രായമുള്ളവർക്ക് 20ഉം 12നുമേൽ പ്രായമുള്ളവർക്ക് 50 രൂപയുമാണ‌് ടിക്കറ്റ് നിരക്ക്. കനകക്കുന്നിന്റെ പ്രവേശനകവാടത്തിനു സമീപം സംസ്ഥാന സഹകരണ ബാങ്കിന്റെ കൗണ്ടറുകളിൽനിന്ന‌് ടിക്കറ്റുകൾ ലഭിക്കും. ബാങ്കിന്റെ നഗരത്തിലെ ഒമ്പത‌് ശാഖ മുഖേനയും ടിക്കറ്റ് ലഭിക്കും.
Share your comments