കോഴിക്കോട്: കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം നിയന്ത്രണ ബിൽ ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന് മൃഗ സംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ ക്ഷീര കർഷക സംഗമം ആവളയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കാലിത്തീറ്റ കഴിച്ച് മരണപ്പെടുന്ന പശുക്കൾക്ക് ഇൻഷൂറൻസ് പരിരക്ഷയില്ലെങ്കിലും പകരം പശുവിനെ ലഭിക്കാൻ ഈ ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. അപകടകരമാകുന്ന രീതിയിലുള്ള കാലിത്തീറ്റ ഉൽപ്പാദിപ്പിക്കുന്ന കമ്പനിക്കാരെ ശിക്ഷിക്കുവാൻ ഈ ബില്ല് വഴി സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി. ജില്ലയിലെ മുതിർന്ന ക്ഷീരകർഷകനെയും മികച്ച ക്ഷീരസംഘത്തെയും മന്ത്രി ആദരിച്ചു.
ജില്ലയിലെ മികച്ച ക്ഷീരകർഷകകൻ, ക്ഷേമനിധി അംഗമായ ജില്ലയിലെ മികച്ച കർഷകൻ, വനിത ക്ഷീരകർഷക , യുവ കർഷകൻ, ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ആപ്കോസ് ക്ഷീരസംഘം, ഏറ്റവും കൂടുതൽ പാൽ സംഭരിച്ച നോൺ ആപ്കോസ് ക്ഷീരസംഘം ,ഏറ്റവും ഗുണനിലവാരമുള്ള പാൽ യൂണിയന് നൽകിയ ക്ഷീരസംഘം , പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം മികച്ച കർഷകൻ, പാൽ സംഭരണ വർദ്ധനവ് നേടിയ ക്ഷീരസംഘം , മികച്ച പുൽകൃഷിത്തോട്ടം, തുടങ്ങിയ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ആപ്കോസ് സംഘത്തിനുള്ള പുരസ്കാരം കൊടുവള്ളി ബ്ലോക്കിലെ കുപ്പായക്കോട് ക്ഷീരസംഘത്തിന് ലഭിച്ചു. നോൺ ആപ്കോസ് ക്ഷീരസംഘത്തിനുള്ള പുരസ്കാരം വടകര ബ്ലോക്കിലെ വെള്ളികുളങ്ങര ക്ഷീരസംഘം നേടി. ജില്ലയിലെ മികച്ച ക്ഷീര കർഷകനായി കൊടുവള്ളി ബ്ലോക്കിലെ ഷക്കില കോയപ്പതൊടിയെയും മികച്ച ക്ഷീരകർഷകയായി ബാലുശ്ശേരി ബ്ലോക്കിലെ കീർത്തിറാണിയെയും മികച്ച യുവകർഷകനായി കൊടുവള്ളി ബ്ലോക്കിലെ പി കെ ജുനൈദിനെയും തെരഞ്ഞെടുത്തു.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ കോഴിക്കോട് ബ്ലോക്കിലെ കെ ലത, കുന്ദമംഗലം ബ്ലോക്കിലെ തുളസിഭായി എന്നിവർ പുരസ്കാരത്തിന് അർഹരായി.
മിൽമ ചെയർമാൻ കെ.എസ് മണി,ക്ഷീരകർഷക ക്ഷേമ നിധി ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ , ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി ഗവാസ്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി ഷിജിത്ത്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചർ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി മോനിഷ, മെമ്പർമാരായ കെ. അജിത, എം എം രഘുനാഥ്, കെ.എം ബിജിഷ, വി.പി പ്രവിത, മിൽമ ഡയറക്ടർമാരായ ഗ്രീനിവാസൻ മാസ്റ്റർ, പി ടി ഗിരീഷ് കുമാർ , ജില്ലാ മൃഗസംരക്ഷണ ഓഫീസർ കെ.ആർ ഗുണതീത, പി പി പ്രദീപ്, കെ.കെ ഭാസ്കരൻ മാസ്റ്റർ, സി.ബാബു, ഡെപ്യൂട്ടി ഡയറക്ടർ കെ എം ജീജ എന്നിവർ സംസാരിച്ചു. ആവള ക്ഷീരസംഘം പ്രസിഡന്റ് കെ. നാരായണക്കുറുപ്പ് സ്വാഗതം പറഞ്ഞു.
Share your comments