1. സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, കന്യാസ്ത്രി മഠങ്ങൾ തുടങ്ങി അംഗീകാരമുള്ള വെൽഫെയർ സ്ഥാപനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ തുടർന്നും അനുവദിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിയമസഭയിൽ അറിയിച്ചു. പി.എസ്. സുപാൽ എം.എൽ.എ അവതിരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാർത്തകൾ: റബ്ബർ കർഷകർക്ക് പ്രതീക്ഷയേകി കേരള റബ്ബർ ലിമിറ്റഡിന് ശിലയിട്ടു പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ നടപടി
വെൽഫെയർ സ്‌കീം പ്രകാരമുള്ള ഭക്ഷ്യ ധാന്യങ്ങൾ കേന്ദ്രത്തിൽ നിന്നും അനുവദിക്കുന്നതുവരെ ടൈഡ് ഓവർ വിഹിതമായി സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങളിൽ നിന്നും ഇത്തരം സ്ഥാപനങ്ങൾക്ക് കഴിഞ്ഞ നാൾ വരെ നൽകിയിരുന്ന തോതിൽ ഈ മാസം മുതൽ ഭക്ഷ്യ ധാന്യങ്ങൾ നൽകും. ടൈഡ് ഓവർ വിഹിതമായി കേന്ദ്ര സർക്കാർ അനുവദിച്ചു വന്നിരുന്ന ഗോതമ്പ് നിർത്തലാക്കിയ സാഹചര്യത്തിൽ പകരമായി അരി നൽകും.
2. വ്യവസായങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് ഏറ്റവും അനുകൂല സാഹചര്യമാണുള്ളതെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിച്ചുള്ള വ്യവസായ നിക്ഷേപം ആകർഷിക്കലാണു കേരളം സ്വീകരിക്കുന്ന നയമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി നിയമസഭാ സാമാജികർക്കായി സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ, പ്രത്യേകിച്ചു മധ്യവരുമാന രാഷ്ട്രങ്ങളിലെ, ജീവിതനിലവാരത്തിന്റെ തോതിലേക്ക് ഉയരാൻ കേരളത്തിനു കഴിയണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെകാലത്തു സംസ്ഥാനത്ത് 69,138 ഇടത്തരം ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 6,448 കോടിയുടെ നിക്ഷേപം അതുവഴി വന്നു. 2,45,369 തൊഴിലുകൾ ഇതുവഴി നൽകാൻ കഴിഞ്ഞു. ഈ സർക്കാർ ഒരു വർഷംകൊണ്ട് 17,855 സംരംഭങ്ങൾ ആരംഭിച്ചു. 1,736 കോടിയുടെ നിക്ഷേപം ഇതിലൂടെയുണ്ടായി. 64,541 തൊഴിലുകൾ സൃഷ്ടിച്ചു.
3. അജയ് ദേവ്ഗൺ ബ്രാൻഡ് അംബാസഡറായ, ഇൻസെക്റ്റിസൈഡ്സ് ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ രാജേഷ് അഗർവാൾ കൃഷി ജാഗരണിന്റെ ഡൽഹിയിലെ ഓഫീസ് സന്ദർശിച്ചു. കൃഷി ജാഗരൺ ചോപ്പലിൽ നടന്ന ചടങ്ങിൽ
കാർഷിക മേഖലയെ കുറിച്ചുള്ള തന്റെ വിദഗ്ധമായ കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവച്ചു.
കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കും, ഡയറക്ടർ ഷൈനി ഡൊമിനിക്കും പരിപാടിയിൽ സാന്നിധ്യമറിയിച്ചു.
4. എറണാകുളം ഏഴിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പാടശേഖരത്തിൽ പൊക്കാളി വിത്തെറിഞ്ഞ് സ്കൂളിലെ കുട്ടികർഷകർ. എറണാകുളം എം.പി ഹൈബി ഈഡൻ വിത്ത് വിതയ്ക്കൽ ഉത്സവം ഉദ്ഘാടനം ചെയ്തു.
പൊക്കാളി നെല്ല് ശേഖരണത്തിന്റെ ഭൂരിഭാഗവും ഉത്പ്പാദിപ്പിച്ചു പോന്നിരുന്ന ഏഴിക്കരയിൽ പൊക്കാളിക്ക് പുനർജ്ജന്മമേകുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി പ്രാവർത്തികമാക്കുന്നതിനായി ഏവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഹൈബി ഈഡൻ പറഞ്ഞു.
5. ആഫ്രിക്കൻ പന്നി പനി ആശങ്ക വേണ്ടെന്നും പ്രതിരോധ നടപടികള്‍ ശക്തമാക്കിയെന്നും മന്ത്രി ജെ.ചിഞ്ചുറാണി. പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ വൈറസ് രോഗമാണ് ആഫ്രിക്കൻ പന്നി പനി അഥവാ ആഫ്രിക്കൻ സൈൻ ഫീവർ. എന്നാൽ മനുഷ്യരിലോ പന്നികളൊഴികെയുള്ള മറ്റു ജന്തുവർഗ്ഗങ്ങളിലോ ഈ രോഗമുണ്ടാകുന്നില്ല. (കടപ്പാട്: മാധ്യമം)
6. എറണാകുളം പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ മുത്തം കുഴിയിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഫലവൃക്ഷ തൈകളും, മറ്റ് കാർഷിക വിളകളും, വിത്തിനങ്ങളും കൃഷിക്ക് അനിയോജ്യ സമയമായ ഞാറ്റുവേല കാലയളവിൽ കർഷകർക്ക് നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നതിനും അതിലൂടെ കാർഷികോല്പാദനം വർദ്ധിപ്പിക്കുന്നതിനും കർഷകരുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിനും വേണ്ടിയാണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്. പന്നിയൂർ 1, കരിമുണ്ട ഇനത്തിൽപെട്ട വേരുപിടിപ്പിച്ച കുരുമുളക് വള്ളികളും, പച്ചക്കറി വിത്തുകളും സൗജന്യമായി വിതരണം ചെയ്തു.
കൃഷിഭവന് സമീപം നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്ജെസ്സി.സാജു ഞാറ്റുവേല ചന്ത ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജെയ്സൺ ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു.
7. എറണാകുളം ജില്ലയിലെ കൃഷി ഭവനുകളിലേക്ക് 180 ദിവസത്തെ ഇന്റേണ്‍ഷിപ്പിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്റേണ്‍ഷിപ്പ് അറ്റ് കൃഷിഭവന്‍ പദ്ധതി പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (അഗ്രിക്കള്‍ച്ചര്‍), ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍, ഓര്‍ഗാനിക് ഫാമിംഗ് ഇന്‍ അഗ്രിക്കള്‍ച്ചര്‍ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. www.keralaagriculture.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രായപരിധി 18 വയസ് മുതല്‍ 41 വരെ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. ഫോണ്‍ : 0484 2422224. മെയില്‍ : paoernakulam@gmail.com.
8. കാസര്‍കോട്: നീലേശ്വരം നഗരസഭയിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. നടപ്പ് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 32 ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് രണ്ട് ജോഡി യൂണിഫോമുകളാണ് വിതരണം ചെയ്തത്. നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ടി.പി. ലത അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. ദാക്ഷായണി, വി. ഗൗരി, പി.സുഭാഷ്, കൗണ്‍സിലര്‍മാരായ കെ.വി.ശശികുമാര്‍, പി. ഭാര്‍ഗവി, സി ഡി എസ് ചെയര്‍ പേഴ്സണ്‍ പി.എം സന്ധ്യ എന്നിവര്‍ സംസാരിച്ചു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി.മോഹനന്‍ സ്വാഗതം പറഞ്ഞു.
8. ശക്തമായ മഴയിലും കാറ്റിലും വയനാട് ജില്ലയില്‍ 102.3 ഹെക്ടറിലെ കൃഷി നശിച്ചു. കൃഷിവകുപ്പിന്റെ ചൊവാഴ്ച വരെയുളള പ്രാഥമിക കണക്കുപ്രകാരം 14.06 കോടിയുടെ നാശനഷ്ടമാണ് കാലവര്‍ഷക്കെടുതിയിലുണ്ടായത്. 1374 കര്‍ഷകര്‍ക്ക് മഴയില്‍ നാശനഷ്ടങ്ങള്‍ നേരിട്ടതായതാണ് പ്രാഥമിക കണക്കുകള്‍. ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടത് വാഴ കര്‍ഷകര്‍ക്കാണ്.
98.06 ഹെക്ടറിലെ 246587 വാഴകളാണ് കനത്ത മഴയിലും കാറ്റിലും നിലംപൊത്തിയത്. 2,07,583 കുലച്ചവാഴകളും 39005 കുലയ്ക്കാത്ത വാഴകളുമാണ് നശിച്ചത്. വാഴ കര്‍ഷകര്‍ക്ക് മാത്രം 14.01 കോടിയുടെ നഷ്ടമുണ്ടായി. തെങ്ങ്, റബ്ബര്‍, അടയ്ക്ക, കാപ്പി, കുരുമുളക്, ഇഞ്ചി, നെല്ല് എന്നീ കാര്‍ഷിക വിളകള്‍ക്കും മഴയിൽ നാശം നേരിട്ടിട്ടുണ്ട്.
9. 2024- 25 സാമ്പത്തിക വര്‍ഷം ജലജീവൻ പദ്ധതി പൂർണമായും പൂർത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ(roshy augustine). ചെറുകിട ജലപദ്ധതികള്‍ക്ക് ആവശ്യമായ ജലസ്രോതസ്സുകള്‍ ഇല്ലാത്ത അവസ്ഥ കൈവരികയാണ്.
അതുകൊണ്ട് സംസ്ഥാന തലത്തിലുള്ള ജനവിതരണപദ്ധതി ആവശ്യമാണ്. ചെറുകിട പദ്ധതികളും ഇതിനോട് കൂട്ടിച്ചേര്‍ക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
10. സംസ്ഥാനത്ത് ഇന്ന് 14 ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 6.45 സെന്റിമീറ്റർ മുതൽ 11.55 സെന്റീമീറ്റർ വരെ മഴ പെയ്യുമെന്നാണു പ്രവചനം. മലയോര മേഖലകളിൽ ശക്തമായ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത ഉണ്ട്. അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിനു സമാനമായ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. വരുന്ന നാലു ദിവസം വ്യാപകവും ഒറ്റപ്പെട്ടതുമായ മഴയ്ക്കു സാധ്യത ഉള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 15 വരെ കേരള തീരങ്ങളിൽ മീൻപിടിത്തത്തിനു പോകാൻ പാടില്ല.
Share your comments