സംസ്ഥാനത്ത് എഫ്.എസ്.എസ്. ആക്ട് പ്രകാരം മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നിർബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ നിയമ പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഭക്ഷ്യ സുരക്ഷാ പരീശീലനം (Fostac) നേടേണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങൾ തുറന്നു കൊടുക്കുമ്പോൾ മറ്റ് ന്യൂനതകൾ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാർ എല്ലാവരും 2 ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം (Fostac) നേടണം.
ശാസ്ത്രീയ പരിശീലനത്തിലൂടെ ഭക്ഷ്യ സുരക്ഷയെപ്പറ്റിയറിയാനും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാനും കഴിയും. മാത്രമല്ല ജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി.
ബന്ധപ്പെട്ട വാർത്തകൾ: World Food Safety Day 2022: അന്നം സംരക്ഷിക്കാം, ജീവൻ നിലനിർത്താം
ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ അടുത്തിടെ അടപ്പിച്ച 35 ഹോട്ടലുകളിലെ ജീവനക്കാർക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഫോസ്റ്റാക് പരിശീലനം നൽകി. ഈ സ്ഥാപനങ്ങളിലെ ഉടമകളും ജീവനക്കാരും ഉൾപ്പെടെ 110 ഓളം പേർ പങ്കെടുത്തു. എഫ്.എസ്.എസ്. നിയമ പ്രകാരം ഷെഡ്യൂൾ നാലിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളെപ്പറ്റി കൃത്യമായ അവബോധം ഉണ്ടാക്കുകയാണ് പരിശീലന ലക്ഷ്യം. സ്ഥാപനം അടച്ചിടാനുള്ള സാഹചര്യവും അത് പരിഹരിക്കാനുള്ള പോംവഴിയും ചർച്ച ചെയ്തു. ജീവനക്കാരുടെ സംശയങ്ങൾക്കും ഉദ്യോഗസ്ഥർ മറുപടി നൽകി.
785 സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീൻ റേറ്റിംഗ് നേടിയിട്ടുണ്ട്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ (137) ഹൈജീൻ റേറ്റിംഗ് നേടിയത്. ഹൈജീൻ സർട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമാക്കുന്നതാണ്. ഇതോടൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉടൻ പുറത്തിറക്കുന്ന മൊബൈൽ ആപ്പിലൂടെയും തൊട്ടടുത്ത് ഹൈജീൻ റേറ്റിംഗുള്ള ഹോട്ടലുകളറിയാൻ സാധിക്കും. ഇതിലൂടെ പ്രദേശത്തെ ഏറ്റവും വൃത്തിയുള്ള സ്ഥാപനങ്ങളേതെന്ന് കണ്ടെത്താൻ കഴിയുന്നതാണ്. കടകൾ വലുതോ ചെറുതോ എന്നതല്ല സുരക്ഷിതമായ ഭക്ഷണവും വൃത്തിയുള്ള സാഹചര്യവുമാണ് പ്രധാനം.
Share your comments