ആലപ്പുഴ: ആലപ്പുഴ നഗരസഭയെ ഭക്ഷ്യസുരക്ഷാ നഗരമായി തിരഞ്ഞെടുത്തതിന്റെ ഭാഗമായി നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
നാളെ (23) രാവിലെ 10 മണിക്ക് ജില്ല റോട്ടറി ക്ലബ്ബ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടി പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ മുഖ്യാതിഥിയാകും.
ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ വൈ.ജെ. സുബി മോൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ എം.പി. സതിദേവി, ആർ. വിനീത, എം. ആർ. പ്രേം, എ. എസ്. കവിത, നസീർ പുന്നക്കൽ, ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ല ഓഫീസർ വി. രാഹുൽ രാജ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പ്രശാന്ത് ബാബു, പാർലമെന്ററി പാർട്ടി നേതാക്കൾ, വാർഡ് കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പരിപാടിയോട് അനുബന്ധിച്ച് അന്നേദിവസം 'ഭക്ഷ്യസുരക്ഷാ നിത്യ ജീവിതത്തിൽ', 'ഫോർട്ടിഫൈഡ് ഭക്ഷണത്തിന്റെ പ്രാധാന്യം നിത്യ ജീവിതത്തിൽ', 'അറേബ്യൻ വിഭാഗങ്ങളും ഭക്ഷ്യസുരക്ഷയും' എന്നീ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിക്കും.
പരിപാടിയുടെ രണ്ടാം ദിവസമായ 24-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് 'ഭക്ഷ്യസുരക്ഷാ നിയമം 2006' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ നഗരസഭ ചെയർപേഴ്സൺ കെ. കെ. ജയമ്മ ഉദ്ഘാടനം ചെയ്യും.
അവസാന ദിവസമായ 26-ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് സംഘടിപ്പിക്കുന്ന സമാപന സമ്മേളനം എ. എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എം.എൽ.എ. മുഖ്യാതിഥി ആകും. തുടർന്ന് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന എന്ന വിഷയത്തിൽ സെമിനാർ നടത്തും.
പരിപാടികളോട് അനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ മേളകൾ, അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ, കുടുംബ്രശീ പ്രവർത്തകർ, റസിഡന്റ് അസോസിയേഷൻ അംഗങ്ങൾ, യൂത്ത് ക്ലബ്ബ് അംഗങ്ങൾ, കച്ചവടക്കാർ എന്നിവർക്കുള്ള ബോധവത്കരണ പരിപാടികൾ, ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിൽ കൂടിയുള്ള ബോധവത്കരണം, ലഘുരേഖാ വിതരണം, പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകൾ തുടങ്ങിയവയും സംഘടിപ്പിക്കും.
Share your comments