 
            ഒരു ജില്ല ഒരു ഉത്പന്നം പദ്ധതി: ഈ വർഷം 108 യൂണിറ്റുകൾ ലക്ഷ്യമിട്ട് വ്യവസായ വകുപ്പ്
സംരംഭകർക്ക് പത്തു ലക്ഷം രൂപ വരെ സഹായം
ഓരോ ജില്ലയിലെയും കാർഷിക ഉത്പന്നങ്ങളിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയിൽ ഈ വർഷം വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത് 108 യൂണിറ്റുകൾ. സംസ്ഥാനത്ത് കൂടുതൽ ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും.
ഇത്തരത്തിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് (entrepreneurs) പദ്ധതി ചെലവിന്റെ 35 ശതമാനം വരെയാണ് സർക്കാർ ധനസഹായം നൽകുക. ഒരു യൂണിറ്റിന് പത്തു ലക്ഷം രൂപ വരെ സഹായം ലഭിക്കും. പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനു പുറമെ നിലവിൽ ഇത്തരം വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ജില്ലാതിരിച്ചുള്ള ഉത്പ്പന്നങ്ങൾ (Product district-wise)
വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിനായി സംസ്ഥാന ബഡ്ജറ്റിൽ 4.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്പന്നങ്ങൾ വ്യവസായ വകുപ്പ് തരംതിരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മരച്ചീനി, കൊല്ലത്ത് മരച്ചീനിയും മറ്റു കിഴങ്ങു വർഗങ്ങളും, പത്തനംതിട്ടയിൽ ചക്ക, ആലപ്പുഴയിലും തൃശൂരിലും നെല്ലുത്പന്നങ്ങൾ, കോട്ടയത്തും എറണാകുളത്തും കൈതച്ചക്ക, ഇടുക്കിയിൽ സുഗന്ധവ്യഞ്ജനങ്ങൾ, പാലക്കാട് ഏത്തക്കായ, മലപ്പുറത്തും കോഴിക്കോടും തേങ്ങയിൽ നിന്നുള്ള ഉത്പന്നങ്ങൾ, വയനാട് പാലും പാലുത്പന്നങ്ങളും കണ്ണൂരിൽ വെളിച്ചെണ്ണ, കാസർകോട് ചിപ്പി എന്നിവയുമായി ബന്ധപ്പെട്ട വ്യവസായ യൂണിറ്റുകളാണ് പദ്ധതി പ്രകാരം ആരംഭിക്കുക.
വ്യവസായ വികസനത്തോടൊപ്പം കാർഷികാഭിവൃദ്ധിയും ഇതിലൂടെ സാധ്യമാകുമെന്നാണ് കരുതുന്നത്. വ്യവസായ യൂണിറ്റുകൾക്ക് ആവശ്യമായ കാർഷികോത്പന്നങ്ങൾ ഉത്പാദിപ്പിക്കാനും മികച്ച വില ലഭിക്കാനും കർഷകർക്ക് അവസരം ലഭിക്കും.
ഒരു യൂണിറ്റ് ആരംഭിക്കാൻ പത്തു മുതൽ 25 ലക്ഷം വരെ രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഒരു യൂണിറ്റിൽ കുറഞ്ഞത് പതിനഞ്ചു പേർക്കെങ്കിലും നേരിട്ടും അല്ലാതെയും തൊഴിൽ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബ്‌ളോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിലുള്ള വ്യവസായ വികസന ഓഫീസർമാരെയാണ് ബന്ധപ്പെടേണ്ടത്.
വ്യവസായ സംരംഭകരെ സഹായിക്കുന്നതിന് എല്ലാ കേന്ദ്രങ്ങളിലും ഹാൻഡ് ഹോൾഡിംഗ് സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സംരംഭകരുടെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് സംസ്ഥാന, ജില്ല തലങ്ങളിൽ സംവിധാനം ഏർപ്പെടുത്തും. ഇതോടൊപ്പം താലൂക്ക് തല ഓഫീസുകൾ ശക്തിപ്പെടുത്തുകയും ഓൺലൈൻ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യും. ഇക്കാര്യങ്ങൾ സംബന്ധിച്ച് വ്യവസായ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ യോഗം നടന്നു.
വ്യവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
https://www.facebook.com/519971028015001/posts/4413968235281908/
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments