<
  1. News

വാഗ്ഭടാനന്ദ ഗുരു മലബാറിലെ ഏക ആത്മീയ വിപ്ലവകാരി !

കാലഘട്ടങ്ങളേയും ചരിത്രത്തേയും പ്രതിനിധാനം ചെയ്തതുകൊണ്ട്‌ വ്യക്തികൾ വളർന്ന്  പ്രസ്ഥാനങ്ങളായി  പരിണമിക്കാറുണ്ട് . പ്രസ്ഥാനവൽക്കരിക്കപ്പെട്ട വിപ്ലവ കാരിയായ ദാർശനിക പ്രതിഭ ,അഥവാ  ആത്മീയ നവോത്ഥാന നായക നായിരുന്നു വാഗ്ഭടാനന്ദ ഗുരുദേവ്  . വാഗ്ഭടാനന്ദ ഗുരുവിൻറെ നൂറ്റിമുപ്പത്തിയാറാം ജന്‍മദിനം ഇന്ന് ഏപ്രിൽ 27 ന് . തിറകളുടെയും തറികളുടെ യും  നാടായ കണ്ണൂർ ജില്ലയിലെ പാട്യം എന്ന ഉൾനാടൻ ഗ്രാമത്തിലെ വയലേരി തറവാട്ടിൽ കോരൻ ഗുരുക്കളുടെയും ചീരു അമ്മയുടെയും മൂത്ത മകനായി നൂറ്റിമുപ്പത്തിയാറു വർഷങ്ങൾക്കു മുൻപ് ജനിച്ച വയലേരി

Arun T
s
- ദിവാകരൻ ചോമ്പാല

കാലഘട്ടങ്ങളേയും ചരിത്രത്തേയും പ്രതിനിധാനം ചെയ്തതുകൊണ്ട്‌ വ്യക്തികൾ വളർന്ന്  പ്രസ്ഥാനങ്ങളായി  പരിണമിക്കാറുണ്ട് .
പ്രസ്ഥാനവൽക്കരിക്കപ്പെട്ട വിപ്ലവ കാരിയായ ദാർശനിക പ്രതിഭ ,അഥവാ  ആത്മീയ നവോത്ഥാന നായക നായിരുന്നു വാഗ്ഭടാനന്ദ ഗുരുദേവ്  .
വാഗ്ഭടാനന്ദ ഗുരുവിൻറെ നൂറ്റിമുപ്പത്തിയാറാം ജന്‍മദിനം ഇന്ന് ഏപ്രിൽ 27 ന് .
തിറകളുടെയും തറികളുടെ യും  നാടായ കണ്ണൂർ ജില്ലയിലെ പാട്യം എന്ന ഉൾനാടൻ ഗ്രാമത്തിലെ വയലേരി തറവാട്ടിൽ കോരൻ ഗുരുക്കളുടെയും ചീരു അമ്മയുടെയും മൂത്ത മകനായി നൂറ്റിമുപ്പത്തിയാറു വർഷങ്ങൾക്കു മുൻപ് ജനിച്ച വയലേരി കുഞ്ഞിക്കണ്ണൻ  സ്വാമി ബ്രഹ്മാനന്ദ ശിവയോഗിയുമായുള്ള കൂടിക്കാഴ്ചയിലൂടെ വാഗ്ഭടാനന്ദ ഗുരു ആയി രൂപാന്തരം പ്രാപിച്ചതിൻറെ ചരിത്ര വഴികളിലൂടെ ഒരോട്ട പ്രദക്ഷിണം !.
 ജാതിവ്യവസ്ഥകൾക്കും  വിഗ്രഹാരാധനക്കുമെതിരെ , മതാന്ധത,അനാചാരങ്ങൾ തുടങ്ങിയ അന്യായങ്ങൾക്കെതിരെ സന്ധിയില്ലാ നിലപാടുകളുമായാണ് അദ്ദേഹം രംഗത്തെത്തിയത്‌ .
 ഈശ്വര വിശ്വാസവും ആത്മീയതയും ഇഴ ചേർത്ത് നെയ്തെടുത്ത വേറിട്ട ആധ്യാത്മിക സംസ്‌കാരത്തിൽ അടിയുറച്ച്  നിന്നു കൊണ്ടുള്ള പ്രവർത്തനരീതി .
ആചാര മലിന മായ മതാഭാസങ്ങളുടെ അഴുക്കുചാൽ ശുദ്ധീകരിക്കാൻ വാഗ്ഭടാനന്ദ ഗുരു രൂപകൽപ്പന നിർവ്വഹിച്ച മഹാപ്രസ്ഥാനമാണ് കാരക്കാട് ആസ്ഥാനമായി സ്ഥാപിച്ച ആത്മവിദ്യാസംഘം .

 ''ആരാധ്യനായ ദൈവം ഏകമാണ് .അവന്  അമ്പലങ്ങളില്ല ,പള്ളികളില്ല .മനുഷ്യഹൃദയങ്ങളിലാണ് ''
"ഉണരുവിൻ അഖിലേശനെ സ്‌മരിപ്പിൻ , ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിര്‍പ്പിന്‍''.-


കാവി വസ്ത്രത്തിന് പകരം ഖദർ വസ്ത്രമണിഞ്ഞ മലബാറിലെ ഏക ആത്മീയ വിപ്ലവകാരിയുടെ ആവേശോജ്വലമായ ആഹ്വാനം അങ്ങിനെ .

ആത്മവിദ്യാസംഘം മത നവീകരണ പ്രസ്ഥാനമായാണ്  ശുഭാരംഭം കുറിച്ചതെങ്കിലും പിൽക്കാലത്ത് ബൗദ്ധിക മതനിരപേക്ഷ പ്രസ്ഥാനമായി പരിണമിക്കുകയാണുണ്ടായത് .
 ആത്മവിദ്യാസംഘത്തിൻറെ ജീവാത്മാവും പരമാത്മാവുമായി മാറിയ വാഗ്ഭടാനന്ദ ഗുരുവിൻറെ  പ്രവർത്തനങ്ങൾക്ക് നാദാപുരം റോഡ് അഥവാ കാരക്കാട് എന്ന ഗ്രാമം  നല്ല വളക്കൂറുള്ള മണ്ണായിരുന്നു.

ജ്ഞാന സംവാദങ്ങളിലൂടെ ,കർമ്മപദ്ധതികളിലൂടെ ദുരാചാര രഹിതമായ  ഒരു നവലോകം കെട്ടിപ്പടുക്കാൻ മുന്നിട്ടിറങ്ങിയ ഈ നവോത്ഥാന നായകന്  അക്കാലത്തെ നാടുവാഴിജന്മിത്വ വർഗ്ഗം കടുത്ത ഭീഷണിയായിരുന്നു .
വാഗ്ഭടാനാന്ദൻ പ്രസംഗിക്കുന്ന ഇടങ്ങളിൽ അംഗരക്ഷകനെപ്പോലെ പിന്തുടർന്നിരുന്ന സഹോദരൻ ചാത്തുക്കുട്ടിയെ യാഥാസ്ഥിക സമൂഹത്തിൻറെ  കയ്യാളന്മാർ കെട്ടിയിട്ട്  മർദ്ധിച്ചവശനാക്കി  .മർദ്ദനഫലമായി ഏതാനും ദിവസങ്ങൾക്കുള്ളിൽ ചാത്തുക്കുട്ടി മരണപ്പെടുകയാണുണ്ടായത് .
.കാരക്കാട്, ചോമ്പാല , വടകര, പുതുപ്പണം, ഇരിങ്ങല്‍, കക്കട്ട്, വട്ടോളി, വെള്ളികുളങ്ങര,  മുതലായ നിരവധി സ്ഥലങ്ങളില്‍ വാഗ്ഭടാന ന്റെ പ്രവര്‍ത്തനം വളരെപ്പെട്ടെന്നാണ് വേരുപിടിച്ചത് .
തെക്കൻ തിരുവിതാംകൂറിലെ വാഗ്ഭടാനന്ദൻറെ ആദ്യപ്രസംഗത്തിൽ അദ്ധ്യക്ഷ പദവി അലങ്കരിച്ചതാവട്ടെ  മഹാകവി കുമാരനാശാൻ .
അസാമാന്യമായ ബുദ്ധി ശക്തിയും , സ്‌മൃതി വൈഭവവും ജന്മ നിയോഗം പോലെ ലഭിച്ച ആസാധരണ ബാല നായിരുന്നു കുഞ്ഞിക്കണ്ണൻ.
 മഹാ പണ്ഡിതനും സംസ്‌കൃത വിശാരദനും ഉൽപ്പതിഷ്ണുവും കവിയുമായ  പിതാവ് കോരൻ ഗുരുക്കളിൽനിന്നും നന്നേ ചെറുപ്പത്തിൽത്തന്നെ അമരം രൂപം കാവ്യം തുടങ്ങിയവകൾക്കൊപ്പം സംസ്‌കൃതത്തിൽ കാവ്യ നാടകാദികൾ കുഞ്ഞിക്കണ്ണൻ  ഹൃദിസ്ഥമാക്കി .

വിത്തിൽ വൃക്ഷമൊളിച്ചിരിക്കുന്നു എന്നപോലെയായിരുന്നു പിന്നീട് അദ്ദേഹത്തിൻറെ വളർച്ചയും ഉയർച്ചയും പ്രവർത്തനരീതിയും ഒപ്പം പ്രശസ്‌തിയും !
മികച്ച പ്രഭാഷകൻ ,ചിന്തകൻ ,കവി  ,എഴുത്തുകാരൻ  തുടങ്ങി നിരവധി തലങ്ങളിലൂടെ കടന്നു പോകുമ്പോഴും തർക്കശാസ്ത്രത്തിലും വ്യാകരണ ശാസ്ത്രത്തിലും വരെ അറിവ് നേടാനും അദ്ദേഹം സമയം കണ്ടെത്തി .
''തുല്യത ,പ്രബുദ്ധത ,വിദ്യാഭ്യാസം '' - വാഗ്ഭടാനന്ദ ഗുരുവിൻറെ  പ്രഭാഷണങ്ങളിൽ കൂടുതലായും അദ്ദേഹം ആവർത്തിച്ചിരുന്ന ചില വാക്കുകൾ അങ്ങിനെ .
വിഗ്രഹാരാധനെയെ  വിമർശിക്കുന്നതോടൊപ്പം ബഹു ദൈവ വിശ്വാസത്തെ അതിശക്തമായ തോതിൽ എതിർത്തുകൊണ്ടിരുന്ന അദ്ദേഹത്തെ അക്കാലത്തെ യാഥാസ്ഥിക സമൂഹം വിഗ്രഹഭഞ്ജകൻ  എന്നുവരെ മുദ്ര കുത്തി ആക്ഷേപിച്ചു, അപമാനിച്ചു .ദ്രോഹിച്ചു .
പെരളശ്ശേരിക്ഷേത്രത്തിലെ ആൽത്തറയിലിരുന്ന സവർണ്ണ മാടമ്പികളുടെ നേർക്ക്  ആദർശധീരതയോടെ വിരൽ ചൂണ്ടി വെല്ലുവിളിക്കുമ്പോൾ വയലേരി കുഞ്ഞിക്കണ്ണന് മീശമുളക്കുന്ന പ്രായം . വയസ്സ് 16 .
 

1910 ൽ മയ്യഴി യിലെ പുത്തലത്ത് ക്ഷേത്രത്തിലെ കുട്ടിച്ചാത്തൻ തിറ നടക്കുന്ന കൽത്തറയിൽ കയറി നിന്ന്   കുട്ടിച്ചാത്തൻ എന്ന ദൈവസങ്കലപ്പത്തെ അടിമുടി വിമർശിച്ചുകൊണ്ട് ആവേശോജ്വലമായ തോതിൽ നടത്തിയ പ്രസംഗം കറപ്പയിൽ കണാരൻ മാസ്റ്റർ , കുന്നോത്ത് കുഞ്ഞേക്കു ഗുരുക്കൾ തുടങ്ങിയ ഉശിരും വകതിരിവുമുള്ള ചെറുപ്പക്കാരെ വല്ലാതെ ആകർഷിച്ചു .

ഇവർ രണ്ടുപേരും ചേർന്ന് വാഗ്‌ഭടാനന്ദഗുരുവിനെ നിർബ്ബന്ധപൂർവ്വം  ഒഞ്ചിയം വില്ലേജിലെ കാരക്കാട്ട് പ്രസംഗത്തിന് ക്ഷണിക്കുകയാണുണ്ടായത് .
ആദ്യമായി ഗുരു കാരക്കാട്ടെത്തിയതുമങ്ങിനെ .തുടർന്ന് വാഗ്ഭടാനന്ദ ഗുരു കാരക്കാട്ട് നടത്തിയ  ജ്ഞാനസദസ്സുകളും പ്രസംഗ പരമ്പരകളുമായിരുന്നു കാരക്കാട്ട് സ്ഥാപിച്ച ആത്മവിദ്യാസംഘത്തിൻറെ പിറവി യുടെ കേന്ദ്രബിന്ദു.
ഏകദേശം അറുപത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് ആയുർവേദ വൈദ്യനായ  എൻറെ  അച്ഛന്റെ കൂടെ  കറപ്പയിൽ കണാരൻ മാസ്റ്ററുടെ വീട്ടിൽ പോയതും കുട്ടിയായ എനിക്ക്  വാഗ്ഭടാനന്ദ ഗുരുവിന്റെ പുസ്തകം അദ്ദേഹം സമ്മാനിച്ച തും എൻറെ ഓർമ്മയിലുണ്ട് . ആ പുസ്‌തകത്തിൻറെ  ആദ്യ പേജിലെ പ്രാത്ഥനാശ്ലോകം അച്ഛനെന്നെ പഠിപ്പിക്കുക യും ചെയ്തിരുന്നു .

ആരാധ്യനായ ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനുമായുള്ള ആദ്യ സമാഗമം 1914 ൽ .ശ്രീനാരായണഗുരുവിനോടുള്ള തികഞ്ഞ ആദരവും ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ പരസ്പരം ആശയ വൈരുധ്യങ്ങളിലുണ്ടായ അഭിപ്രായ ഭിന്നത കളെ മറയില്ലാതെ തുറന്നുകാട്ടാനും വാഗ്ഭടാനന്ദൻ അറച്ചുനിന്നില്ല .
അതേസമയം വാഗ്ഭടാനന്ദൻറെ ആശയങ്ങളെ  ശ്രീനാരായണഗുരു സഹർഷം സ്വാഗതം ചെയ്യുകയുയുമാണുണ്ടായത് .
അദ്വൈതം ,രാജയോഗം തുടങ്ങിയ  വിഷയങ്ങളെ ആധാരമാക്കി  ശ്രീനാരായണ ഗുരുവിൻറെ നിറസാന്നിധ്യത്തിൽ വാഗ്ഭടാനന്ദൻ നടത്തിയ പ്രഭാഷണം  കാറ്റ് കൊടുങ്കാറ്റായി മാറി എന്ന നിലയിൽ !.
രണ്ടരമണിക്കൂർ സമയം നീണ്ടതായിരുന്നു ഈ പ്രഭാഷണം  . ശിവയോഗവിലാസം എന്ന മാസിക ഇത് വ്യക്തമാക്കുന്നു .


എറ്റും  മാറ്റും

സ്ത്രീയുടെ പ്രത്യുൽപ്പാധന ധർമ്മവുമായി ബന്ധപ്പെട്ട ശരീര ശാസ്ത്രപരമായ പ്രക്രിയ മാത്രമാണ് ആർത്തവം (Menstruation ).എന്നാൽ   ആർത്തവത്തിന് അശുദ്ധി യുടെ നിറം കലർത്തി 'ഏറ്റും മാറ്റും '  നടപ്പിലാക്കിയ തികച്ചും പ്രാകൃതവും നിന്ദ്യവുമായ ഒരു ഇരുണ്ട കാലഘട്ടത്തിലൂടെയായിരുന്നു നമുക്ക് മുമ്പേ യുള്ള നമ്മുടെ വേണ്ടപ്പെട്ടവർ പലരും കടന്നുപോയത് .
പുലയും അശുദ്ധി യും കേവലം ഒരു തേച്ചുകുളികൊണ്ട് ശുദ്ധമാക്കാമെങ്കിലും ആർത്തവാശുദ്ധി അതീവഗൗരവമായിരുന്നു അക്കാലത്ത് .
ആർത്തവകാലത്ത് പെൺകുട്ടികൾ ,സ്ത്രീകൾ പ്രത്യേകം തയ്യാറാക്കിയ മറപ്പുരയിൽ കഴിയണം .ഋതുമതിയായ പെൺകുട്ടിയെയും വീട്ടുകാരെയും കാവുതീയൻ നാലാം ദിവസം വന്ന്  കറുകപ്പുല്ല്  ഉപയോഗിച്ച്  ഇളനീർ വെള്ള മോ ,മോരിൻ  വെള്ള മോ മുക്കിക്കുടയും .
അഥവാ തളിക്കും .
അത്യന്തം പ്രാചീനവും അരോചകവും മ്ലേച്ഛവുമായ  ഈ ദുരാചാരത്തിൻറെ  പേരാണ് ''ഏറ്റ് ''.

തുടർന്ന് അലക്കി ശുദ്ധമാക്കിയ ഉടുവസ്ത്രം വണ്ണാത്തിയുടെ കൈയ്യിൽ നിന്നും സ്വീകരിച്ച്  മാറിയുടുത്തു  വേണം ആർത്തവാശുദ്ധിയിൽ നിന്നും സ്ത്രീ മോചനം നേടാൻ .
''മാറ്റ്‌ '' എന്ന പേരിലാണ് അക്കാലത്ത്  ഈചടങ്  അറിയപ്പെട്ടിരുന്നത് .
''ഏറ്റും മാറ്റും ''  തുടങ്ങിയ ജാതിവ്യവസ്ഥകൾ കൃത്യമായി പാലിക്കാത്തവർക്ക്  അധവാ ലംഘിക്കുന്നവർക്കുള്ള കടുത്ത നടപടി ഏറ്റും മാറ്റും നിഷേധിക്കുക എന്ന് തന്നെ .
എറ്റും മാറ്റും നിഷേധിക്കപ്പെട്ട അവസ്ഥയിലുള്ള കുടുംബക്കാരുമായി വിവാഹബന്ധത്തിന് പോലും വിലക്കേർപ്പെടുത്തിയിരുന്നു .
 പ്രകൃതവും നിന്ദ്യവുമായ ദുരാചാരങ്ങളെ സമൂഹത്തിൽ നിന്നും തുടച്ചുമാറ്റാൻ വാഗ്ഭടാനന്ദൻ എന്ന നവോത്ഥാന നായകൻ കാണിച്ച ഉശിരും ഉണർവ്വും  പോരാട്ടവീര്യവുമാണ് പിൽക്കാലത്ത് വടക്കേ മലബാറിൽ ഏറ്റും മാറ്റും ഇല്ലാതാക്കിയത് !
ആ കാലഘട്ടങ്ങളിൽ സ്ത്രീകൾക്ക് മാറിടം പൂർണ്ണമായും മറച്ചു കൊണ്ട് ബ്ലൗസ് ധരിക്കാൻ അനുവാദവും അവകാശവും ഇല്ലായിരുന്നു .
അത്യാവശ്യ ഘട്ടങ്ങളിൽ ഒരു തോർത്ത് മുണ്ടു കൊണ്ട് മാറിടം മറക്കാം. അത്രതന്നെ .
അതെ സമയം യാത്രയിൽ എവിടെ വെച്ചെങ്കിലും സവർണ്ണ സന്തതികളിൽ പെട്ടവരെ കാണുകയാണെങ്കിൽ മാറ് മറക്കാനുപയോഗിച്ച തോർത്ത് മുണ്ടെടുത്ത് കൈത്തണ്ടയിലിട്ട് വണക്കത്തോടെ നിൽക്കണമെന്നതായിരുന്നു അന്നത്തെ ആചാരം .
 വടക്കൻ പാട്ടുകാരൻറെ ഭാഷയിൽ പറഞ്ഞാൽ - '' ആചാരത്തോടെ അടക്കത്തോടെ ''.

താണജാതിയിൽ പെട്ട സ്ത്രീകളുടെ മുലകളുടെ വലിപ്പവും മുഴുപ്പും കണക്കാക്കി അന്നത്തെ  നാട്ടുരാജാക്കന്മാർ മുലക്കരവും തലക്കരവും ചുമത്തിയ ഒരു കാലം കേരളത്തിലുണ്ടായിരുന്നു .മുലക്കരമടക്കാനില്ലാത്ത പാവങ്ങളായ സ്ത്രീകൾ  മൂല മറക്കാതെ നടന്നു .
മുലക്കരമടക്കാൻ കാശില്ലാതെ സ്വന്തം  മുല അറുത്തെറിഞ്ഞുകൊണ്ട് പ്രതിഷേധിച്ച  ചേർത്തലക്കടുത്തുള്ള നങ്ങേലി എന്ന ഈഴവ സ്ത്രീയെ മറക്കാൻ കേരളജനതക്കാവുമോ ?
ഒപ്പം തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ ലഹള യും വിസ്‌മരിക്കാനാവുമോ ?  
മുലയറുത്തെറിഞ്ഞ നങ്ങേലി പിന്നീട്  ചോര വാർന്ന് മരിക്കുകയാണുണ്ടായത്  .

ഈ അവസ്ഥക്ക് വടക്കേ മലബാറിൽ മാറ്റമുണ്ടാക്കിയത് വാഗ്ഭടാനന്ദ ഗുരുവും അനുയായികളുമാണെന്ന് അടിവരയിട്ട് പറയുന്നതാവട്ടെ വടക്കേ മലബാറുകാരുടെ സ്വകാര്യ അഹങ്കാരം !
കാരക്കാട്ടെ പാലേരി കേളപ്പൻ എന്ന ആത്മവിദ്യാ സംഘം മെമ്പറുടെ വിവാഹം അതിനൊരു തുടക്കമായിരുന്നു .
ഇരിങ്ങണ്ണൂരിലെ ഒണക്കൻ വൈദ്യരുടെ മകളായിരുന്നു ബ്ലൗസ് ധരിച്ചു കൊണ്ട് വിവാഹവേഷത്തിൽ കേളപ്പൻറെ  മുന്നിലെത്തിയ നവ വധു  .  
മാറ്റത്തിൻറെ ശംഖൊലി യുമായി  കാരക്കാട് ആത്മവിദ്യാസംഘത്തിൻറെ കൂട്ടായ്‌മയിൽ നടന്ന ഈ വിവാഹത്തിൽ പങ്കെടുത്ത തീയ്യ സ്ത്രീകളിൽ പലരും  ബ്ലൗസ് ധരിച്ചു കൊണ്ട്  ഓലക്കുട ചൂടിയ നിലയിൽ
 ചരിത്രസ്‌മൃതികൾ ഉണർത്തുന്ന ഈ വിവാഹം വാഗ്ഭടാനന്ദ ഗുരുവിൻറെ മുന്നൊരുക്കവും ആഹ്വാനമനുസരിച്ചുമായിരുന്നു അന്ന് നടന്നത് .
വടക്കേ മലബാറിലെ തീയ്യ സ്ത്രീകൾ ബ്ലൗസ് ധരിച്ചു തുടങ്ങിയതും അന്നുമുതൽ !.
കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാനും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സമൂഹത്തിൽനിന്നും തൂത്തുവാരാനും  കച്ചകെട്ടിയിറങ്ങിയ പുരോഗമന ചിന്താഗതിക്കാരായ കാരക്കാട്ടെ ആത്മവിദ്യാസംഘം പ്രവർത്തകരെ എതിർക്കാനും ചോദ്യം ചെയ്യാനുമുള്ള ആത്മ ധൈര്യവും നട്ടെല്ലുറപ്പും അന്നത്തെ നാടുവാഴി തമ്പുരാക്കന്മാക്ക് ഇല്ലാതെ പോയതുകൊണ്ടുതന്നെയാവാം ഈ പ്രശ്നത്തിൻറെപേരിൽ അവർ  പുറം തിരിഞ്ഞു നിൽക്കാൻ നിർബ്ബന്ധിതരായത്  .
 ക്ഷേത്രകേന്ദ്രീകൃതമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അക്കാലത്ത് വളമിട്ടു വളർത്തിയതാവട്ടെ  അന്നത്തെ  ജന്മിനാടുവാഴികൾ ,കോവിലകം തമ്പുരാക്കന്മാർ .
നിരക്ഷരരും ശുദ്ധാത്മാക്കളുമായ സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ അറിവില്ലായ്‌മയെ മുതലെടുക്കാൻ  ബ്രാഹ്മണ പൗരോഹിത്വത്തിനും ഏറെ പങ്കില്ലാതല്ല .
വാഗ്ഭടാനന്ദ ഗുരുവിനോടും ആത്മവിദ്യാസംഘം പ്രവർത്തകരോടും  അന്നത്തെ സവർണ്ണ ജന്മി ഭൂപ്രഭുത്വത്തിനുള്ള പ്രതികാരം ഏറെ വലുതായിരുന്നു .

കുടിവെള്ളം മുടക്കൽ ,തൊഴിൽ  ,വിവാഹം ,വിദ്യാഭ്യാസം തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട ഒട്ടുമുക്കാൽ തലങ്ങളിലും വിലക്കുകളും പ്രതിരോധവും തീർത്തുകൊണ്ട് ആത്മവിദ്യാസംഘം പ്രവർത്തകരോട് അന്നത്തെ ജന്മി വർഗ്ഗം അതി ക്രൂരമായി പകരം വീ ട്ടാനൊരുങ്ങി. ഒരുതരം പുകച്ചുചാടിക്കൽ .
എന്തിനേറെ പറയുന്നു മുടി മുറിക്കാനും മുഖം ക്ഷൗരം ചെയ്യാനും വരെ  വഴിയില്ലാതാക്കി.
കാവുതിയന്മാരെ വിലക്കി.
സംഘാംഗങ്ങളെ  സമുദായ ഭ്രഷ്ട് കൽപ്പിച്ച്  ഒറ്റപ്പെടുത്താനും മടിച്ചില്ല .
എന്നാൽ കാരക്കാട്ടെ ആത്മവിദ്യാസംഘം പ്രവർത്തകർ മുന്നോട്ട് വെച്ച കാൽ മുന്നോട്ടല്ലാതെ പിന്നോട്ടെടുത്തില്ല .
നമ്പൂതിരിമാർ തുടങ്ങി ഹരിജൻ കുടുംബങ്ങൾ വരെ ഒരേ പന്തിയിൽ ഇരുന്നുകൊണ്ട് നടന്ന മിശ്രഭോജന പരിപാടി കാരക്കാട്ടെ ആത്മവിദ്യാസംഘത്തിൻറെ യശസ്സുയർത്തി !.
1933 ലായിരുന്ന  കാരക്കാട്ടെ മിശ്ര ഭോജനം .

ഏകദൈവവിശ്വാസ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ട് വിഗ്രഹാരാധന യുടെ നിരർത്ഥകത സാമാന്യ ജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്നതിനായി 'പ്രതിമോച്ചാടനം ' എന്നപേരിൽ.പ്രതീകാത്മക മായ ചില സാംസ്കാരിക പരിപാടിയും ഒപ്പം  വിപുലവും അംഗബലമുള്ളതുമായ ഘോഷ യാത്രയും ആത്മവിദ്യാസംഘത്തിൻറെ  നേതൃത്വത്തിൽ കാരക്കാട്ട് നടക്കുകയുണ്ടായി .

ആത്മവിദ്യാസംഘം പ്രവർത്തനത്തിൽ ഏർപ്പെട്ടവരുടെ കുട്ടികളുടെ  വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടായിരുന്നു മറുപക്ഷത്തിൻ്റെ  പകരം വീട്ടൽ.
വാഗ്ഭടാനന്ദ ഗുരുവിൻറെ അനുയായികളായ സംഘത്തിൽ ചേർന്നവർക്ക് അന്നത്തെ ജന്മിമാർ ഭൂമി നിഷേധിച്ചു .
ജാതീയ മായ അടിച്ചമർത്തലുകൾ ,ഒറ്റപ്പെടുത്തൽ ,പട്ടിണിക്കിടൽ എല്ലാ മെല്ലാം  നേരിടേണ്ടി വന്നു. ,
 ചെറുത്തുനിൽപ്പിൻറെ ഭാഗമായി വിദ്യാഭ്യാസം നിഷേധിച്ച പാവപ്പെട്ടവരുടെ മക്കൾക്ക് വിദ്യാഭ്യാസം നടത്താൻ വാഗ്ഭടാനന്ദൻ്റെ നേതൃത്വത്തിൽ ആത്മവിദ്യാസംഘം എൽ പി സ്‌കൂൾ 1924 ൽ കാരക്കാട്ട് തുടങ്ങി.
 സ്‌കൂളിനും സംഘം ഓഫീസിനും ആവശ്യമായ ഭൂമി അനുവദിച്ചതാവട്ടെ  കാരക്കാട്ടെ അക്കാലത്തെ പ്രമുഖ തറവാട്ടുകാരായ പാലേരി കുടുംബക്കാർ .
ചന്തമ്മൻ ,കുഞ്ഞിരാമൻ ,ഗോവിന്ദൻ തുടങ്ങിയ ഒരു കൂട്ടം പ്രതാപശാലികളും  പ്രമുഖരുമായിരുന്നു പാലേരി തറവാടിൻറെ അന്നത്തെ  കാരണവന്മാർ .
വാഗ്ഭടാനന്ദ ഗുരുവിന് കാരക്കാട്ട് വളക്കൂറുള്ള മണ്ണൊരുക്കാൻ കറപ്പയിൽ കണാരൻ മാസ്റ്റർ , കുന്നോത്ത് കുഞ്ഞേക്കു ഗുരുക്കൾ തുടങ്ങിയവർക്കൊപ്പം ആദ്യമായി മുൻ നിരയിൽ നിന്നതും ഇവരൊക്കെത്തന്നെ .പിൽക്കാലത്ത് പ്രമുഖരായ കാരക്കാട്ടെ നിരവധി കുടുംബക്കാരുടെ നീണ്ട നിരതന്നെ സംഘത്തിൻറെ പിൻ ബലം  .
ജന്മിമാരുടെ  തൊഴിൽ നിഷേധം കാരണം കാരക്കാട്ടെ നിരവധി പ്രവർത്തകരും കുടുംബവും പട്ടിണിയിലും തീരാദുരിതത്തിലുമെത്തി  .
ഊരാളുങ്കലിൽ കൂലിവേലക്കാരുടെ പരസ്പരസഹായ സംഘം രൂപീകരിച്ചുകൊണ്ടായിരുന്നു വാഗ്ഭടാനന്ദ ഗുരുവും അനുയായികളും പ്രശ്നപരിഹാരത്തിന്  മുന്നിട്ടിറങ്ങിയത് .
സംഘത്തിലെ അംഗങ്ങൾക്കെല്ലാം ഭക്ഷണം മുടങ്ങാതെ ലഭിക്കാൻ 'ഊരാളുങ്കൽ ഐക്യ നാണയ സംഘം 'എന്നപേരിൽ കർഷക ബാങ്കും സ്ഥാപിച്ചു .

 

എത്രയും ലളിതമായി തുടങ്ങിയ ഈ സ്ഥാപനമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലുതും ലോകതലത്തിൽ അറിയപ്പെടുകയും ചെയ്യുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട്  കോ -ഓപ് സൊസൈറ്റി (ULCCS  LTD ) എന്നത് അഭിമാനപൂർവ്വം പങ്കു വെക്കുന്നു .
സഹകരണ പ്രസ്ഥാനങ്ങളുടെ ആഗോള സംഘടനയായ ഇന്റർനേഷണൽ കോ -ഓപ്പറേറ്റീവ് സ്  അലയൻസിൻറെ അംഗത്വം ലഭിക്കുന്ന ആദ്യത്തെ  പ്രാഥമിക സഹകരണസംഘം എന്ന ഖ്യാതിയും  ഊരാളുങ്കൽ ലേബർ കോൺട്രാക്ട്  കോ -ഓപ് സൊസൈറ്റിക്കുള്ളതാണ് .


ഇന്ത്യയിലെ വൻകിട കോർപ്പറേറ്റ് കമ്പനികളെപ്പോലും വിസ്‌മയത്തിൻെറ മുൾമുനയിൽ നിർത്തുന്ന ഊരാളുങ്കലിലെ ഈ മഹാ സ്ഥാപനം അഥവാ സഹകരണ സംഘം കേവലം 14 കൂലിത്തൊഴിലാളികളുടെ  അംഗ ബലത്തിലാണ് 1925 ഫെബ്രുവരി 13 നു ശുഭാരംഭം കുറിച്ചത്.
ഏറ്റെടുത്ത ജോലിയോടുള്ള പ്രതിബദ്ധതയും കൃത്യതാബോധവും അദ്ധ്വാനമികവും തന്നെയാണ് സ്ഥാപനത്തിൻറെ വളർച്ചയുടെ വളക്കൂറുള്ള മണ്ണ്‌ .
  സർവ്വോപരി  തൊഴിലാളി മുതലാളി ബന്ധമില്ലാതെ എല്ലാവരും ഏകോദര സഹോദരന്മാരാണെന്ന രീതിയിൽ പ്രവർത്തിക്കുന്ന ഭരണ സാരഥ്യം .
''സാമ്പത്തിക മായ സ്വാതന്ത്ര്യം അഥവാ വളർച്ചയും ഉയർച്ചയും ധനസമ്പാധനത്തിനുള്ള  ഏക മാർഗ്ഗമായി കാണരുതെന്നും സഹജീവികളെക്കൂടി ജീവിക്കാനുതകും വിധം തൻറെ സമ്പത്തിനെ ക്രമീകരിക്കലാവണമെന്നും  '' - സ്ഥാപനത്തിൻറെ  തുടക്കത്തിൽ അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയ വാഗ്ഭടാനന്ദ ഗുരുവിൻറെ നിർദ്ദേശങ്ങളെ മുറുകെപ്പിടിച്ചു നിന്നുകൊണ്ട് ,അണുയിട വ്യതിചചലിക്കാതെയുള്ള പിൽക്കാലത്തെ പ്രവർത്തന രീതി തന്നെയാവണം ഈ വളർച്ചയുടെ അടിത്തറ .
  ചാപ്പയിൽ കുഞ്ഞേക്കു ഗുരുക്കൾ ആയിരുന്നു സ്ഥാപനത്തിൻറെ ആദ്യത്തെ പ്രസിഡണ്ട് .
32  വർഷക്കാലം  സൊസൈറ്റിയുടെ പ്രസിഡണ്ട് പദം  അലങ്കരിച്ച  പാലേരി കണാരൻ മാസ്റ്ററുടെ മകൻ രമേശൻ പാലേരി യാണ് ഏറെക്കാലമായി ഈ മഹദ് സ്ഥാപനത്തിൻറെ ഇപ്പോഴത്തെ ചെയർമാൻ.

1917 മുതൽ  പ്രവർത്തനമാരംഭിച്ച ആത്മവിദ്യാസംഘം നാലുവർഷത്തിനകം തന്നെ  അഭി നവകേരളം എന്നപേരിൽ മാസിക ആരംഭിച്ചു.

വാഗ്ഭടാനന്ദ ഗുരുവിൻറെ നിയന്ത്രണത്തിൽ പ്രവർത്തിച്ച ''തത്വപ്രകാശികാശ്രമം '' എന്ന സംസ്‌കൃത പാഠശാല കോഴിക്കോടിനടുത്ത് കാരപ്പറമ്പിലായിരുന്നു ഗുരു സ്ഥാപിച്ചത് .1906 ൽ
 .കീഴ് ജാതിക്കാർക്ക് വിദ്യ നിഷേധിച്ച കാലഘട്ടം കൂടിയായിരുന്നു അന്ന് .
ചോമ്പാല കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിനടുത്തുമുണ്ട് ആത്മവിദ്യാ സംഘം മന്ദിരം . ആയിക്കര തെക്കെയിൽ എ . ടി .ചാരൻ .എടപ്പകുമാരൻ തുടങ്ങിയവരുടെ കൂട്ടായ്‌മയിൽ ഒരുപാട് പേർ  ആത്മവിദ്യാസംഘം പ്രവർത്തകരായി അന്ന് ചോമ്പാലയിലുമുണ്ടായിരുന്നു  .
ഒഞ്ചിയം പഞ്ചായത്തിലെ കാരക്കാട് അഥവാ നാദാപുരംറോഡ്  എന്ന പ്രദേശവുമായി അകലാൻ വയ്യാത്ത ആത്മബന്ധമായിരുന്നൂ ഗുരു വാഗ്ഭടാനന്ദന് ഉണ്ടായിരുന്നത് .
ആത്മവിദ്യാസംഘം മുളച്ചതും വളർന്നതും പടർന്നു പന്തലിച്ചതും ഈ പ്രദേശത്ത്  നിന്നു തന്നെ .
 കേരളത്തിലെ  നവോത്ഥാന നായകരിൽ ഏറെ പ്രമുഖനായ വാഗ്ഭടാനന്ദ ഗുരുവിൻറെ  പാവന സ്മരണയ്ക്കായി അതിമനോഹരമായ പ്രകൃതി സൗഹൃദ വഴിയോര പാർക്ക് ഈയടുത്താണ് സംസ്ഥാന ടൂറിസം വകുപ്പ് നാടിനു സമർപ്പിച്ചത് .

വാഗ്ഭടാനന്ദ ഗുരു അടിത്തറയിട്ടുറപ്പിച്ച  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ  നിയന്ത്രണത്തിലാണ് പാർക്കിന്റെ നിർമ്മാണനിർവ്വഹണം നടന്നത് .
 പ്രകൃതിയുടെ ഹരിതകാന്തിയും  സ്വാഭാവികത്തനിമയും അശേഷം  നഷ്ട്ടപ്പെടാത്ത നിലയിൽ നിർമ്മിച്ച ആധുനിക നിലവാരമുള്ള വാഗ്ഭടാനന്ദ പാർക്ക് വൻ നഗരങ്ങളിലെ പാതയോരങ്ങളെ ഓർമ്മിക്കുന്നതരത്തിൽ !
ടൂറിസം വകുപ്പ് മന്ത്രി ശ്രീ .കടകംപള്ളി സുരേന്ദ്രൻ ഔപചാരിക ഉദ്‌ഘാടനം നിർവ്വഹിച്ച അതിമനോഹരമായ ഈ പാർക്കിൻറെ  നിർമ്മാണച്ചിലവ് 2 കോടി 80 ലക്ഷം രൂപ.

English Summary: for vagfadananda guru malabar one and only spiritual guru

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds