<
  1. News

ആട് വളര്‍ത്തലില്‍ സൗജന്യ പരിശീലനം, സംരക്ഷിത കൃഷിയ്ക്ക് 50% വരെ ധനസഹായം... കൂടുതൽ കാർഷിക വാർത്തകൾ

ഹൈഡ്രോപോണിക്സ് - എയിറോ പോണിക്സ് ഉൾപ്പെടെയുള്ള സംരക്ഷിത കൃഷിയ്ക്ക് 50% വരെ ധനസഹായം; സംരക്ഷിത കൃഷി പ്രോത്സാഹനത്തിന് ഹോർട്ടിക്കൾച്ചർ മിഷന് 17.50 കോടി രൂപ അനുവദിച്ചു, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി & ട്രെയിനിങ് ഇന്സ്റ്റിട്യൂട്ടില്‍ ആട് വളര്‍ത്തലില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു, സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; നാളെ മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. കാലാവസ്ഥയെ ആശ്രയിച്ചുള്ള പരമ്പരാഗത കൃഷി നേരിടുന്ന വെല്ലുവിളികൾക്ക് ഫലപ്രദമായ പരിഹാരം എന്ന നിലയിൽ, സംരക്ഷിതകൃഷി (Protected Cultivation) പ്രോത്സാഹനത്തിനായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ കർഷകർക്കും സംരംഭകർക്കും 50% വരെ ധനസഹായം നൽകുന്നു. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും സ്മാർട്ട് കൃഷിരീതികളിലേക്ക് കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിനും ഹൈഡ്രോപോണിക്സ് - എയിറോ പോണിക്സ് ഉൾപ്പെടെയുള്ള സംരക്ഷിത കൃഷിയ്ക്ക് സഹായം നൽകുമെന്ന് കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് അറിയിച്ചു. ഇതിനായി 2025-26 വർഷം 17.50 കോടി രൂപയാണ് ഹോർട്ടിക്കൾച്ചർ മിഷന് അനുവദിച്ചിട്ടുള്ളത്.

പോളിഹൗസുകൾ, തണൽവലകൾ, ഓട്ടോമേറ്റഡ് ഇറിഗേഷൻസിസ്റ്റം, തുടങ്ങിയവ സ്ഥാപിക്കുന്നതിനും; ഉയർന്ന വിപണിമൂല്യമുള്ള പച്ചക്കറികളുടെയും പൂക്കളുടെയും പോളിഹൗസ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, ഹൈഡ്രോപോണിക്സ്, എയ്റോപോണിക്സ്, തുടങ്ങിയ ആധുനിക കൃഷിരീതികൾ പ്രചരിപ്പിക്കുന്നതിനും പുതയിടീൽ പ്രോത്സാഹിപ്പിക്കുന്നതിനും ഹോർട്ടിക്കൾച്ചർ മിഷൻ ധനസഹായം നൽകും. പരമാവധി 4000 ചതുരശ്ര മീറ്റർ വരെ ആണ് സഹായം. ഫാൻ & പാഡ് സിസ്റ്റം ഉപയോഗിച്ചുള്ള പോളി ഹൗസ് നിർമിക്കുന്നതിന്, 50% സഹായം ലഭിക്കും. ചതുരശ്ര മീറ്ററിന് 750 രൂപ മുതൽ 900 രൂപ വരെയാണ് സഹായം. സ്വാഭാവിക വെന്റിലെഷൻ സൗകര്യങ്ങൾ മാത്രമുള്ള പോളിഹൗസ് നിർമിക്കുന്നതിന് ചതുരശ്ര മീറ്ററിന് 500 രൂപ മുതൽ 600 രൂപ വരെയാണ് സഹായം. ഷെയ്ഡ് നെറ്റ്കൾക്കും വാക്ക് ഇൻ ടണലുകൾക്കും ചതുരശ്ര മീറ്ററിന് 355 രൂപ വരെ സഹായം ലഭിക്കും. പരമാവധി വിസ്തൃതി 2500 ചതുരശ്ര മീറ്റർ ആണ്.

ഹൈഡ്രോപോണിക്സ്, എയ്റോപോണിക്സ് എന്നീ പദ്ധതികൾ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഈ വർഷം മുതൽ വ്യാപകമായി നടപ്പിലാക്കും. മണ്ണിൻറെ ആവശ്യം തീരെ ഇല്ലാതെ, ചെടികൾക്കാവശ്യമായ പോഷകങ്ങൾ ചേർന്നിട്ടുള്ള വെള്ളത്തിൽ, ഇലക്കറികളും മറ്റും വളർത്തുന്ന രീതിയാണ് ഹൈഡ്രോപോണിക്സ്. മണ്ണിലും വെള്ളത്തിലും അല്ലാതെ, അന്തരീക്ഷത്തിൽ ചെടികളെ വളർത്തി അവയുടെ വേരുകളിലേക്ക് പോഷകങ്ങളും വെള്ളവും മിസ്റ്റ് രൂപത്തിൽ നൽകുന്ന അത്യാധുനിക സംവിധാനമാണ് എയ്റോപോണിക്സ്. ഇതിലേക്ക് താല്പര്യമുള്ളവർക്ക്‌ കേരള കാർഷിക സർവകലാശാല വഴി പരിശീലനം നൽകുവാനും തുടർന്ന് ഹോർട്ടികൾച്ചർ മിഷന്റെ സാമ്പത്തിക സഹായത്തോടെ പദ്ധതി നടപ്പിലാക്കുവാനും ആണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഹൈഡ്രോപോണിക്സ് - എയ്റോപോണിക്സ് പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഒരു ചതുരശ്ര മീറ്ററിന് 350 രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ 50% തുകയാണ് ഹോർട്ടികൾച്ചർ മിഷൻ സബ്സിഡിയായി നൽകുന്നത് . ഗുണഭോക്താക്കൾക്ക് ആവശ്യമായ പരിശീലനവും സൗജന്യമായി നൽകും. തുടക്കം എന്ന നിലയിൽ, 2025 - 26 വർഷത്തിൽ 40,000 ചതുരശ്ര മീറ്റർ ഹൈഡ്രോപോണിക്സ് / എയ്റോപോണിക്സ് യൂണിറ്റുകൾ നടപ്പിലാക്കുന്നതിനാണ് ലക്ഷ്യമെടുത്. ഇതിനു മാത്രമായി 70 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
പോളിഹൗസ് / നെറ്റ്ഹൗസിൽ ഉയർന്ന മൂല്യമുള്ള പഴങ്ങളും പച്ചക്കറികളും കൃഷിചെയ്യുന്നതിന് ചെലവിന്റെ 50% തുക സബ്‌സിസി ആയി ലഭിക്കും. ഓർക്കിഡ് (നെറ്റ് ഹൗസ്), ആന്തൂറിയം (പോളിഹൗസ്) എന്നിവ കൃഷി ചെയ്യുന്നതിന് ചതുരശ്ര മീറ്ററിന് 350 രൂപ നിരക്കിൽ പരമാവധി 2500 ചതുരശ്ര മീറ്റർ വരെയാണ് സഹായം. പോളിഹൗസുകളിലെ പൂകൃഷിക്കായി കാർണേഷൻ, ജർബെറ എന്നിവയ്ക്ക് ചതുരശ്ര മീറ്ററിന് 300 രൂപ നിരക്കിലും; റോസ്, ക്രിസന്തമം, ലിലിയം എന്നിവയ്ക്ക് ചതുരശ്ര മീറ്ററിന് 225 രൂപ നിരക്കിലുമാണ് സഹായം. പ്ലാസ്റ്റിക്, ചണം, കാർഷിക തുണിത്തരങ്ങൾ, മറ്റ് ജൈവവസ്തുക്കൾ എന്നിവ കൊണ്ടുള്ള പുതയിടൽ എന്നിവയ്ക്ക് ഹെക്ടറിന് 20,000 രൂപ വരെ കർഷകർക്ക് ലഭ്യമാകും. 50% നിരക്കിൽ, പരമാവധി 2 ഹെക്ടർ വരെ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം.

വ്യക്തിഗത കർഷകർക്കൊപ്പം, കർഷക കൂട്ടായ്മകൾ, സ്വയം സഹായ കർഷക സംഘങ്ങൾ, സ്വകാര്യ സംരംഭകർ, കർഷക ഉത്പാദക സംഘടനകൾ (ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ) തുടങ്ങിയവർക്ക് പദ്ധതികളിൽ നേരിട്ട് ഗുണഭോക്താക്കളാകാവുന്നതാണ്.  കാർഷിക സർവ്വകലാശാല, കേന്ദ്ര കാർഷിക ഗവേഷണ കൗൺസിൽ സ്ഥാപനങ്ങൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, സർക്കാരേതര സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്കും പദ്ധതികളിൽ പങ്കാളികളാകാം. പ്രിൻസിപ്പൽ കൃഷി ഓഫീസുകളിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോർട്ടികൾച്ചർ മിഷനുകലും എല്ലാ കൃഷിഭവനുകളിലും പദ്ധതിയെ സംബന്ധിച്ച വിശദവിവരങ്ങൾ വിവരങ്ങൾ ലഭ്യമാണ്.  

2. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി & ട്രെയിനിങ് ഇന്സ്റ്റിട്യൂട്ടില്‍ ആട് വളര്‍ത്തലില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 13, 14 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പരിശീലനം. പങ്കെടുക്കാനായി സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗത്തിലോ 0479 2452277, 7736336528 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ചോ മൂന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

3. സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. ഇന്നു മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മലയോര മേഖലകളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത. നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നുമാണ് മുന്നറിയിപ്പ്. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള - കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.

English Summary: Free training in goat farming, up to 50% financial assistance for conservation farming... more agricultural news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds