<
  1. News

റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ല: ജി.ആർ. അനിൽ

റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. കേന്ദ്ര സർക്കാർ PMGKY പദ്ധതി പ്രകാരം അനുവദിച്ചു വരുന്ന ഭക്ഷ്യ ധാന്യങ്ങൾക്കുള്ള കമ്മീഷൻ കൂടി കണ്ടത്തേണ്ടി വന്ന സാഹചര്യത്തിലാണ് ബജറ്റ് വിഹിതം മതിയാകാതെ വന്നതെന്നും, റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ലെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.

Saranya Sasidharan
G. R. Anil clarified that the commission of ration traders will not stop
G. R. Anil clarified that the commission of ration traders will not stop

1. റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. കേന്ദ്ര സർക്കാർ PMGKY പദ്ധതി പ്രകാരം അനുവദിച്ചു വരുന്ന ഭക്ഷ്യ ധാന്യങ്ങൾക്കുള്ള കമ്മീഷൻ കൂടി കണ്ടത്തേണ്ടി വന്ന സാഹചര്യത്തിലാണ് ബജറ്റ് വിഹിതം മതിയാകാതെ വന്നതെന്നും, റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ലെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. ശനിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടുന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഇനത്തിൽ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ 216 കോടി രൂപ തികയാതെ വന്നതിൻ്റെ അടിസ്ഥാനത്തിൽ 102 കോടി രൂപ അധികമായി അനുവദിക്കണമെന്ന ശുപാർശ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.

2. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു. കോട്ടയം മികച്ച നേട്ടം കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ നൽകുന്ന അഞ്ച് അവാർഡുകളിൽ മൂന്നും കോട്ടയത്തു നിന്നുള്ള കർഷകരാണ് സ്വന്തമാക്കിയത്. മികച്ച സമ്മിശ്രകർഷകനുള്ള അവാർഡിന് മുട്ടുചിറ സ്വദേശിനിയായ അരുക്കുഴിയിൽ വിധു രാജീവ് അർഹയായി, പാറത്തോട് സ്വദേശിനിയായ പുത്തൻപുരയ്ക്കൽ റിനി നിഷാദാണ് മികച്ച വനിതാ കർഷക. മികച്ച യുവകർഷകനായി തിരഞ്ഞെടുക്കപ്പെട്ടത് മരങ്ങാട്ടുപിള്ളി സ്വദേശിയായ തെങ്ങും തോട്ടത്തിൽ മാത്തുക്കുട്ടി ടോമാണ്. തിരുവനന്തപുരത്ത് മൃഗസംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

3. സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒക്ടോബർ, നവംബർ മാസങ്ങളിലായി 942 പരിശോധനകൾ നടത്തി. ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ സർക്കാർ നിർദേശം കർശനമായി പാലിക്കണം. അല്ലാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ പാകം ചെയ്യുവാനോ വിൽക്കാനോ പാടില്ല. ഷവർമ തയ്യാറാക്കുന്ന സ്ഥലം, ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവർമ തയ്യാറാക്കൽ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

4. വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി അമ്പൂരിയെ ടൂറിസം ഹബ്ബാക്കി മാറ്റുക, വന വിഭവങ്ങള്‍, കലാരൂപങ്ങള്‍ എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കുക എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന അമ്പൂരി ഫെസ്റ്റ് ഡിസംബര്‍ 23ന് ആരംഭിക്കും. ഫെസ്റ്റിൻ്റെ ആലോചനയോഗം സി. കെ ഹരീന്ദ്രന്‍ എം. എല്‍. എ യുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. ഫെസ്റ്റിന് മുന്നോടിയായി ഡിസംബര്‍ ഒന്നിന് വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ' വനശ്രീ - എക്കോഷോപ്പി'ന്റെ ഉദ്ഘാടനം പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. ഫെസ്റ്റിന്റെ ഔദ്യോഗിക ലോഗോയും ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്യും. ഡിസംബര്‍ 27നാണ് സമാപനം.

5. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നാളികേര കൃഷി പ്രോത്സാഹനത്തിനായി നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി പാനായിക്കുളം മേഖലാ നാളികേര കർഷക സംഗമം പാനായിക്കുളം തണ്ണിക്കോട്ട് ഹാളിൽ നടന്നു. എറണാകുളം ജില്ലാ പഞ്ചായത്തംഗം Adv. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് PM മനാഫ് അദ്ധ്യക്ഷത വഹിച്ചു. നാളികേര കൃഷിയുമായി ബന്ധപ്പെട്ട് പാനായിക്കുളം മേഖലയിലെ കർഷകരുടെ അഭിപ്രായങ്ങളും ,നിർദ്ദേശങ്ങളും അവതരിപ്പിക്കുവാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നാളികേര കർഷക സംഗമം സംഘടിപ്പിച്ചത്.

6. ഫാം ടൂറിസത്തിൻ്റെ സാധ്യതകൾ പരിശോധിച്ച് പദ്ധതികൾ ആവിഷ്‌ക്കരിക്കാനൊരുങ്ങി എലിക്കുളം പഞ്ചായത്ത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ ടൂറിസം ക്ലബ് രൂപീകരിച്ചു. യോഗത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി നിർവഹിച്ചു. ടൂറിസം വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, കൃഷി മൃഗസംരക്ഷണ വകുപ്പുകൾ, കർഷക കൂട്ടായ്മകൾ, കുടുംബശ്രീ, ഹരിത കേരള മിഷൻ തുടങ്ങിയവയുടെ ഏകോപനത്തോടെയാകും പദ്ധതി നടപ്പിലാക്കുക. കൃഷി ഓഫീസർ കെ.എ. ശ്രീലക്ഷ്മി പദ്ധതി വിശദീകരണം നടത്തി.

7. ആലുവ തുരുത്ത് സംസ്ഥാന വിത്ത് ഉല്‍പാദന കേന്ദ്രം രാജ്യത്തെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാമായി മാറുന്നു. പത്ത് വര്‍ഷമായി തുടരുന്ന ജൈവ കൃഷി രീതിയും, മണ്ണിലെ ശാസ്ത്രീയമായ ഇടപെടലും, മാലിന്യ സംസ്‌കരണവും സംയോജിത കൃഷി രീതിയുമാണ് വിത്തുല്‍പാദന കേന്ദ്രത്തിലെ കാര്‍ബണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്.പത്ത് വര്‍ഷമായി ജൈവ സാക്ഷ്യപത്രത്തോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രം കാര്‍ബണ്‍ ന്യൂട്രലായി പ്രഖ്യാപിക്കുന്നതിനുള്ള കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് അസസ്‌മെന്റിന് ഓഗസ്റ്റ് മാസത്തിലാണ് തുടക്കം കുറിച്ചത്. ഫാം കാര്‍ബണ്‍ ന്യൂട്രല്‍ മാത്രമല്ല കാര്‍ബണ്‍ നെഗറ്റീവ് കൂടിയാണ് എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

8. സംസ്ഥാന സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിക്ക്‌ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു.കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ 100 ഹെക്ടർ കൃഷിയിടത്തിലാണ് പദ്ധതിയുടെ ഭാഗമായി സഹായം ലഭിക്കുക.തെങ്ങിൻ തൈ വിതരണം, തെങ്ങിന് തടം തുറക്കാൻ സഹായം, സബ്സിഡി നിരക്കിൽ രാസ-ജൈവ വളം നൽകൽ, തെങ്ങുകയറ്റത്തിനുള്ള യന്ത്രങ്ങൾ നൽകൽ,തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുക.

9. വനിത ശിശുവികസന വകുപ്പിൻ്റെ പൂജപ്പുരയിലെ സംസ്ഥാനതല പരിശിലീന കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ചിട്ടയായതും കാലാനുസൃതവുമായ പരിശീലനത്തിലൂടെ കാര്യക്ഷമമായി ജോലി നിര്‍വഹിക്കുന്നതിന് ജീവനക്കാരെ പ്രാപ്തമാക്കുന്നതിനാണ് 2.5 കോടി രൂപ ചെലവഴിച്ച് സംസ്ഥാനതല പരിശീലന കേന്ദ്രം സജ്ജമാക്കിയത്. പുതുതായി രൂപീകരിക്കപ്പെട്ട വകുപ്പിന് സംസ്ഥാന തലത്തിലോ ജില്ലാ തലത്തിലോ നിലവില്‍ പരിശീലന കേന്ദ്രങ്ങള്‍ ഇല്ല. പല തരത്തിലുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നതിന് പരിശീലന കേന്ദ്രം ഏറെ സഹായകമാകും.

10. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ കാൻസർ മരുന്നുകൾക്ക് അനുവദിക്കുന്ന തുക ഓരോ വർഷവും വർധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 2021-22ൽ കാൻസർ മരുന്നുകൾ വാങ്ങാൻ 12.17 കോടി രൂപ അനുവദിച്ചിരുന്നു. ഈ വർഷം 25.42 കോടിയായി ഉയർത്തി. വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള തുകയും ഉയർത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. ജീവിതശൈലീ രോഗ നിർണയ പദ്ധതിയുടെ ഭാഗമായി നടന്നു വരുന്ന സ്‌ക്രീനിംഗിൽ കാൻസർ രോഗികളെ കൂടുതലായി കണ്ടെത്താൻ സാധ്യതയുണ്ട്. അതനുസരിച്ച് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തുക ഉയർത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

11. നവംബര്‍ 21 മുതല്‍ എറണാകുളത്ത് നടന്നുവരുന്ന നോര്‍ക്ക U.K കരിയര്‍ ഫെയര്‍ നവംബർ 25 സമാപിക്കും. 13 മേഖലകളില്‍ നിന്നുളളവർക്കാണ് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ബ്രിട്ടനില്‍ നിന്നുളള ഇന്റര്‍വ്യൂ പാനലിസ്റ്റുകളുടേയും UKNHS നിരീക്ഷകരുടേയും, നോര്‍ക്ക റൂട്ട്സ് പ്രതിനിധികളുടെയും മേല്‍നോട്ടത്തിലാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ പുരോഗമിക്കുന്നത്. പതിനൊന്ന് തൊഴില്‍ ദാതാക്കളാണ് കരിയര്‍ ഫെയറിന്റെ ഭാഗമായി റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

12. ധനമന്ത്രാലയവുമായുള്ള പ്രീ-ബജറ്റ് കൂടിയാലോചനയിൽ കർഷക സംഘടനകൾ ഗോതമ്പ് പോലുള്ള കാർഷിക ഇനങ്ങളുടെ കയറ്റുമതി നിരോധനം നീക്കണമെന്നും മിനിമം താങ്ങു വിലയിൽ താഴെയുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. ഈന്തപ്പഴത്തിന് പകരം സോയാബീൻ, കടുക്, നിലക്കടല, സൂര്യകാന്തി തുടങ്ങിയ പ്രാദേശിക എണ്ണക്കുരുക്കളുടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

13. ഇന്ത്യയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷമായ 'ഇൻ്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്സ് 2023' ൻ്റെ മുന്നോടിയായി ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ & ഫാർമേഴ്‌സ് വെൽഫെയറും, വിദേശകാര്യ മന്ത്രാലയവും നാളെ ന്യൂഡൽഹിയിൽ ഇന്ത്യയിൽ നിയമിക്കപ്പെട്ട വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ/ഹൈ കമ്മീഷണർമാർക്കൊപ്പം പ്രത്യേക ‘മില്ലറ്റ് ലഞ്ച്’ സംഘടിപ്പിക്കും.ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക, മില്ലറ്റ് ഉപഭോഗം വർദ്ധിപ്പിക്കുക, മില്ലറ്റ് മൂല്യ ശൃംഖല ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാരിൻ്റെ നിർദ്ദേശം അംഗീകരിച്ച്, ഐക്യരാഷ്ട്ര പൊതുസഭയാണ് 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചത്.

14. കേരളത്തിൽ നവംബർ 25 വരെ നേരിയ തോതിലുള്ള മഴയ്ക്ക് മാത്രം സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഒന്നും ഇല്ല. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: റഷ്യൻ എണ്ണ വില പരിധിയെ തുടർന്ന് യൂറോപ്യൻ യൂണിയനിൽ പിളർപ്പ്

English Summary: G. R. Anil clarified that the commission of ration traders will not stop

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds