രാജ്യത്ത് പാചകവാതക വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും ആവശ്യക്കാരുടെ എണ്ണം നഗര പ്രാദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും എല്ലാം വർദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. എന്നാൽ ഈ പാചകവാതക വില ഉയരുന്ന സാഹചര്യത്തിലും അത് മുതലെടുത്ത് വരുമാന മാര്‍ഗമാക്കി മാറ്റുന്നതിനെ കുറിച്ചാണ് വിശദികരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിൻറെ സി.എസ്.സി. വി.എല്‍.ഇ. പദ്ധതിയാണ് ഈ പുതിയ വരുമാന മാര്‍ഗ്ഗമൊരുക്കുന്നത്. നിങ്ങളുടെ പ്രദേശത്തെ ഗ്യാസ് വിതരണത്തിനു ഡീലര്‍ഷിപ്പ് എടുത്തിരിക്കുന്നവര്‍ക്കു കീഴില്‍ സബ് ഡീലര്‍ഷിപ്പായി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് പദ്ധതി മുന്നോട്ടു വയ്ക്കുന്നത്. നിങ്ങളുടെ പ്രവര്‍ത്തനം ഡീലര്‍ഷിപ്പിൻറെ വരുമാനത്തില്‍ കുറവ് വരുത്തുന്നുമില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ ഇത്തരമൊരു പദ്ധതി രാജ്യത്ത് ഉണ്ടായിരുന്നില്ല. നിലവില്‍ 1500 രൂപ മാത്രം മുടക്കിയാല്‍ ഒരു ഗ്യാസ് ഡിസ്ട്രിബ്യൂഷന്റെ സബ് ഡീലര്‍ഷിപ്പ് രാജ്യത്ത് ആര്‍ക്കും എടുക്കാനാകും. മുമ്പ് ഇത്തരത്തിലൊരു ഡിസ്ട്രിബ്യൂട്ടര്‍ ആകണമെങ്കില്‍ അതിനായി ഏകദേശം 10 ലക്ഷം രൂപേയാളം ചെലവ് വരുമായിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പാചകവാതക ബുക്കിങ് ചട്ടങ്ങളിൽ മാറ്റം : ഏജൻസി പ്രശ്നമല്ല
സി.എസ്.സി. വി.എല്‍.ഇ നെകുറിച്ച്
കേന്ദ്ര സര്‍ക്കാരിൻറെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് സി.എസ്.സി. വി.എല്‍.ഇ. പദ്ധതി. സി.എസ്.സി. അഥവാ കോമണ്‍ സര്‍വീസ് പോയിന്റുകള്‍ ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ സൃഷ്ടിച്ച ഒരു വിവര, ആശയവിനിമയ സാങ്കേതിക ആക്‌സസ് പോയിന്റാണ്. ഗവണ്‍മെന്റിന്റെ ദേശീയ ഇ- ഗവേണന്‍സ് പ്രോജക്ടിന് കീഴിലാണ് പ്രവര്‍ത്തനം.
വി.എല്‍.ഇ. എന്നാല്‍ വില്ലേജ് ലെവല്‍ സംരംഭകന്‍ എന്നര്‍ത്ഥം. പദ്ധതിക്കു കീഴില്‍ ഗ്രാമീണ, നഗര, വിദൂര പ്രദേശങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര വ്യക്തിയാണ് വി.എല്‍.ഇ. സര്‍ക്കാരിനു കീഴില്‍ വി.എല്‍.ഇ. രജിസ്‌ട്രേഷന്‍ എടുത്ത വ്യക്തികള്‍ക്കു മാത്രമാകും 1,500 രൂപ നിരക്കില്‍ ഗ്യാസ് സബ് ഡിസ്ട്രിബ്യൂഷന്‍ഷിപ്പ് എടുക്കാനാകുക.
ബന്ധപ്പെട്ട വാർത്തകൾ: വിലക്കുതിപ്പിൽ എൽപിജിയിൽ കീശ കീറണ്ട; പകരക്കാരൻ പിഎൻജി
1,500 രൂപ ചെലവ് വരുമെന്നു പറയുമ്പോഴും 1,000 രൂപയോളം തിരികെ ലഭിക്കുമെന്നതാണ് സത്യം. സെക്യൂരിറ്റി ഡെപ്പോസിറ്റായി ഈടാക്കുന്ന ഈ തുക നിങ്ങള്‍ ഡീലര്‍ഷിപ്പ് അവസാനിപ്പിക്കുന്ന സമയത്താകും തിരികെ ലഭിക്കുക. ബാക്കി 500 രൂപ കരാര്‍ അടക്കമുള്ള ബോണ്ടുകള്‍ തയാറാക്കുന്നതിനാണ്. സാധാരണ ജനങ്ങള്‍ക്കു പരമാവധി ആനുകൂല്യം ലഭിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ചെലവ് പരമാവധി കുറച്ചിരിക്കുന്നത്.
പദ്ധതിക്കു കീഴില്‍ നിങ്ങളുടെ അടുത്തുള്ള പ്രധാന ഡിസ്ട്രിബ്യൂട്ടറുമായാകും നിങ്ങള്‍ കരാറിലെത്തുക. ഇതിനുള്ള ചെലവാണ് 1,500 രൂപ. അതേസമയം ഡിസ്ട്രിബ്യൂട്ടറില്‍ നിന്നു ലഭിക്കുന്ന ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കാനുള്ള സ്ഥല സൗകര്യം സാധാരണ മറ്റേത് സംരംഭങ്ങള്‍ക്ക് ആവശ്യമുള്ളത് പോലെ ഉപയോക്താക്കള്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്.
വരുമാനമെങ്ങനെ ഉണ്ടാക്കാം?
10 ലക്ഷം രൂപ മുടക്കി പ്രധാന ഡിസ്ട്രിബ്യൂട്ടര്‍ഷിപ്പ് എടുക്കുന്ന വ്യക്തികള്‍ക്ക് ഒരു സിലിണ്ടര്‍ വിപണനം ചെയ്യുമ്പോള്‍ 65- 70 രൂപയാണ് വരുമാനം ലഭിക്കുക. അതേസമയം വെറും 1,500 രൂപ മുടക്കി സബ് ഡിസ്ട്രിബ്യൂട്ടര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് ഓരോ ഗ്യാസ് സിലിണ്ടറിനും 29 രൂപ വീതമാണ് ലഭിക്കുക. ഇത് ഡെലിവറി ചാര്‍ജ് ഉള്‍പ്പെടെയാണ്.
29 രൂപയില്‍ 10 രൂപ കമ്മീഷനും ബാക്കിവരുന്ന 19 രൂപ ഡെലിവറി ചാര്‍ജുമാണ്. ഒരു ദിവസം കുറഞ്ഞത് 150 സിലിണ്ടര്‍ ഡെലിവറി ചെയ്താല്‍ വരുമാനം 4,350 രൂപയാണ്. ഇതില്‍ നിന്നു 2,350 രൂപ ഡെലിവറി പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമുള്ള ചെലവായി കരുതിയാല്‍ പോലും 2,000 രൂപയോളം ലാഭമാണ്.
മുകളില്‍ പറഞ്ഞ എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനായി തന്നെ പൂര്‍ത്തികരിക്കാം. താല്‍പര്യമുള്ളവര്‍ ആദ്യം സി.എസ്.സി. വി.എല്‍.ഇ. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. തുടര്‍ന്ന് സര്‍ക്കാരിന്റെ https://services.csccloud.in/mop/Defaa എന്ന വെബ്‌സൈറ്റില്‍ എല്‍.പി.ജി. ഡിസ്ട്രിബ്യൂഷന്‍ ത്രൂ സി.എസ്.സി. എന്ന ലിങ്കില്‍ നടപടികള്‍ പൂര്‍ത്തീകരിക്കുക.
നിലവില്‍ ഡിസ്ട്രിബ്യൂഷന്‍ഷിപ്പ് അനുവദിക്കുന്നതിനുള്ള നടപടികളില്‍ ചെറിയ തടസങ്ങളുണ്ട്. എങ്കിലും നടപടികള്‍ പൂര്‍ത്തികരിക്കുന്നത് നല്ലതാണ്. സര്‍ക്കാര്‍ പദ്ധതി ആയതുകൊണ്ടു തന്നെ മന്‍ഗണനാ അടിസ്ഥാനത്തിലാകും പരിഗണിക്കുക. ഇതു കൂടാതെ എണ്ണക്കമ്പനികളും പദ്ധതിക്കു കീഴില്‍ ഡിസ്ട്രിബ്യൂട്ടര്‍ഷിപ്പ് ഡ്രൈവുകള്‍ നടത്താറുണ്ട്. ഇതിനായും ശ്രമിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വരുമാനം നിങ്ങളുടെ പ്രവര്‍ത്തനത്തെ അനുസരിച്ചിരിക്കും. കൂടുതല്‍ ഡെലിവറികള്‍ നടത്താനായാല്‍ കൂടുതല്‍ വരുമാനം സ്വന്തമാക്കാം. പാചകവാതക വില വര്‍ധിക്കുന്നതിനൊപ്പം ഡിസ്ട്രിബ്യൂട്ടര്‍ഷിപ്പുകളുടെ കമ്മീഷനുകളിലും മാറ്റം വരുന്നുണ്ട്. അതുകൊണ്ടു തന്നെ വരുമാനവും മാറികൊണ്ടിരിക്കും. മുകളില്‍ പറഞ്ഞ കമ്മീഷന്‍ നിരക്കുകളും നിലവിലെ വില വര്‍ധന വഴി ഉയര്‍ന്നിരിക്കാം.
സര്‍ക്കാര്‍ വെബ്‌സൈറ്റുകളും മറ്റു അനുബന്ധ സോഴ്‌സുകളില്‍ നിന്നുമുള്ള വിവരങ്ങളും അടിസ്ഥാനമാക്കിയാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. നിബന്ധനകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരാവുന്നതാണ്. അതിനാല്‍ തന്നെ അപേക്ഷിക്കുന്ന സമയത്തുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുക.
Share your comments