കൊച്ചി: ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള ഇന്ത്യയുടെ ദേശീയ പൊതു സംഭരണ പോർട്ടലായ ജെം (ഗവൺമെന്റ് ഇ മാർക്കറ്റ്‌പ്ലേസ്), കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ - കെഎസ്‌എസ്‌ഐഎയുമായി ധാരണ പത്രം (എംഒയു) ഒപ്പുവച്ചു. ജെമ്മിന്റെ കേരളത്തിലെ വിപണന അടിത്തറ വിപുലപ്പെടുത്തുന്നതിനുള്ള ധാരണാപത്രം ഇന്ന് കളമശേരിയിലെ കെഎസ്എസ്‌ഐഎ ഭവനില്‍ വച്ചാണ് ഒപ്പു വച്ചത്.
ഈ ധാരണാപത്രം,കേരളത്തിൽ നിന്നുള്ള കൂടുതൽ വിൽപ്പനക്കാരെ ജെം പോർട്ടലിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളെയും ജെം വഴിയുള്ള സംഭരണത്തിൽ അംഗങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കെഎസ്‌എസ്‌ഐഎയുടെ ശ്രമങ്ങളെയും പിന്തുണയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണ്. കേരളത്തിലെ ചെറുകിട വ്യവസായങ്ങൾക്ക് ഗുണം ചെയ്യുന്നതിന്, ജെമ്മുമായി ബന്ധപ്പെട്ട് ശേഷി വികസനത്തിനായുള്ള ശില്പ ശാലകളും പരിശീലന പരിപാടികളും സംയുക്തമായി നടത്തുന്നതിനുംസഹകരിക്കുന്നതിനും ധാരണാപത്രം വഴിയൊരുക്കും.ജെം വാഗ്ദാനം ചെയ്യുന്ന സുതാര്യവും ഉൾക്കൊള്ളുന്നതും കാര്യക്ഷമവുമായ പൊതു സംഭരണ പ്ലാറ്റ്‌ഫോമിന്റെ പ്രയോജനം കേരളത്തിലെ എംഎസ്ഇകൾ പ്രയോജനപ്പെടുത്തുമെന്നും ജെം പ്രതീക്ഷിക്കുന്നു
മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ട്-അപ്പ് ഇന്ത്യ തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സംരംഭങ്ങളിൽ സഹകരിക്കാനും ഈ പങ്കാളിത്തം സഹായിക്കും. പൊതു സംഭരണ പ്രക്രിയകളിൽ സുതാര്യത, കാര്യക്ഷമത, ഉൾക്കൊള്ളൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇരു കക്ഷികളുടെയും പ്രതിബദ്ധതകളും സഹകരണ ശ്രമങ്ങളും ധാരണാപത്രം വിശദമാക്കുന്നു. കേരളത്തിലെ ചെറുകിട വ്യവസായ മേഖലയിലെ വളർച്ചയ്ക്കും വികസനത്തിനും ജെമ്മും കെ.എസ്.എസ്.ഐ.എ.യും തമ്മിലുള്ള പങ്കാളിത്തത്തിന് വലിയ സാധ്യതകളുണ്ട്.
ചടങ്ങിൽ ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലേസ് അഡീഷണൽ സിഇഒ ശ്രീ പ്രകാശ് മിറാനി, ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലേസ് ഡെപ്യൂട്ടി സിഇഒ ശ്രീ എ വി മുരളീധരൻ, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് ശ്രീ എ നിസാറുദ്ദീൻ, കെഎസ്എസ്ഐഎ ജനറൽ സെക്രട്ടറി പി ജെ ജോസ് എന്നിവർ പങ്കെടുത്തു.
എല്ലാ കേന്ദ്ര ഗവൺമെന്റ് മന്ത്രാലയങ്ങൾ, സംസ്ഥാന ഗവൺമെന്റ് വകുപ്പുകൾ, പൊതുമേഖലാ യൂണിറ്റുകൾ (പിഎസ്‌യു), അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്‌ക്കായുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വൈവിധ്യമാർന്ന വിപണന ആവശ്യങ്ങൾ ജെം നിറവേറ്റുന്നു. കേരളത്തിലെ എംഎസ്എംഇ യൂണിറ്റുകളുടെ പ്രോത്സാഹനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ എംഎസ്എംഇ അസോസിയേഷനാണ് കെഎസ്എസ്ഐഎ. കേരളത്തിലെ എല്ലാ റവന്യൂ ജില്ലയിലും ഒന്ന് വീതം കെഎസ്എസ്ഐഎയ്ക്ക് 14 യൂണിറ്റുകളുണ്ട്,. അതിന്റെ അംഗത്വമുള്ളവരിൽ ഏകദേശം 12,000 നേരിട്ടുള്ള യൂണിറ്റ് ഹോൾഡർമാരും ഏകദേശം 4000 പരോക്ഷ അംഗങ്ങളുമുണ്ട്.
ജെം പോർട്ടൽ ആരംഭിച്ച 2016 മുതൽ കേരള ഗവണ്മെന്റ് സ്ഥാപനങ്ങൾ ആകെ 1500 കോടി രൂപയുടെ സംഭരണം നടത്തി. കഴിഞ്ഞ 2 സാമ്പത്തിക വർഷങ്ങളിൽ (21-22 & 22-23) 850 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്. ജെം പോർട്ടലിൽ കാറ്റലോഗുകൾ അപ്‌ലോഡ് ചെയ്യുകയും ഓർഡറുകൾ സുരക്ഷിതമാക്കുകയും ചെയ്ത 2500-ലധികം സജീവ വിൽപ്പനക്കാർ കേരളത്തിലുണ്ട്. കേരളത്തിൽ നിന്നുള്ള വിൽപ്പനക്കാർ 800 കോടിയിലധികം രൂപയുടെ ഓർഡറുകൾ നേടിയിട്ടുണ്ട്. സഹകരണത്തിനുള്ള ഈ സാധ്യതകൾ തിരിച്ചറിഞ്ഞ്, കെഎസ്‌എസ്‌ഐഎയുമായി തന്ത്രപരമായ പങ്കാളിത്തത്തിന് നേതൃത്വം നൽകുന്നതിനായാണ് ജെം ധാരണാപത്രത്തിൽ ഒപ്പുവെച്ചത് .
Share your comments