കാർഷികോൽപന്നങ്ങൾക്ക് ഭൗമ സൂചികം (ജി .ഐ )ലഭിച്ച ശേഷം ബ്രാൻഡ് പേരുകളിൽ വിപണനം ചെയ്യാൻ തുടങ്ങിയതോടെ വിലയിലും ആവശ്യത്തിലും വർധനയുണ്ടായിട്ടുണ്ട്. മുൻപു കിട്ടിയിരുന്നതിനെക്കാൾ 30% മുതൽ 60% വരെ അധിക വില ഇപ്പോൾ ലഭിക്കുന്നുണ്ട്. കർഷകർക്കു ലാഭം ഉണ്ടാകുന്നതോടെ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ അളവും ഉൽപാദനവും വർധിക്കുന്നുണ്ട്..ഉദാഹരണത്തിനു പാലക്കാടൻ നവര അരിക്ക് കിലോഗ്രാമിനു ഇപ്പോൾ ശരാശരി 200 രൂപ വില ലഭിക്കുന്നു. എന്നാൽ 10 വർഷം മുമ്പ് 30 രൂപയാണ് ലഭിച്ചിരുന്നത്. ജൈവകൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന നവരയ്ക്കു യു.എൻ.എഫ് എന്ന ബ്രാൻഡിലൂടെ നടത്തുന്ന വിപണനത്തിൽ കിലോഗ്രാമിന് 520 രൂപയാണു വില. സർക്കാർ പ്രോൽസാഹന പദ്ധതികളല്ല, കർഷക കൂട്ടായ്മകളുടെ വിപണനവും അതിലൂടെ ലഭിക്കുന്ന വരുമാന വർധനയുമാണു കൃഷിയെ വളർത്തുന്നത്.
പാലക്കാടൻ മട്ട ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിൽ കേരളത്തിലെ ആദ്യ കാർഷിക ഉൽപാദക കമ്പനി കിലോഗ്രാമിന് 110 രൂപയ്ക്കാണ് അരി വിൽക്കുന്നത്. നേരത്തേ കിലോഗ്രാമിന് 40–45 രൂപയാണ് ലഭിച്ചിരുന്നത്. കുട്ടനാട് ഉൾപ്പടെ മറ്റ് സ്ഥലങ്ങളിലെ കർഷക കൂട്ടായ്മകളും ഇതേ മാർഗത്തിലേക്കു തിരിയുകയാണ്. ഭൗമസൂചകം ലഭിച്ച വയനാടൻ ഗന്ധകശാല, ജീരകശാല അരി ഇനങ്ങൾക്കും വില കിലോഗ്രാമിനു 100 രൂപയിലേറെയായി. തൃശൂരിലെ വടക്കാഞ്ചേരി ബ്ലോക്കിൽ കൃഷി ചെയ്യുന്ന ചെങ്ങാലിക്കോടൻ നേന്ത്രക്കായയ്ക്ക് ജി.ഐ ടാഗ് ലഭിച്ച ശേഷം വിലയിൽ 30% വർധന. സാദാ നേന്ത്രനു100 രൂപ. ചെങ്ങാലിക്കോടനു 130 രൂപ. മറയൂർ ശർക്കര കിലോഗ്രാമിന് മുൻപ് 40 രൂപ മുതൽ 60 രൂപ വരെ. ഇപ്പോൾ 100 രൂപയാണ് വില.
8 ഉൽപന്നങ്ങൾക്ക് ജിഐ ടാഗ്
കാർഷിക സർവകലാശാല സംസ്ഥാനത്തെ 8 കാർഷിക ഇനങ്ങൾക്ക് ഭൗമസൂചകം നേടിക്കൊടുത്തിട്ടുണ്ട്. 7 ഇനങ്ങൾക്കു കൂടി ജിഐ ടാഗ് ലഭിക്കാൻ വേണ്ട നടപടിക്രമങ്ങൾ മണ്ണുത്തിയിലെ ഐപിആർ സെല്ലിൽ പുരോഗമിക്കുന്നു. നിലമ്പൂർ തേക്കിനാണ് അവസാനം ഭൗമസൂചകം ലഭിച്ചത്. വാഴക്കുളം പൈനാപ്പിൾ, നിലമ്പൂർ തേക്ക്, ചെങ്ങാലിക്കോടൻ നേന്ത്രൻ, വയനാട് ജീരകശാല അരി, വയനാട് ഗന്ധകശാല അരി, പൊക്കാളി അരി, കൈപ്പാട് അരി, മധ്യതിരുവിതാംകൂർ ശർക്ക എന്നിവയാണ് . കേരളത്തിൽ നിന്നു ഭൗമസൂചകം ലഭിച്ച കാർഷികോൽപ്പന്നങ്ങൾ,
Share your comments