1. കേരളത്തിൽ സ്വർണവില ഉയർന്നു. മൂന്ന് ദിവസത്തിന് ശേഷം പവന് 200 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഇടിഞ്ഞപ്പോൾ സംസ്ഥാനത്തും സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 2 ദിവസത്തിനിടെ 960 രൂപയാണ് കുറഞ്ഞത്. നിലവിൽ 1 പവൻ സ്വർണത്തിന് 42,120 രൂപയാണ് വില. 1 ഗ്രാം 22 കാരറ്റിന് 25 രൂപ ഉയർന്ന് 5265 രൂപയിലും, 1 ഗ്രാം 18 കാരറ്റിന് 20 രൂപ ഉയർന്ന് 4345 രൂപയിലും എത്തി. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. 1 ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില. ജനുവരിയിൽ പവന് 1520 രൂപയുടെ വർധനവാണ് ഉണ്ടായത്.
കൂടുതൽ വാർത്തകൾ: വെള്ള റേഷൻ കാർഡുകാർക്ക് 10 കിലോ അരി..കൂടുതൽ വാർത്തകൾ
2. ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച കാർഷിക മേള അവസാനിച്ചു. മേളയുടെ ഭാഗമായി സംഘടിപ്പിച്ച കർഷക സംഗമവും കർഷകരെ ആദരിക്കൽ ചടങ്ങും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിലാണ് കാർഷിക മേള സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി പുരാതന കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, സെമിനാറുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിച്ചു.
3. നെല്ല് സംഭരിച്ച വകയിൽ 27,815 കർഷകർക്ക് പണം നൽകിയിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. വിള സീസണിലെ സംഭരണ വകയിൽ 189 കോടി രൂപ കുടിശികയാണെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. ജനുവരി 27 വരെ 46,292 കർഷകർക്ക് 369.29 കോടി രൂപ വിതരണം ചെയ്തതായി മന്ത്രി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നെല്ല് ശേഖരിക്കാൻ മില്ലുകൾക്ക് അനുമതിയില്ലാത്ത സാഹചര്യത്തിൽ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന നെല്ലാണ് സപ്ലൈകോയുടെ അനുമതിയോടെ മില്ലുകൾ സംഭരിക്കുന്നത്. 2022-23 കാലത്ത് 61 മില്ലുകളാണ് സപ്ലൈോകോയുമായി കരാറിൽ ഏർപ്പെട്ടത്.
4. വില കൈവിട്ടതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി കപ്പ കർഷകർ. പാട്ടത്തിനെടുത്തും, സ്വന്തം ഭൂമിയിലും വലിയ രീതിയിൽ കൃഷി ചെയ്ത നൂറുകണക്കിന് കർഷകരാണ് പ്രതിസന്ധിയിലായത്. കിലോയ്ക്ക് 41 രൂപയായിരുന്ന കപ്പയ്ക്ക് നിലവിൽ 18 രൂപയാണ് വില. ഇതിനുപുറമെ ഉൽപാദന ചെലവും കർഷകർക്ക് തിരിച്ചടിയായി. കപ്പയ്ക്ക് സർക്കാരിൽ നിന്നും യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. താങ്ങുവില പ്രഖ്യാപിക്കണമെന്നും കപ്പയുടെ മൂല്യവർധിത ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കർഷകർ പറയുന്നു.
5. പാരമ്പര്യ കാർഷിക ഗ്രാമമായ ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ ചീര വിളവെടുപ്പ് മഹോത്സവം സംഘടിപ്പിച്ചു. വിളവെടുപ്പ് ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് നിർവഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് ജനകീയ പദ്ധതിക്ക് തുടക്കം കുറിച്ച് കൊണ്ട് "അതിജീവനം" എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
6. വ്യവസായ നയത്തിലെ ആനുകൂല്യങ്ങൾ മാലിന്യ സംസ്കരണ സംരംഭങ്ങൾക്കും ബാധകമെന്ന് വ്യവസായമന്ത്രി പി. രാജീവ്. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ സംഘടിപ്പിച്ച ഗ്ലോബൽ എക്സ്പോയിൽ ഇന്നൊവേറ്റേഴ്സ് ആന്റ് യങ് എന്റർപ്രണേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവകേരളസൃഷ്ടിക്ക് സഹായമാകുന്ന മാറ്റങ്ങൾക്ക് തുടക്കമാണ് ഗ്ലോബൽ എക്സ്പോയെന്നും സംരംഭങ്ങൾ വ്യവസായമാണെന്ന കാഴ്ചപ്പാടിന് അനുസൃതമായ സമീപനം തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
7. 'ഒനിയന്‍ സ്‌റ്റോറേജ് സ്ട്രക്ചര്‍’ നിര്‍മ്മിക്കുന്നതിന് ധനസഹായം നൽകുന്നു. 25 മെട്രിക് ടണ്‍ വരെ ഉള്ളി സംഭരിച്ച് വയ്ക്കുന്നതിനുള്ള ‘ഒണിയന്‍ സ്‌റ്റോറേജ് സ്ട്രക്ചര്‍’ നിര്‍മ്മിക്കുന്നതിന് യൂണിറ്റൊന്നിന് പരമാവധി 87,500 രൂപയാണ് നൽകുന്നത്. കര്‍ഷകര്‍, കൂട്ടായ്മകള്‍, സംരംഭകര്‍, കച്ചവടക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷ നൽകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരള, യൂണിവേഴ്‌സിറ്റി പി.ഒ., പാളയം, തിരുവനന്തപുരം, എന്ന മേല്‍വിലാസത്തിലോ, 0471 2330857, 9188954089 എന്ന ഫോണ്‍ നമ്പരിലോ, www.shm.kerala.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടുക.
8. വിപണിയിൽ വില കുത്തനെ ഇടിഞ്ഞ് കുരുമുളക്. നിലവിൽ ക്വിന്റലിന് 700 രൂപയാണ് വില. ഡിസംബറിൽ 300 ടൺ കുരുമുളക് അധികമായി ഇറക്കുമതി ചെയ്തിരുന്നു. സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് 465 രൂപയാണ് വില. അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 480 രൂപ മുതൽ 490 രൂപ വരെയാണ് നിരക്ക്. ഇറക്കുമതിക്കാർക്ക് 30 രൂപ ലാഭം ലഭിക്കും. എന്നാൽ അനിയന്ത്രിതമായി കുരുമുളക് ഇറക്കുമതി ചെയ്യുന്നത് കർഷകർക്ക് വലിയ തിരിച്ചടിയാണ്.
9. ബെഹ്റൈനിലെ ബുദൈയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന കാർഷിക ചന്തയിൽ സന്ദർശകരുടെ വൻ തിരക്ക്. കാർഷിക ചന്ത ആരംഭിച്ച് എട്ട് ആഴ്ച പിന്നിട്ടിട്ടും 16,000ലധികം സന്ദർശകരാണ് എത്തുന്നത്. മാർക്കറ്റിൽ നിന്നും തദ്ദേശീയ കാർഷികോൽപന്നങ്ങൾ വാങ്ങുന്നതിന് മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്നുപോലും ആളുകൾ വരുന്നുണ്ട്. വ്യത്യസ്ത തരത്തിലുള്ള കരകൗശല ഉൽപന്നങ്ങളും മാർക്കറ്റിൽ വിൽപന നടത്തുന്നു. ഏപ്രിൽ വരെ കാർഷിക ചന്ത പ്രവർത്തിക്കും.
10. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദം ദുർബലമായതിനെ തുടർന്ന് കേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ മാസം 9 വരെ മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെയില്ല. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Share your comments