തൃശ്ശൂർ: തരിശുഭൂമിയില്‍ വ്യത്യസ്ഥമായ കുറുന്തോട്ടി കൃഷിയിറക്കി നൂറ്മേനി വിളവ് ലഭിച്ച സന്തോഷത്തിലാണ് തൃപ്തി കുടുംബശ്രീ അംഗങ്ങള്‍. വരവൂരിലെ തൃപ്തി അയല്‍ക്കൂട്ടം നവര ജെ.എല്‍.ജി യുടെ നേതൃത്വത്തിലാണ് ആഗസ്റ്റില്‍ കൃഷിയിറക്കിയത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് തിച്ചൂരിലെ ഏഴേക്കര്‍ തരിശുഭൂമിയില്‍ നടത്തിയ കുറുന്തോട്ടി കൃഷി വിളവെടുത്തു.
വിളവെടുപ്പ് പൂര്‍ണ്ണമാകുന്നതോടെ ഏകദേശം ആറ് ടണ്‍ കുറുന്തോട്ടി ലഭിക്കുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്. കിലോക്ക് 75 രൂപ നിരക്കില്‍ മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റി വഴി വിപണനം സാധ്യമാക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 1087 തൊഴില്‍ ദിനങ്ങള്‍ കുറുന്തോട്ടികൃഷിക്കായി സൃഷ്ടിച്ചു. കുടുംബശ്രീ വഴി മൂന്ന് ലക്ഷം രൂപയുടെ ബാങ്ക് ലോണും കൃഷിക്കായി ലഭ്യമാക്കി. കൃഷിവകുപ്പില്‍ നിന്ന് തരിശുഭൂമി കൃഷിക്കുള്ള സബ്സിഡി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. വിളവെടുപ്പ് കഴിഞ്ഞ കൃഷിയിടത്തുനിന്ന് മുളക്കുന്ന കുറുന്തോട്ടി തൈകളും വിപണിയിലെത്തിച്ച് വരുമാനം ഉറപ്പാക്കുകയാണ് കുടുംബശ്രീ.
ജില്ലയിലെ തന്നെ മികച്ച കുടുംബശ്രീയാണ് വരവൂരിലേത്. ജലസേചന സൗകര്യമില്ലാത്ത തരിശ് ഭൂമികള്‍ പ്രയോജനപ്പെടുത്തിയുള്ള കുറുന്തോട്ടി കൃഷി പഠിക്കാന്‍ ലാന്‍ഡ് ഇഷ്യൂസില്‍ പഠനം നടത്തുന്ന ഓഗസ് ബെര്‍ഗ് സര്‍വ്വകലാശാലയിലെ അമേരിക്കന്‍ ഗവേഷണ വിദ്യാര്‍ത്ഥി ഇര്‍മ ഗ്വാട്ടിമാല ഇവിടെ സന്ദര്‍ശിച്ചിരുന്നു.
കുറുന്തോട്ടി വിളവെടുപ്പ് വരവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുനിത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.കെ അനിത അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ യശോദ, ടി.എ ഹിദായത്തുള്ള, കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ പി.എം ബിന്ദു, സെക്രട്ടറി എം.കെ ആല്‍ഫ്രെഡ്, സി.ഡി.എസ് മെമ്പര്‍മാരായ ടി.സി സത്യഭാമ, ടി.എ നസീമ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments