കേരളത്തിൽ മനുഷ്യത്വപരമായ വികസനത്തിന് നേതൃത്വം നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും കേരളമൊരു ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ. തൃശൂർ താലൂക്കിലെ "കരുതലും കൈത്താങ്ങും " അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ വകുപ്പുകളെയും ഡിജിറ്റലൈസ് ചെയ്ത് വരുന്ന അപേക്ഷകളിൽ കാലതാമസം ഇല്ലാതിരിക്കാനും സുതാര്യമാക്കാനും എല്ലാ വകുപ്പുകളുടെയും പൊതുപ്രവർത്തനങ്ങളെ സമ്പൂർണ്ണമായും ഡിജിറ്റലൈസേഷനിലേക്ക് കൊണ്ടുപോകാനും കഴിയുന്ന വിധത്തിൽ കേരളമൊരു ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റാനുള്ള പരിശ്രമങ്ങൾ നടന്നു വരികയാണെന്ന് മന്ത്രി പറഞ്ഞു.
ലഭ്യമായ അപേക്ഷകളിൽ ഏറെ കാത്തിരിപ്പില്ലാതെ നടപടി പൂർത്തികരിക്കണമെന്ന ആഗ്രഹവും ആശയവുമാണ് സർക്കാറിനുള്ളത്. ഉദ്യോഗസ്ഥ സംവിധാനത്തെ ആകെ സംയോജിപ്പിച്ച് പ്രശ്നങ്ങളെ അതിവേഗം പരിഹരിക്കാനുള്ള ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ വിധത്തിലും സർക്കാർ ഇടപെടും. അദാലത്തിൽ നേരിട്ട് ലഭ്യമായ പരാതികൾ ആവശ്യമായ പരിശോധനയ്ക്ക് വിധേയമാക്കി വേഗത്തിൽ തീരുമാനമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു, പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ എന്നിവർ അദാലത്തിൽ മുഴുവൻ സമയം പങ്കെടുത്തു.
എല്ലാവരുടെയും പരാതികളും പ്രശ്നങ്ങളും അർത്ഥപൂർണമായ നിലയിൽ പരിഹരിക്കുന്നതിന് സർക്കാർ കൂടെയുണ്ടെന്നും ജനങ്ങളുടെ ആവലാതികളും പ്രയാസങ്ങളും പരിഹരിക്കാനാണ് കരുതലും കൈത്താങ്ങും അദാലത്തെന്നും ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണേണ്ടത് പ്രധാന വിഷയമാണെന്നും പരാതികളിൽ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കുക എന്നതാണ് അദാലത്തിന്റെ ലക്ഷ്യമെന്നും ചടങ്ങിൽ പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
തേക്കിൻകാട് മൈതാനിയിലെ നായ്ക്കനാലിൽ നടന്ന അദാലത്തിൽ എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, സി സി മുകുന്ദൻ , ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, എഡിഎം ടി മുരളി എന്നിവർ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ: ഉദ്ഘാടനം 17ന്
Share your comments