ജില്ലയില്‍ ഏറ്റവും അധികം നെല്ലുല്‍പ്പാദിപ്പിക്കുന്ന തൃശൂര്‍ - പൊന്നാനി കോള്‍നില വികസനത്തിന് വീണ്ടും സര്‍ക്കാരിന്റെ കൈത്താങ്ങ്. ഏറെ കര്‍ഷകരുള്ള ജില്ലയിലെ ഈ കോള്‍ വികസന പദ്ധതിക്ക് Rebuild Kerala Initiative പദ്ധതിയിലുള്‍പ്പെടുത്തി 298.38 കോടി രൂപയുടെ ധനസഹായമാണ് സംസ്ഥാന സര്‍ക്കാര്‍ അനുദിച്ചത്.
കെഎല്‍ഡിസി, കെയ്‌കോ, കെഎസ്ഇബി, കൃഷി എഞ്ചിനീയറിംഗ് വിഭാഗം എന്നിവയുടെ സഹകരണത്തോടെ കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് കോള്‍നില വികസന പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിപ്രകാരം കോള്‍ നിലങ്ങളിലെ പ്രധാന ചാലുകളില്‍ നിന്നു മണ്ണും, ചളിയും നീക്കി ആഴവും വീതിയും കൂട്ടും. അതേ മണ്ണുപയോഗിച്ച് ബണ്ടുകള്‍ ശക്തിപ്പെടുത്തും. കോള്‍ നിലങ്ങളിലെ ഉള്‍ചാലുകളുടെ ആഴവും വീതിയും വര്‍ധിപ്പിച്ച് ഫാം റോഡുകളും റാമ്പുകളും നിര്‍മിക്കും. കാലഹരണപ്പെട്ട പെട്ടിപറ, പമ്പ് സെറ്റ് എന്നിവയും മാറ്റും. കൂടുതല്‍ കാര്യക്ഷമമായ സബ്‌മെഴ്സിബിള്‍ പമ്പ് സെറ്റുകള്‍ സ്ഥാപിച്ച് കൃഷിയുടെ പ്രവര്‍ത്തന വേഗം വര്‍ധിപ്പിച്ച് ഇരുപ്പൂ കൃഷിക്ക് കൂടുതല്‍ സാധ്യത ഒരുക്കുകയും ചെയ്യും.
സംസ്ഥാനത്ത് കുട്ടനാടും പാലക്കാടും കഴിഞ്ഞാല്‍ ഏറ്റവുമധികം നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശമാണ് ഈ കോള്‍ മേഖല. ഏകദേശം 13,632 ഹെക്ടര്‍ സ്ഥലത്താണ് ഇവിടെ നെല്‍കൃഷി ചെയ്യുന്നത്. ഇരുപ്പൂ കൃഷിയാണ് ഇവിടുത്തെ പ്രത്യേകത. തൃശൂര്‍ - പൊന്നാനി കോള്‍ മേഖല സമുദ്രനിരപ്പില്‍ നിന്നും താഴെയുള്ള പ്രദേശമായതിനാല്‍ കാലവര്‍ഷത്തിനു ശേഷം വെള്ളം പമ്പു ചെയ്ത് കളഞ്ഞാണ് കൃഷിയിറക്കുന്നത്. വര്‍ഷക്കാലത്ത് വലിയൊരു ജലസംഭരണി കൂടിയാണ് ജില്ലയിലെ ഈ കോള്‍നിലങ്ങള്‍.
എന്നാല്‍, മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയങ്ങളില്‍ കോള്‍ മേഖലയില്‍ സംഭവിച്ച നാശനഷ്ടങ്ങളില്‍ നിലവിലെ ബണ്ടുകള്‍ കേടായി. ഇതോടെ മഴവെള്ളം കൂടുതല്‍ സംഭരിക്കാന്‍ പറ്റാതായി. പ്രധാന ചാനലുകളായ കോട്ടച്ചാല്‍, പുഴയ്ക്കല്‍ ചാല്‍, മനക്കൊടി ചാല്‍ എന്നിവ മണ്ണ് നിറഞ്ഞ് ജലസംഭരണശേഷി കുറഞ്ഞതും പ്രളയകാലത്ത് വിലങ്ങുതടിയായി. വെള്ളം കവിഞ്ഞൊഴുകിയതിനാല്‍ മറ്റ് ജലവിഭവ മാര്‍ഗങ്ങളായ പെട്ടിപറ, പമ്പ് സെറ്റ് എന്നിവയും പ്രവര്‍ത്തനരഹിതമായി. ഇതിന്റെ പുന:പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ തുകയാണ് പാടശേഖര സമിതികള്‍ ചെലവാക്കിയത്.
പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ, എഞ്ചിന്‍ തറകള്‍, പമ്പ് ഹൗസുകള്‍ ഇല്ലാത്തിടത്ത് അവ നിര്‍മിക്കുക, പുതിയ പമ്പ് സെറ്റ് സ്ഥാപിക്കുമ്പോള്‍ കാര്യക്ഷമതയില്ലാത്ത ട്രാന്‍സ്‌ഫോര്‍മറുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുക, അതോടൊപ്പം വൈദ്യുതി തകരാര്‍ എളുപ്പത്തില്‍ പരിഹരിക്കുന്ന സി എഫ് പി ടി സംവിധാനം ഘടിപ്പിക്കുക എന്നിവയും നടപ്പാകും. വിത കഴിഞ്ഞാല്‍ വെള്ളം വറ്റി കിടക്കേണ്ട പാടത്ത് വൈദ്യുതി തകരാര്‍ മൂലം വെള്ളം പമ്പ് ചെയ്ത് കളയാനാകാതെ വിത്ത് നശിച്ചുപോകുന്ന അവസ്ഥയ്ക്കും ഇതോടെ പരിഹാരമാകും.
ട്രാക്ടറില്‍ പ്രവര്‍ത്തിക്കുന്ന റോട്ടോവേറ്റര്‍, റോട്ടോ പഡ്ഡര്‍ എന്നിവ ഉപയോഗിച്ച് ശാസ്ത്രീയമായി നിലം നിരപ്പാക്കി വിത്തിന്റെ അളവ് ശാസ്ത്രീയമായി ക്രമീകരിക്കാനും പദ്ധതിയിലൂടെ സാധിക്കും. പദ്ധതിക്കായി കെ ല്‍ ഡി സി 234.29 കോടി രൂപ, എഞ്ചിനീയറിംഗ് വിഭാഗം 57 കോടി, കെഎസ്ഇബി 3.76 കോടി, കേയ്‌കോ 2.49 കോടി, മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക വിനിയോഗിക്കുന്നത്.
Share your comments