
കോട്ടയം: കൊറോണ ലോക്ക് ഡൗണിൽ മെഡിക്കൽ സാമഗ്രികൾ നിർമ്മിക്കുന്ന ഫാക്ടറികൾ തുറക്കാമെന്ന സർക്കാർ അനുമതി റബർ കർഷകർക്കു നേട്ടമാകില്ല. നിലവിൽ മാസങ്ങളോളം ഉത്പാദനം നടത്താനുള്ള സംസ്കരിച്ച ലാറ്റക്സ്, കൈയുറകൾ ഉൾപ്പെടെ മെഡിക്കൽ സാമഗ്രികൾ നിർമിക്കുന്ന ഫാക്ടറികൾക്കു സ്റ്റോക്കുണ്ട്. ഇത്തരം ഫാക്ടറികൾക്കു കർഷകരിൽനിന്നു ലാറ്റക്സ് സംഭരിക്കാൻ കഴിഞ്ഞയാഴ്ച അനുമതി നൽകിയെങ്കിലും ഒരിടത്തും തോട്ടങ്ങളിൽനിന്നു ചരക്ക് നീക്കമുണ്ടായില്ല. റബർ ബോർഡ് ആർപിഎസുകളും കാര്യമായ സംഭരണം നടത്തിയിട്ടില്ല.കന്യാകുമാരിയിൽ ഉൾപ്പെടെ ഏതാനും വൻകിട റബർ എസ്റ്റേറ്റുകൾ മെഡിക്കൽ സാമഗ്രികൾ നിർമിക്കാനുള്ള സ്വന്തം ഫാക്ടറികൾ നേരിട്ടു നടത്തുന്നുണ്ട്.
ഇവിടങ്ങളിൽ ഉത്പാദനവും വിപണനവും കയറ്റുമതിയും സുഗമമായി നടക്കുന്നുമുണ്ട്. എസ്റ്റേറ്റുകളിൽ ടാപ്പിംഗ് നടത്താൻ അനുമതിയായിരിക്കെ നിലവിൽ സർക്കാർ നൽകുന്ന ഇളവ് കൈയുറയും മറ്റും ഉത്പാദിപ്പിക്കുന്ന ഫാക്ടറി ഉടമകൾക്കു മാത്രമായിരിക്കും. ചെറുകിടക്കാരുടെ കൈവശമുള്ള ഷീറ്റുകൾ വിറ്റഴിക്കാനുളള സൗകര്യമുണ്ടായെങ്കിൽ മാത്രമേ റബ്ബറിനെ മാത്രം ആശ്രയിച്ചു കുടുംബം പുലർത്തുന്ന ചെറുകിടക്കാർക്ക് ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് ഒരാശ്വാസമെങ്കിലും ലഭിക്കൂ.
Share your comments