
ഭക്ഷ്യവിഷബാധ മൂലം 13 പശുക്കളെ നഷ്ടപ്പെട്ട വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകര്‍ക്ക് ആശ്വാസമേകി സംസ്ഥാന സര്‍ക്കാര്‍. കെ.എല്‍.ഡി.ബി യുടെ മാട്ടുപ്പെട്ടി ഫാമില്‍ നിന്നും എത്തിച്ച അത്യുല്‍പ്പാദനശേഷിയുള്ള എച്ച്എഫ് ഇനത്തില്‍പ്പെട്ട ചെനയുള്ള അഞ്ച് പശുക്കളെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കുട്ടികള്‍ക്ക് കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം നേടിയ മാത്യൂ ബെന്നിയെന്ന കുട്ടിക്കര്‍ഷകന്റെ 13 പശുക്കളാണ് കഴിഞ്ഞ മാസം ഭക്ഷ്യ വിഷബാധയേറ്റ് ചത്തത്. അന്ന് വീട് സന്ദര്‍ശിച്ച മന്ത്രി സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു.
ആശ്വാസമായി സർക്കാർ
മാത്യു ബെന്നിക്ക് മുന്‍കാലങ്ങളില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, ഗോവര്‍ധിനി, ഗ്രാമപഞ്ചായത്ത് എസ്.എല്‍.ബി.പി, കറവപ്പശു വിതരണം, തീറ്റപ്പുല്‍ കൃഷി ധനസഹായം, കറവപ്പശുവിന് കാലിത്തീറ്റ വിതരണം, ധാതുലവണ വിതരണം മുതലായ നിരവധി പദ്ധതികളിലൂടെ സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്നും സര്‍ക്കാരിന്റെ എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാവുമെന്നും മന്ത്രി ഉറപ്പു നല്‍കി. എല്ലാ ക്ഷീരകര്‍ഷകരും ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററുകളുടെ സേവനം പ്രയോജനപ്പെടുത്തി മൃഗസംരക്ഷണ മേഖലയെ കൂടുതല്‍ ശാസ്ത്രീയമായി സമീപിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സർക്കാർ സഹായം ആശ്വാസകരമായി: അമ്മ
അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്‌മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗവുമായിരുന്നു ഈ പശുക്കള്‍. സര്‍ക്കാര്‍ സഹായം ഏറെ ആശ്വാസമായെന്ന് അമ്മ ഷൈനി പറഞ്ഞു. പൂര്‍ണമായും ഇന്‍ഷ്വര്‍ ചെയ്ത പശുക്കളെയാണ് നല്‍കിയത്. ഇതിനോടൊപ്പം മില്‍മ നല്‍കുന്ന 45000 രൂപയുടെ ചെക്കും, കേരള ഫീഡ്സ് നല്‍കുന്ന ഒരു മാസത്തേക്കാവശ്യമായ കാലിത്തീറ്റയും മന്ത്രി കൈമാറി. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ സൗജന്യമായി കറവ യന്ത്രം നല്‍കുമെന്നറിയിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു. ഇത്രയധികം സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വലിയ സന്തോഷമുണ്ടെന്നും പശു വളര്‍ത്തല്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും മാത്യു ബെന്നി പറഞ്ഞു.
മാത്യു ബെന്നിയുടെ ഫാമില്‍ നടന്ന ചടങ്ങില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജി. സജികുമാര്‍, കെ.എല്‍.ഡി ബോര്‍ഡ് എംഡി ഡോ. ആര്‍.രാജീവ്, കേരള ഫീഡ്സിലെയും മൃഗസംരക്ഷണ വകുപ്പിലെയും കെ.എല്‍.ഡി ബോര്‍ഡിലെയും ക്ഷീരവികസന വകുപ്പിലെയും വിവിധ ഉദ്യോഗസ്ഥര്‍, മില്‍മ പ്രതിനിധികള്‍, ക്ഷീരകര്‍ഷകര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടിക്കര്‍ഷകര്‍ക്ക് പശുക്കള്‍ നഷ്ടപ്പെടാനിടയാക്കിയ സംഭവത്തിന് ശേഷം പശുക്കള്‍ക്ക് നല്‍കേണ്ടുന്ന തീറ്റയെയും പരിചരണത്തെയും സംബന്ധിച്ച് ക്ഷീരകര്‍ഷകരില്‍ അവബോധം സൃഷ്ടിക്കാന്‍ നിയോജക മണ്ഡലാടിസ്ഥനത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതിയും നടപ്പിലാക്കും.
മാത്യു ബെന്നിയുടെ ഫാമില്‍ ഉണ്ടായ അത്യാഹിതത്തെ തുടര്‍ന്ന് അടിയന്തര ചികിത്സകളും പോസ്റ്റ്മോര്‍ട്ടവും ഉള്‍പ്പെടെയുള്ള സേവനങ്ങളും ദ്രുതഗതിയില്‍ നല്‍കിയ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജി.സജികുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ജെസ്സി സി കാപ്പന്‍ , ജില്ലാ എപിഡമിയോളജിസ്റ്റ് ഡോ. സാനി തോമസ്, മൃഗസംരക്ഷണ വകുപ്പ് ജില്ലാ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ഡോ. നിശാന്ത് എം പ്രഭ, വെറ്ററിനറി ഡോക്ടര്‍മാരായ ഡോ. ഗദ്ദാഫി.കെ.പി, ഡോ. പാര്‍വതി.ഇ.കെ, ഡോ. ക്ലിന്റ് സണ്ണി, ഡോ.ആനന്ദ് യു കൃഷ്ണ, ഡോ. ശരത്ത്.റ്റി.പി, ഡോ. ജോര്‍ജന്‍ ജി എടന എന്നിവരെ പൊന്നാടയണയിച്ച് മന്ത്രി ആദരിച്ചു.
Share your comments