തിരുവനന്തപുരം: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ കൂടി പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ എംപ്ലോയ്‌മെന്റ് വകുപ്പ് പ്രൈവറ്റ് ജോബ് പോർട്ടൽ വികസിപ്പിച്ചു വരുന്നതായി പൊതുവിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതോടെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിൽ ദായകർക്കും രജിസ്റ്റർ ചെയ്ത് അവരുടെ തൊഴിലവസരങ്ങൾ നോട്ടിഫൈ ചെയ്യാൻ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രവാസികൾക്കായുള്ള വെർച്വൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് വെർച്ചൽ പ്രവാസി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആശ്വാസകരമാകും. പ്രവാസികളും കേരളവുമായി ഏറെക്കാലത്തെ ബന്ധമാണുള്ളത്. പ്രവാസികൾക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനോ പുതുക്കാനോ പുതിയ യോഗ്യത സർട്ടിഫിക്കറ്റുകൾ ചേർക്കാനോ ഇനി ബുദ്ധിമുട്ടേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു.
പ്രൈവറ്റ് ജോബ് പോട്ടലിന്റെ സേവനവും പ്രവാസികൾക്ക് പ്രയോജനപ്പെടുത്താം. പ്രവാസി ക്ഷേമം ഏതെല്ലാം രീതിയിൽ വിപുലീകരിക്കാം എന്ന് സർക്കാർ ആലോചിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.
ലോക കേരള സഭയുടെ 2020ലെ രണ്ടാം സമ്മേളനത്തിൽ തൊഴിൽ വകുപ്പിൽ നിന്നും സർക്കാരിന് മികച്ച പ്രൊഫഷണലുകളെ കണ്ടെത്താൻ സഹായകമാകുന്ന വിധം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആരംഭിക്കണമെന്ന് ശിപാർശ ചെയ്തിരുന്നു. വിശദ പരിശോധനയ്ക്ക് ശേഷം പ്രവാസി ക്ഷേമം മുൻനിർത്തി പ്രവാസികൾക്കായി പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആരംഭിക്കുന്നതിനുള്ള അനുമതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ഇൻഫോർമാറ്റിക് സെന്റർ കേരള ഘടകം വഴി ഓൺലൈൻ പോർട്ടൽ വികസിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രവാസി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓൺലൈൻ പോർട്ടലിന്റെ എല്ലാ സേവനങ്ങളും ലോകമെമ്പാടും ലഭ്യമാകും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസായിരിക്കുമെന്നും ഉയർന്ന പ്രായപരിധി ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ബന്ധപ്പെട്ട വാർത്തകൾ: പ്രവാസികൾക്ക് മികച്ച വരുമാനം നേടാൻ പപ്പായ കൃഷി
എംപ്ലോയ്‌മെന്റ് ഡയറക്ടർ ഡോ. വീണാ എൻ മാധവൻ, തൊഴിൽ നൈപുണ്യ വകുപ്പ് സെക്രട്ടറി അജിത് കുമാർ, എംപ്ലോയ്‌മെന്റ് ജോയിൻ ഡയറക്ടർ പി കെ മോഹനദാസ്, നാഷണൽ ഇൻഫോർമാറ്റിക് സെന്റർ പ്രതിനിധികൾ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Share your comments