'എന്തൊക്കെ ഒഴിവാക്കിയാലും അന്നം ഒഴിച്ചുകൂടാനാവാത്തതാണ്. അങ്ങനെയെങ്കിൽ അന്നദാതാക്കളായ കർഷകരല്ലേ ശരിക്കും ദൈവങ്ങൾ! എന്റെ അഭിപ്രായത്തിൽ അതെ എന്ന് പറയും…' കൃഷിയും കർഷകനും സമൂഹത്തിൽ എങ്ങനെ നിർണായകമാകുന്നുവെന്നും രാജ്യത്തിന്റെ വികസനത്തിന് ഇത് എങ്ങനെ മുതൽക്കൂട്ടാകുമെന്നും അഗ്രോ കെം ഫെഡറേഷൻ ഓഫ് ഇന്ത്യ ജനറൽ ഡയറക്ടർ കല്യാൺ ഗോസ്വാമി വിവരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: റബ്ബർ കർഷകർക്ക് പ്രതീക്ഷയേകി കേരള റബ്ബർ ലിമിറ്റഡിന് ശിലയിട്ടു പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ നടപടി
കൃഷിയിൽ അനിവാര്യമായ സംവിധാനങ്ങൾ ഒരുക്കി കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ ശ്രമിക്കണമെന്നാണ് കല്യാൺ ഗോസ്വാമി വ്യക്തമാക്കുന്നത്.
ഇന്ന് (ജൂലൈ 12ന്) ഡൽഹിയിലെ കൃഷി ജാഗരൺ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ സമകാലിക കാർഷിക മേഖലയെ കുറിച്ച് വിശദമാക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ ശ്രമിക്കണം. മാത്രമല്ല, കർഷകരുടെ സാമ്പത്തിക പുരോഗതിയും ഇന്ന് അടിയന്തരമായ ആവശ്യങ്ങളിലൊന്നാണ്. അതുകൊണ്ട് തന്നെ കർഷകന്റെ വിയർപ്പിന് പ്രതിഫലം നൽകേണ്ടത് അനിവാര്യമാണെന്ന് കല്യാൺ ഗോസ്വാമി പറഞ്ഞു.
കർഷകർക്ക് അവരുടെ വിളകൾക്ക് ആവശ്യമായ താങ്ങുവില, വിപണി വില, മെച്ചപ്പെട്ട വിപണന സംവിധാനം എന്നിവ പ്രദാനം ചെയ്യണം. കർഷകരുടെ വരുമാനത്തിന്റെ ഭൂരിഭാഗം വിഹിതവും പറ്റുന്ന ഇടനിലക്കാരുടെ ഇടപെടലുകൾ ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണം.
കൂടാതെ, മായം ചേർത്ത വളങ്ങളുടെയും ഗുണനിലവാരമില്ലാത്ത വിത്തുകളുടെയും വിൽപന തടയാൻ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ഗോസ്വാമി വിശദീകരിച്ചു.
മനുഷ്യനും പ്രകൃതിയും കർഷകനെ ദുരിതത്തിലാക്കുമ്പോൾ...
മനുഷ്യൻ മാത്രമല്ല പ്രകൃതിയും കർഷകനെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പ്രളയവും പേമാരിയും, വരൾച്ചയും, ചുഴലിക്കാറ്റും കർഷകനെ വലയ്ക്കുമ്പോൾ സർക്കാർ നമ്മുടെ അന്നദാതാക്കൾക്ക് ഒപ്പം നിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
അതായത്, കാലവർഷക്കെടുതിയിലും മറ്റും കൃഷിനാശം സംഭവിക്കുമ്പോൾ, കാലതാമസം ഉണ്ടാകാതെ വിള ഇൻഷുറൻസും വിളനാശ നഷ്ടപരിഹാരവും നൽകുന്നതിൽ ശ്രദ്ധിക്കണം. കൃഷി അനായാസമാക്കാൻ ഈ മേഖലയിൽ നടപ്പിലാക്കേണ്ടത് നവീന സാങ്കേതിക വിദ്യകളും കാര്യക്ഷമമായ വളങ്ങളും കീടനാശിനികളും കർഷകരിലേക്ക് എത്തിക്കുക എന്നതാണ്. ഇങ്ങനെ കൃഷിയിൽ സുസ്ഥിരത നടപ്പിലാക്കാൻ സാധിക്കും.
പൂർണമായ ജൈവകൃഷി സാധ്യമോ?
'ജൈവകൃഷിയും പ്രകൃതികൃഷിയും ജമ്മു- കശ്മീർ, ഉത്തരാഖണ്ഡ്, സിക്കിം ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പിലാക്കുന്നുണ്ട്. എങ്കിലും, കൃഷി കർഷകന് ലാഭകരമാക്കണമെങ്കിൽ ഉൽപ്പാദനം വർധിപ്പിക്കേണ്ടതുണ്ട്.
ഉൽപ്പാദനക്ഷമത കൈവരിക്കുന്നതിന് ചെറിയ അളവിലെങ്കിലും രാസവളങ്ങളെയും കീടനാശിനികളെയും ആശ്രയിക്കേണ്ടതായി വരും. മാവ്, പ്ലാവ്, പേര തുടങ്ങിയ ഫലവർഗ കൃഷിയിൽ ഒരുപക്ഷേ പൂർണമായി ജൈവകൃഷി നടപ്പിലാക്കാൻ സാധിച്ചേക്കാം. എന്നാൽ, ധാന്യങ്ങളും കിഴങ്ങുവർഗങ്ങളും കൃഷി ചെയ്യുമ്പോൾ കാര്യക്ഷമത കൂടിയ വളങ്ങളും കീടനാശിനികളും തെരഞ്ഞെടുക്കേണ്ടി വരും,' കല്യാൺ ഗോസ്വാമി വിശദീകരിച്ചു.
കൃഷി ജാഗരണിന്റെ ഡയറക്ടർ ഷൈനി ഡൊമിനിക് ചടങ്ങിൽ പങ്കാളിയായി. ചടങ്ങിലെ വിശിഷ്ട അതിഥികളായ അഗ്രോ കെം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ ഡയറക്ടർ കല്യാൺ ഗോസ്വാമിയെയും, സെക്രട്ടറി സിമ്രാൻ കൗറിനെയും വൃക്ഷത്തൈകൾ നൽകിയാണ് സ്വീകരിച്ചത്.
കഴിഞ്ഞ കാൽ നൂറ്റാണ്ടായി കാർഷിക രംഗത്ത് കൃഷി ജാഗരൺ നൽകിയ സംഭാവനകളെയും പ്രവർത്തനങ്ങളെയും കുറിച്ച് കൃഷി ജാഗരൺ & അഗ്രികൾച്ചർ വേൾഡിന്റെ സ്ഥാപകനും എഡിറ്റർ- ഇൻ- ചീഫുമായ എം.സി ഡൊമിനിക് വിവരിച്ചു.
Share your comments