സംസ്ഥാനത്തെ വനപ്രദേശങ്ങളേയും ഇക്കോ ടൂറിസം സെന്ററുകളേയും മാലിന്യമുക്തമാക്കാന് ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കിവരുന്ന ഗ്രീന്ഗ്രാസ് പദ്ധതിയെ അധികരിച്ച് തയ്യാറാക്കിയ കോഫി ടേബിള് ബുക്ക് മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. വനംമന്ത്രി അഡ്വ. കെ. രാജു ആദ്യപ്രതി ഏറ്റുവാങ്ങി.
വകുപ്പുതല സംയോജനത്തിലൂടെയും ബഹുജന പങ്കാളിത്തത്തോടെയും വനമേഖല മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് ആവിഷ്‌കരിച്ച ഗ്രീന്‍ഗ്രാസ് പദ്ധതിയുടെ ആവിര്‍ഭാവവും പ്രവര്‍ത്തനമികവും വ്യക്തമാക്കുന്നതാണ് കോഫി ടേബിള് ബുക്ക്.
വനങ്ങളോട് ചേര്‍ന്നു കിടക്കുന്ന ജനവാസകേന്ദ്രങ്ങളിലുണ്ടാകുന്ന മാലിന്യങ്ങളില്‍ ഏറിയപങ്കും വനപാതയോരങ്ങളില്‍ നിക്ഷേപിക്കുന്നതായും ഇത് ജലസ്രോതസ്സുകളുടെയും വന്യജീവികളുടെയും നാശമടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് വനം വകുപ്പ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ തുടക്കം. കൂടുതല്‍ മാലിന്യം നിക്ഷേപിക്കപ്പെടുന്നതായി കണ്ടെത്തിയ 47 പഞ്ചായത്തുകളിലെ 125 പോയന്റുകളില്‍ 2018 സെപ്തംബര്‍ നാലിന് പദ്ധതിക്കു തുടക്കമായി. രണ്ടു വര്‍ഷത്തിനുള്ളില്‍ രണ്ടായിരം ടണ്‍ മാലിന്യമാണ് പദ്ധതിയുടെ ഭാഗമായി വനങ്ങളില്‍ നിന്ന് നീക്കം ചെയ്തത്.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെയാണ് ഗ്രീന്‍ ഗ്രാസ് പദ്ധതി നടപ്പാക്കി വരുന്നത്. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സ്റ്റിയറിങ് കമ്മറ്റിയും വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, ടൂറിസം വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായി ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ട്. എല്ലാ മാസവും അവലോകനയോഗം ചേര്‍ന്നാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
പദ്ധതിയുടെ നടത്തിപ്പും നിരീക്ഷണവും ഉറപ്പാക്കാന്‍ വനം, പരിസ്ഥിതി, തദ്ദേശ സ്വയംഭരണം, ടൂറിസം, പൊതുമരാമത്ത് വകുപ്പുകളോടൊപ്പം പൊതുജനങ്ങളും സന്നദ്ധസംഘടനകളും ജാഗരൂകരായി രംഗത്തുണ്ട്. കൃത്യമായ ഓഡിറ്റിംഗ് സംവിധാനം ഉറപ്പാക്കാന്‍ നടപടികളും സ്വീകരിച്ച് വരുന്നു. സ്‌കൂള്‍ കൂട്ടികളടക്കം സമൂഹത്തിന്റെ നാനാ തുറയില്‍പ്പെട്ടവരും പദ്ധതി നടത്തിപ്പില്‍ പങ്കാളികളാണ്. മാലിന്യസംസ്‌കരണത്തിന്റെപ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനും ഇതിനായുള്ള യജ്ഞത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വര്‍ഷത്തില്‍ ഒരു ദിവസം 'ഗ്രീന്‍ഗ്രാസ് ഡേ' ആയി ആചരിക്കാനും ആലോചനയുണ്ട്.
മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന പ്രകാശന ചടങ്ങില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, മുഖ്യ വനം മേധാവി പി.കെ.കേശവന്‍, ശുചിത്വമിഷന്‍ എക്‌സി.ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി തുടങ്ങിയവര്‍ സംബന്ധിച്ചു.
Share your comments