എറണാകുളം: മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ അദ്ധ്യയന വർഷം നടത്തുന്ന ജനകീയ വിദ്യാഭ്യാസ ക്യാമ്പയിൻ ഹരിതം സമൃദ്ധത്തിന് തുടക്കമാകുന്നു.
ജില്ലാ പഞ്ചായത്തിന്റെയും ഭരണകൂടത്തിന്റെയും മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ സെക്രട്ടറിയേറ്റിന്റെയും നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ തുടങ്ങിയ വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് ക്യാമ്പയിൻ ജില്ലയിൽ നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കളക്ടർ എൻ എസ് കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ജൂൺ ഒന്നിന് നടക്കുന്ന പ്രവേശനോത്സവം ഹരിതോത്സവമായി സംഘടിപ്പിച്ചു കൊണ്ട് പ്രവർത്തന പരിപാടികൾക്ക് തുടക്കമാകും. കൊടി തോരണങ്ങൾ, ബാനറുകൾ തുടങ്ങിയ പൂർണമായും പ്ലാസ്റ്റിക് രഹിതമാക്കി കുരുത്തോലകൾ, ഇലകൾ, തുണികൾ തുടങ്ങിയ പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിച്ചു കൊണ്ട് ഹരിതോത്സവത്തെ വർണാഭമാക്കും. ഈ വർഷത്തെ ജൂൺ 5 പരിസ്ഥിതി ദിന പ്രമേയം 'പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ' എന്നതാണ്. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് തുണികൾ കൊണ്ട് നിർമ്മിച്ച പെൻസിൽ പൗച്ചുകളുടെ വിതരണം സംഘടിപ്പിക്കും. കൂടാതെ സത്യപ്രതിജ്ഞ, രചനാമത്സരങ്ങൾ, പച്ചത്തുരുത്തുകൾ, ഹരിത വീഥികൾ എന്നിവയുടെ നിർമ്മാണവും സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനത്തിലെ ഒരു വാർഡിനെ ഹരിത വാർഡാക്കി മാറ്റുക, ബസ് സ്റ്റോപ്പുകളുടെ ശുചീകരണവും പരിപാലനവും തുടങ്ങി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പ്രവർത്തന പരിപാടികളാണ് ഹരിതം സമൃദ്ധത്തിന്റെ ഭാഗമായി സംഘടിപ്പിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: സംയോജിത കൃഷി: ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ്
വിദ്യാഭ്യാസ വകുപ്പ് ഈ അദ്ധ്യയന വർഷം ഏറ്റെടുത്ത് നടപ്പാക്കുന്ന 'ഗ്രീൻ ക്യമ്പസ് ക്ലീൻ ക്യാമ്പസ് എന്ന ആശയത്തിലൂന്നിയാണ് പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. മാല്യന്യ പരിപാലനത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന എല്ലാ വിഭാഗം സ്കൂളുകൾക്കും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഹരിത മികവിനുള്ള ഗ്രീൻ എക്സലൻസി പുരസ്ക്കാരങ്ങൾ വർഷത്തിൽ രണ്ടു തവണ നൽകുവാനും തീരുമാനമെടുത്തു. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ വളമായോ ഗ്യാസാക്കിയോ മാറ്റുകയും അജൈവ പാഴ് വസ്തുക്കൾ ഹരിത കർമ്മ സേനക്ക് കൈമാറുകയും ചെയ്യണം. മാലിന്യ പരിപാലന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ബ്ലോക്ക് തലത്തിൽ വിദഗ്ദ്ധ സമിതിയെ ചുമതല പെടുത്തും.
ഇതോടൊപ്പം എക്സൈസ് വകുപ്പും വിമുക്തി വകുപ്പും നടത്തി വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റെടുക്കും. 2023 ജൂൺ 1 ന് എല്ലാ സ്കൂളുകളിലെയും കോളേജുകളിലേയും ലഹരി വിരുദ്ധ ക്ലബ്ബംഗങ്ങളെ ഉൾപ്പെടുത്തി കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തും
Share your comments