കാലവർഷ ആരംഭത്തോടെ നിരവധി കർഷകർക്ക് വിളകൾക്ക് നാശം സംഭവിച്ചു വരികയാണ്. ഈ പശ്ചാത്തലത്തിൽ കാർഷിക സർവകലാശാലയുടെ കാർഷിക കാലാവസ്ഥാ വിഭാഗം കർഷകർക്കായി പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
1. അറബിക്കടലിൽ നിന്ന് ദക്ഷിണ ഇന്ത്യയിലേക്ക് താഴ്ന്ന അന്തരീക്ഷ തലങ്ങളിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് അടിക്കുന്നതിനാൽ കേരളത്തിൽ വരുംദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ കർഷകർ സ്വയം ജാഗ്രത പാലിക്കുക. അതിനൊപ്പം വളർത്തുമൃഗങ്ങളെ ഇടിമിന്നലിൽ നിന്നും മറ്റും സംരക്ഷിക്കാനുള്ള മുൻകരുതലുകൾ എടുക്കണം. കർഷകർ ഈ ദിവസങ്ങളിൽ കഴിവതും വളം/ കീടനാശിനി പ്രയോഗങ്ങൾ ഒഴിവാക്കുക. പച്ചക്കറി പന്തലുകൾ ബലപ്പെടുത്തുക. വാഴക്കന്നുകൾക്ക് ഊന്നുകാലുകൾ നൽകുക. വെള്ളക്കെട്ട് ഒഴിവാക്കാൻ സമീപപ്രദേശങ്ങളിലെ വേണ്ടത്ര നീർച്ചാലുകൾ മറ്റുള്ളവർക്ക് ദോഷം വരുത്താത്ത രീതിയിൽ തുറന്ന് മഴ വെള്ളം ഒഴുക്കി കളയാൻ ഉള്ള സംവിധാനങ്ങൾ ഒരുക്കുക.
ബന്ധപ്പെട്ട വാർത്തകൾ : മാങ്ങകൾ പഴുപ്പിക്കുന്ന വാതക അറ വിപണിയിൽ
2. മനുഷ്യരുടെ സുരക്ഷ എന്ന പോലെ തന്നെ പ്രധാനമാണ് ദുരന്ത മേഖലകളിലെ മൃഗങ്ങളുടേയും പക്ഷികളുടേയും സുരക്ഷ. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ കർഷകർ ജാഗരൂകരായിരിക്കണം. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. വെള്ളക്കെട്ടുകളിൽ ഇറങ്ങുമ്പോൾ വൈദ്യുത ലൈൻ പൊട്ടിവീണു കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. കന്നുകാലികളെ തുറന്ന സ്ഥലത്ത് കെട്ടിയിടാൻ അനുവദിക്കുരുത്. ശക്തികുറഞ്ഞ മേൽക്കൂരകൾക്ക് ഇടയിൽ പാർപ്പിക്കരുത്.
ബന്ധപ്പെട്ട വാർത്തകൾ : ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
3. കാലവർഷം എത്തിയതോടെ തെങ്ങുകൃഷിയിൽ കൂമ്പുചീയൽ / ഓലചീയൽ തുടങ്ങി
രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ തുരിശും ചുണ്ണാമ്പും കലർന്ന ലായിനി തെങ്ങിൻറെ ഇലകളിൽ തളിക്കുക. കൂടാതെ രോഗം ബാധിച്ച തെങ്ങുകളിൽ സമർത് മൂന്നു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തിയ ലായനിയിൽ നിന്നും ഒരു തെങ്ങിന് 300 മില്ലി ലായിനി എന്ന അളവിൽ ഇലകളിലും മണ്ഡകളിലും തളിച്ചു കൊടുക്കുക.
4. മാങ്ങയിൽ പുഴുക്കളുടെ ശല്യം ഇക്കാലയളവിൽ കൂടുന്നതിനാൽ പുഴു ഇല്ലാത്ത മാമ്പഴം കിട്ടുവാൻ വിളഞ്ഞ മാങ്ങകൾ പറിച്ചെടുത്ത് ഒരു ബക്കറ്റ് തിളച്ച വെള്ളവും മുക്കാൽ ബക്കറ്റ് സാധാരണ ഊഷ്മാവിൽ ഉള്ള വെള്ളവും കൂടി ചേർത്ത് ലിറ്ററിന് ഒരു ഗ്രാം എന്ന തോതിൽ കറിയുപ്പ് ചേർത്ത് പതിനഞ്ച് മിനിറ്റ് വയ്ക്കുക. അതിനുശേഷം പുറത്തെടുത്ത് സാധാരണ വെള്ളത്തിൽ കഴുകി തുടച്ച് പാക്ക് ചെയ്യുകയോ, പഴുപ്പിക്കാൻ വയ്ക്കുകയോ ചെയ്താൽ പുഴു ഇല്ലാത്ത മാമ്പഴം ലഭിക്കും.
5. കവുങ്ങിൽ കാണപ്പെടുന്ന കുരുത്തോല ചാഴി, മഞ്ഞളിപ്പ് തുടങ്ങി രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക.
6. കാൽസ്യത്തിൻറെ അഭാവം വാഴകളിൽ ഉണ്ടാകുമ്പോൾ വാഴയിലകൾ കട്ടി കൂടുകയും ഇടകലർന്ന പച്ചയും മഞ്ഞയും നിറങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ കാണുന്ന പക്ഷം വാഴ ഒന്നിന് ഒരു കിലോ കുമ്മായം നാല് തവണയായി നൽകണം.
7. ഈ സമയത്ത് മുയലുകളിൽ രക്താതിസാരം എന്ന രോഗസാധ്യത വരാറുണ്ട്. വെള്ളത്തിലൂടെ ആണ് മിക്കവാറും രോഗാണു ശരീരത്തിൽ എത്തുന്നത്. അതുകൊണ്ട് തന്നെ രോഗപ്രതിരോധത്തിനായി അമ്മയെ കൂട്ടിൽനിന്നും മാറ്റുന്നതിന് മൂന്നു ദിവസം മുൻപ് തന്നെ സൂപ്പർ കോക്സ് മുതലായ മരുന്നുകൾ കുടിക്കുന്ന ജലത്തിൽ നൽകണം. മുയലുകൾക്ക് സ്വയം വെള്ളം കുടിക്കുന്ന സംവിധാനം കൂടിൽ ഉണ്ടാകണം. കൂടും പരിസരവും വൃത്തിയാക്കുന്നത് രോഗം വരാതിരിക്കാൻ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ : കമ്പോള വില നിലവാരം-21/05/2022
Share your comments