കോട്ടയം: ഏപ്രിൽ 1ന് വൈക്കത്തു നടക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ അരലക്ഷം കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കും. വൈക്കം നഗരം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനകീയസമ്മേളനത്തിനായി സുരക്ഷാക്രമീകരണങ്ങൾ അടക്കമുള്ളവ വിലയിരുത്തുന്നതിനായി സ്വാഗതസംഘം ചെയർമാനും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയുമായ വി.എൻ. വാസവൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഒരുലക്ഷത്തിലേറെ പേർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണു കണക്കാക്കുന്നത്.
സാംസ്‌കാരികവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളടക്കം വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ചടങ്ങിനായി പതിനായിരം പേർക്കിരിക്കാവുന്ന കൂറ്റൻ പന്തലാണ് വൈക്കത്തു സജ്ജീകരിക്കുന്നത്. പന്തലിലെ സുരക്ഷാക്രമീകരണങ്ങളും ശബ്ദ, വെളിച്ച വിന്യാസങ്ങളും സംബന്ധിച്ച കാര്യങ്ങളും യോഗം വിലയിരുത്തി. ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചു വൈക്കം നഗരസഭയിൽ ഹരിതകർമസേനയുടെ സഹകരണത്തോടെ ശുചിത്വമുറപ്പാക്കൽ നടപ്പാക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ആറ്റുകാൽ പൊങ്കാലയ്ക്കു മണിക്കൂറുകൾക്കുള്ളിൽ തിരുവനന്തപുരം കോർപറേഷൻ നഗരം ശുചിയാക്കിയതു മാതൃകയാക്കാവുന്നതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ബീച്ച് പരിസരത്തെ പോള നീക്കൽ,വേദിക്കു സമീപത്തെ കാടുവൃത്തിയാക്കൽ എന്നിവ വേഗത്തിൽ പൂർത്തീകരിക്കും. ഉദ്ഘാടനസമ്മേളനത്തിലെ ജനത്തിരക്ക് കണക്കിലെടുത്തു രണ്ട് ആംബുലൻസുകളും മെഡിക്കൽ സംഘവും പൊതുജനങ്ങൾക്കായി സജ്ജമാക്കും. ജനങ്ങൾക്കു കുടിവെള്ളം ലഭ്യമാക്കുന്നതിനായി നൂറ് സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സേവനവും ലഭ്യമാക്കും. പാർക്കിംഗ് സൗകര്യങ്ങളൊരുക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.
യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, വൈക്കം എ.സി.പി. നകുൽ ദേശ്മുഖ്, ആർ.ഡി.ഒ. പി.ജി. രാജേന്ദ്രകുമാർ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, ജലസേചനവകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ ജോയി ജനാർദനൻ, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എൻജിനീയർ എൻ.വി. ജോഷി, വൈക്കം നഗരസഭാ സെക്രട്ടറി രമ്യ കൃഷ്ണൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ അഭിലാഷ് കെ. ദിവാകർ, തഹസീൽദാർ ടി.എൻ. വിജയൻ, വൈക്കം പോലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ. കെ.ജി. കൃഷ്ണൻ പോറ്റി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ ഒന്നിന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് നിർവഹിക്കും.
വൈക്കം സത്യഗ്രഹം നടന്ന 603 ദിവസത്തെ അനുസ്മരിച്ച് സംസ്ഥാനത്തുടനീളം സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് 603 ദിവസം നീളുന്ന ശതാബ്ദി ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും സാംസ്‌കാരിക വകുപ്പ് മന്ത്രി വർക്കിംഗ് ചെയർമാനുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനു മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായും സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചെയർമാനുമായി സംഘാടക സമിതി രൂപികരിച്ചിട്ടുണ്ട്.
Share your comments