തിരുവനന്തപുരം: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്തു.
രാജ്യമെമ്പാടുമുള്ള ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ആയിരക്കണക്കിനു ഗുണഭോക്താക്കൾ പരിപാടിയിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, പ്രാദേശികതല പ്രതിനിധികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ഹരിദ്വാറിൽനിന്നുള്ള ഗുണഭോക്താവായ ഗുർദേവ് സിങ് ജിയെ ‘ഹർ ഹർ ഗംഗേ’ എന്ന് പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. സദസും ‘ഹർ ഹർ ഗംഗേ’ ആരവം മുഴക്കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കർഷകനായ ശ്രീ സിങ് മത്സ്യബന്ധനത്തിലും വ്യാപൃതനാണ്.
തന്റെ വരുമാനം ഇരട്ടിയാക്കുന്നതിലേക്കു നയിച്ച മത്സ്യ സമ്പദ യോജനയുടെ നേട്ടങ്ങൾ എങ്ങനെയാണു പ്രയോജനപ്പെടുത്തിയതെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ഒരേക്കർ ഭൂമിയിൽനിന്ന് 60,000 രൂപ വരുമാനം ലഭിച്ചിരുന്നതായും ഇപ്പോൾ മത്സ്യബന്ധനത്തിലൂടെ അതേ ഭൂമിയിൽനിന്ന് 1.5 ലക്ഷം രൂപ കണ്ടെത്താനാകുന്നതായും അദ്ദേഹം അറിയിച്ചു. ഗവൺമെന്റ് പദ്ധതികൾ പഠിക്കുന്നതിനോടൊപ്പം നൂതനമായ ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനും പ്രധാനമന്ത്രി അദ്ദേഹത്തെ പ്രശംസിച്ചു.
മൃഗസംരക്ഷണം, മത്സ്യബന്ധനം, തേൻ ഉൽപ്പാദനം എന്നിവയിലൂടെ കാർഷിക വരുമാനം വർധിപ്പിക്കുന്നതിന്റെ പ്രയോജനം പ്രധാനമന്ത്രി ആവർത്തിച്ചു. ഹരിത-ധവള വിപ്ലവത്തോടൊപ്പം മധുരവിപ്ലവത്തിന്റെയും നീലവിപ്ലവത്തിന്റെയും പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
Share your comments