തൃശ്ശൂർ: ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള മികവു വർദ്ധന പരിശീലനത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലനത്തിൻ്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ നിർവഹിച്ചു.
മൂന്ന് ദിവസങ്ങളിയായി നടക്കുന്ന പരിശീലനത്തിൽ കൊടകര, തൃക്കൂർ, പുതുക്കാട് പഞ്ചായത്തുകളിൽ നിന്നുള്ള 45 അംഗങ്ങളാണ് പങ്കെടുക്കുന്നത്. നിലവിൽ ഹരിത കർമ്മസേന അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരം, യൂസർ ഫീ ഇനത്തിലെ വർധന, ഹരിത കർമ്മ സേന അംഗങ്ങളുടെ സംരംഭങ്ങൾ തുടങ്ങിയവയിലൂടെ ഓരോ അംഗത്തിന്റെയും വരുമാനം വർധിപ്പിക്കുക എന്നിവയാണ് പരിശീലനത്തിലൂടെ ലക്ഷ്യമാക്കുന്നത്.
ആദ്യ ദിവസം സംഘബല തന്ത്രവും നേതൃത്വ ശേഷിയും, ആരോഗ്യവും ശുചിത്വവും വിഷയങ്ങളിൽ വടകര ഹരിയാലി പരിശീലന കേന്ദ്രത്തിലെ കോ ഓർഡിനേറ്റർമാരായ ശ്രീനാഥ്, സനു എന്നിവർ ക്ലാസുകൾ നയിച്ചു. രണ്ടും മൂന്നും ദിവസങ്ങളിൽ ബ്ലോക്ക് പരിധിയിൽ വരുന്ന ഒരു എം സി എഫ് സന്ദർശനവും തുടർന്ന് അതിന്റെ സംശയ നിവാരണവും നടത്തും.
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ കവിത എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ രാധാകൃഷ്ണൻ, ഹരിയാലി കോ ഓർഡിനേറ്റർ ശ്രീനാഥ്, കുടുംബശ്രീ പ്രോഗ്രാം മാനേജർ ആദർശ് പി ദയാൽ, ബ്ലോക്ക് കോ ഓർഡിനേറ്റർ ഓജസ് ഇ ജെ തുടങ്ങിയവർ പങ്കെടുത്തു.
Share your comments