തൃശ്ശൂർ: കാടുകുറ്റി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ചെടികളുടെയും, ഫലവൃക്ഷ തൈകളുടെയും നഴ്സറിയായ ഹരിതം അഗ്രിഫാം ഒരുങ്ങി. ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടുവളപ്പിൽ ഒരുക്കാം ഫലവൃക്ഷ തോട്ടം, ആദായം ഒരുക്കുന്ന ഫല വൃക്ഷങ്ങൾ ഏതൊക്കെയെന്നറിയാം
മിതമായ നിരക്കിൽ ഗുണമേന്മയുള്ള ചെടികൾ, ഫലവൃക്ഷ തൈകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നഴ്സറി ഒരുക്കിയിട്ടുള്ളത്. വിവിധതരം ചെടിച്ചട്ടികൾ, വളങ്ങൾ, മറ്റ് കാർഷിക ഉപകരണങ്ങൾ, വിത്തുകൾ എന്നിവയും ലഭിക്കും. നഴ്സറി സ്ഥിരമായി ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ പ്രവർത്തിക്കും.
ബാങ്ക് നേതൃത്വത്തിൽ ഒരുക്കിയ ഞാറ്റുവേല ചന്ത ബ്ലോക്ക് പ്രസിഡന്റ് വേണു കണ്ടരുമഠത്തിലും, മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസും ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിൽ പങ്കെടുത്തവർക്ക് നല്ലയിനം തെങ്ങിൻ തൈ 50 രൂപ നിരക്കിൽ നൽകി. വിവിധ സ്റ്റാളുകളുടെ പ്രദർശനവും വിപണനവുമായ ഞാറ്റുവേല ചന്ത ജൂലൈ 7 വരെ ഉണ്ടാകും.
ചടങ്ങിൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഹാഷിം സാബു അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം ഷൈല ജോഷി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. സി അയ്യപ്പൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ലീന ഡേവിസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ രാഖി സുരേഷ്, മോഹിനി കുട്ടൻ, സി.ഡി.എസ് ചെയർപേഴ്സൺ അശ്വതി മഹേഷ്, ബാങ്ക് വൈസ് പ്രസിഡൻറ് ടോമി ഡിസിൽവ, ബാങ്ക് ഭരണസമിതി അംഗങ്ങളായ എം ആർ ഷാജി, ഷാജി ജോബി, ഗിരിജ ഉണ്ണി, ബാങ്ക് സെക്രട്ടറി ഇ കെ വിജയ തുടങ്ങിയവർ പങ്കെടുത്തു.
Share your comments