കാക്കനാട്: ജില്ലയില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇതുവരെ 140 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷി ആരംഭിച്ചു. ആകെ 300 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷി ആരംഭിക്കാനുള്ള നടപടികള്‍ തുടരുന്നു. 100 ഹെക്ടര്‍ കരനെല്‍കൃഷി എന്ന ലക്ഷ്യത്തിലേക്കും ജില്ല അടുക്കുകയാണ്. ഇതുവരെ 92 ഹെക്ടറില്‍ കരനെല്‍കൃഷി ആരംഭിച്ചു. ഹരിത കേരളം മിഷന്‍ സംസ്ഥാന ഉപാധ്യക്ഷ ടിഎന്‍ സീമയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടന്ന പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തില്‍ കൃഷിവകുപ്പാണ് കണക്കുകള്‍ അവതരിപ്പിച്ചത്.
മാലിന്യ നിര്‍മാര്‍ജനത്തിനായി വിവിധ പഞ്ചായത്തുകള്‍ നടപ്പാക്കുന്ന പദ്ധതിയില്‍ പലപ്പോഴും എകോപനമുണ്ടാവാറില്ലെന്ന് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട ആശ സനല്‍ അഭിപ്രായപ്പെട്ടു.
മാലിന്യ നിര്‍മാര്‍ജനത്തിനായി ഹരിതകേരളം പദ്ധതിയില്‍ ഏറ്റെടുക്കുന്ന വിവിധ പ്രോജക്ടുകള്‍ സമുഗ്രമായിരിക്കണമെന്നും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംയോജിതമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ടി എന്‍ സീമ നിര്‍ദേശിച്ചു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 113 നേഴ്‌സറികള്‍ ആരംഭിച്ചു. 2018ല്‍ 15 ലക്ഷം തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത് ഇതില്‍ മൂന്നു ലക്ഷത്തോളം ഫലവൃക്ഷതൈകള്‍ തൈകള്‍ തയ്യാറായിക്കഴിഞ്ഞു.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കടമ്പ്രയാര്‍ 11 കിലോമീറ്റര്‍ വൃത്തിയാക്കിയതിനെ തുടര്‍ന്ന് പലയിടത്തും ജലസ്രോതസ്സുകള്‍ വൃത്തിയാക്കല്‍ പൊതുജനം ഏറ്റെടുക്കുകയുണ്ടായി. വെമ്പള്ളി പനമ്പേലിത്താഴം മനക്കേക്കര വലിയതോട് 7 കിലോമീറ്ററോളം ദൂരം പൊതുജനങ്ങള്‍ വൃത്തിയാക്കി. കരുമാല്ലൂര്‍ പഞ്ചായത്തിലെ തടിക്കക്കടവ് ഭാഗത്തെ പെരിയാറിന്റെ ഭാഗമായ മംഗലപ്പുഴയും പൊതുജനങ്ങള്‍ വൃത്തിയാക്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൃഷിക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നതാണെന്ന് ടി എന്‍ സീമ അഭിപ്രായപ്പെട്ടു.
പല കനാലുകളും തോടുകളും പലയിടത്തും ഒഴുക്ക് തടസ്സപ്പെട്ട് കിടക്കുന്നു. ഒരു സര്‍വ്വേ നടത്തി പെരിയാറിന്റേയും ചിറകളുടെയും ഒഴുക്ക് വീണ്ടെടുത്താല്‍ കൂടുതല്‍ സുഗമമായി കൃഷി ചെയ്യാനാകുമെന്നും ടി എന്‍ സീമ അഭിപ്രായപ്പെട്ടു.
റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി പൂര്‍ണ്ണമാക്കാനുള്ള നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുകയാണെന്ന് ക്ലീന്‍ കേരള കമ്പനി മാനേജിങ് ഡയറക്ടര്‍ കബീര്‍ ബി ഹാരൂണ്‍ പറഞ്ഞു. ബള്‍ബ,് ട്യൂബ് തുടങ്ങിയ അപകടകരമായ മാലിന്യങ്ങളുടെ സംസ്‌കരണവും ഗല്‍സിന്റെ പുനരുപയോഗവും സാധ്യമാക്കുന്നതോടെ സീറോ വേസ്റ്റ് മാനേജ്‌മെന്റിലേക്ക് ജില്ല എത്തിത്തീരും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ അനിത ഏലിയാസ്, ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ സൂജിത് കരുണ്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Share your comments