കണ്ണൂർ: ഹരിതം ജൈവ പച്ചക്കറി പാർക്ക് കർഷകരുടെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ നിർവഹിച്ചു. മുണ്ടേരി പഞ്ചായത്ത് ഓഫീസിന് പുറകിലുള്ള ജലസേചന വകുപ്പിന്റെ ഒരേക്കർ സ്ഥലത്താണ് കൃഷി. പയർ, വെണ്ടയ്ക്ക, വഴുതിന, കക്കിരി, വെള്ളരിക്ക, പടവലം, മുളക്, ചീര തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. മെയ് മാസമാണ് പദ്ധതി ആരംഭിച്ചത്.
പച്ചക്കറികൾ സമീപവാസികൾക്കും നാട്ടുകാർക്കും കൃഷി സ്ഥലത്ത് നിന്ന് തന്നെ വിൽപന നടത്തുകയാണ് ചെയ്യുന്നത്. ബാക്കി വരുന്നവ കുടുക്കിമൊട്ടയിലെ കടകളിലും നൽകും. പൂർണമായും ജൈവ വളം ഉപയോഗിച്ചുള്ള കൃഷിയാണ്. വിരമിച്ച അധ്യാപകനായ അരവിന്ദാക്ഷൻ മാസ്റ്റരുടെ നേതൃത്വത്തിൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ചവരും അധ്യാപകരുമായ 18 പേരാണ് ഈ കൂട്ടായ്മയിലുള്ളത്. 2020 സെപ്റ്റംബറിലാണ് ആദ്യമായി കൃഷി ചെയ്തത്. എല്ലാ വർഷവും പച്ചക്കറികൾ, ചേന, മഞ്ഞൾ, വാഴ തുടങ്ങി വിവിധയിനം വിളകൾ ഉത്്പാദിപ്പിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയിൽ ചെണ്ടു മല്ലി കൃഷിയും ഇവിടെ ചെയ്തിട്ടുണ്ട്. വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ വി കെ സുരേഷ്ബാബു നിർവഹിച്ചു. ഓണത്തിന് ആവശ്യക്കാർക്ക് പൂക്കൾ എത്തിച്ച് നൽകും.
ബന്ധപ്പെട്ട വാർത്ത: വീട്ടുവളപ്പിലെ പച്ചക്കറി കൃഷി: അറിയേണ്ടതെല്ലാം
ഈ വർഷത്തോടെ ചെറുധാന്യ കൃഷിയും ആരംഭിക്കാനുള്ള ശ്രമത്തിലാണ് കൂട്ടായ്മ. മുണ്ടേരി ഗ്രാമ പഞ്ചായത്തിന്റെയും മുണ്ടേരി കൃഷി ഭവന്റെയും പൂർണ്ണ പിന്തുണയാണ് ഇത്തരത്തിൽ ഒരു ഉദ്യമം തുടങ്ങാൻ പ്രേരകമായതെന്ന് ഹരിതം ജൈവ പച്ചക്കറി പാർക്ക് സെക്രട്ടറി സി രാമദാസൻ പറഞ്ഞു .
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലുടനീളം 2000 പാക്കറ്റ് വിത്തുകളും 5625 തൈകളും വിതരണം ചെയ്തിരുന്നു. ഇതോടൊപ്പം ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയിൽ ചെണ്ടുമല്ലി കൃഷിയും നടത്തി. 60,000 ചെണ്ടു മല്ലി തൈകൾ വിതരണം ചെയ്തു. സ്‌കൂളുകൾ, വായനശാലകൾ, സ്വാശ്രയ സംഘങ്ങൾ, അങ്കണവാടികൾ എന്നിവയുടെ നേതൃത്വത്തിലാണ് പൂകൃഷി നടത്തിയത്.
                    
                    
                            
                    
                        
                                            
                                            
                        
                        
                        
                        
                        
                        
                        
Share your comments