കൊവിഡ്-19 പകർച്ചവ്യാധി രൂക്ഷമായതിനെ തുടർന്ന് ഉപഭോക്താക്കളുടെ സുരക്ഷയും അസൗകര്യവും കണക്കിലെടുത്ത് രാജ്യത്തുടനീളം മൊബൈൽ എടിഎം സേവനം ഒരുക്കിയിരിക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്.
പണം പിൻവലിക്കുന്നതിന് താമസിക്കുന്നിടത്തുനിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് പോകുന്നത് മൊബൈൽ എടിഎമ്മുകൾ വഴി ഒഴിവാക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് മൊബൈൽ എടിഎം ഉപയോഗിച്ച് 15 തരം ഇടപാടുകൾ നടത്താൻ കഴിയും. ഓരോ സ്ഥലത്തും നിശ്ചിത സമയം വരെയാണ് എടിഎമ്മുകൾ പ്രവർത്തിക്കുക. ഒരു പ്രദേശത്ത് ഒരു ദിവസം മൂന്ന് നാല് തവണ മൊബൈൽ എടിഎം സേവനം ലഭ്യമാക്കുമെന്നും എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ഉദ്യോഗസ്ഥരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും ബാങ്ക് കൂട്ടിച്ചേർത്തു.
തുടക്കത്തിൽ മുംബൈ, ചെന്നൈ, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ്, ഡൽഹി, ഹൊസൂർ, തിരുച്ചി, സേലം, ഡെറാഡൂൺ, ലഖ്‌നൗ, ഭുവനേശ്വർ, കോയമ്പത്തൂർ, അലഹബാദ് എന്നിവയുൾപ്പെടെ 19 നഗരങ്ങളിലാണ് മൊബൈൽ എടിഎം സേവനം ലഭ്യമാക്കുക. കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചായിരിക്കും എടിഎമ്മിന്റെ പ്രവർത്തനം. ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രാദേശിക അധികാരകളുടെ സഹായം തേടും.
കഴിഞ്ഞ വർഷം ലോക്ക് ഡൗൺ സമയത്ത് എച്ച്ഡിഎഫ്സി ബാങ്ക് 50 നഗരങ്ങളിൽ മൊബൈൽ എടിഎം വിന്യസിച്ചിരുന്നു.
Share your comments