കൊല്ലം: കുതിരകളുടെ പ്രദര്‍ശനത്തിനും പൊതുസവാരിക്കും ആരോഗ്യസാക്ഷ്യപത്രം കര്‍ശനമാക്കി മൃഗസംരക്ഷണ വകുപ്പ്. സംസ്ഥാനത്താദ്യമായി ക്യാമ്പ് സംഘടിപ്പിച്ചാണ് ആരോഗ്യപരിശോധനയും സാക്ഷ്യപത്ര വിതരണവും നടത്തിയത്. ആശ്രാമം മൈതാനത്ത് നടത്തിയ പ്രത്യേക ക്യാമ്പിലൂടെ 40 കുതിരകള്‍ക്കാണ് നിയമാനുസൃത സാക്ഷ്യപത്രം ലഭ്യമാക്കിയത്.
എല്ലാവിധ ആരോഗ്യപരിശോധനയും വിദഗ്ധരടങ്ങുന്ന സംഘം നടത്തിയാണ് ലൈസന്‍സും നല്‍കിയത്. ഉയരം, ഭാരം, ശരീരഘടന, നിറം എന്നിവ രേഖപ്പെടുത്തി. സമഗ്ര ആരോഗ്യപരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ അയച്ചിട്ടുമുണ്ട്.
മൈക്രോസ്‌കോപ്പ്, എക്‌സ്‌റേ, ടെലിവെറ്ററിനറി യൂണിറ്റ്, മൊബൈല്‍ സര്‍ജറി യൂണിറ്റ്, തത്സമയ രക്തപരിശോധന, കുളമ്പു പരിശോധന, പരാദ പരിശോധന സ്‌കാനിങ് എന്നിവയാണ് നടത്തിയത്. വിവിധ ഇനങ്ങളിലുള്ള റൈഡുകള്‍ നടത്താന്‍ പാകത്തില്‍ സീറ്റും ബെല്‍റ്റുകളും ഉള്‍പ്പെടെയുള്ള ഉപാധികളോടെയാണ് കുതിരകളെ ഉടമസ്ഥര്‍ സ്ഥലത്തെത്തിച്ചത്. 12 അംഗ മൃഗചികിത്സക സംഘമാണ് വിലയിരുത്തല്‍ നടത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈന്‍കുമാര്‍, വെറ്ററിനറി സര്‍ജന്‍മാരായ സജയ് കുമാര്‍, ഷീജ, കിരണ്‍ ബാബു, ഗീതാറാണി, ചിഞ്ചു ബോസ്, ആര്യ സുലോചനന്‍, സേതു ലക്ഷ്മി, ഫീല്‍ഡ് ഓഫീസര്‍മാരായ നിഹാസ്, കൃഷ്ണകുമാര്‍, റിജു തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments