പാലക്കാട്: ഉഷ്ണതരംഗ മുന്നറിയിപ്പിനെ തുടർന്ന് പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് രണ്ടുവരെ അടച്ചിടാൻ നിർദ്ദേശം. ഉയർന്ന താപനിലയെ തുടർന്ന് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ഡോ. എസ് ചിത്രയുടെ ഈ നിർദേശം. മെഡിക്കൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനാണ് ജില്ലാ കളക്ടർ നിർദേശം നൽകിയിരിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പ്, പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും കളക്ടർ മുന്നറിപ്പ് നൽകി.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ സൂര്യാഘാതമേറ്റ് വയോധിക മരിച്ചിരുന്നു. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്. വൈകുന്നേരം നടക്കാനിറങ്ങിയ ലക്ഷ്മിയെ കനാലിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. പോസ്റ്റ് മോർട്ടത്തിലാണ് മരണ കാരണം സൂര്യാഘാതമാണെന്ന് കണ്ടെത്തിയത്.
Share your comments