ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) കേരളത്തിലെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നി ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
കേരളത്തിന്റെ പല ഭാഗങ്ങളിലും ഇന്നും മഴ തുടർന്നുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്തെ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, കോട്ടയം, കാസർകോട്, പാലക്കാട്, ഇടുക്കി, തൃശൂർ, എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നിങ്ങനെ 11 ജില്ലകളിലെ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ പെയ്‌ത കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ മരങ്ങൾ കടപുഴകി വീണു.
വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി ലൈനുകൾ ഒടിഞ്ഞുവീഴുകയും ചെയ്‌തു. മരങ്ങൾ വീണതിനാൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കഴിഞ്ഞ രാത്രി മുതൽ തുടർച്ചയായി പെയ്യുന്ന മഴയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറുകണക്കിന് വീടുകൾക്ക് നാശനഷ്ടമുണ്ടായി. കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ മലങ്കര ഡാം പോലെയുള്ള ചില ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്.
ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം പ്രവചിച്ചതുപോലെ മഴയുടെ തീവ്രതയിൽ കുറവ് വന്നിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിലായി 47 മഴ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും, 879 പേരെ അവിടേക്ക് മാറ്റിയതായും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. കനത്ത മഴ തുടരുന്നതിനാൽ വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും, സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ടെന്നും അതിനാൽ പൊതുജനങ്ങളും ജാഗ്രതയും പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥയക്കനുസരിച്ച് അരിയ്ക്ക് വില കൂടും
Pic Courtesy: Pexels.com
Share your comments