<
  1. News

കേരളത്തിൽ വ്യാപക മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട്..കൂടുതൽ കൃഷി വാർത്തകൾ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Darsana J

1. കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. വടക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കനത്ത മഴ; കേരളത്തിൽ വ്യാപക കൃഷി നാശം..കൃഷി വാർത്തകളിലേക്ക്

2. പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾക്ക് അറിയിപ്പ്. 13-ാം ഗഡുവിനായി കാത്തിരിക്കുന്ന ഗുണഭോക്താക്കൾ നിർബന്ധമായും ഇകെവൈസി പൂർത്തിയാക്കണം. ആധാർ കാർഡ്, ഫോൺ നമ്പർ എന്നിവ e-KYC update ചെയ്യാൻ ആവശ്യമാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് സർക്കാർ ഇകെവൈസി നിർബന്ധമാക്കിയിരിക്കുന്നത്. ബയോമെട്രിക് സംവിധാനത്തിലൂടെ ഇകെവൈസി അപ്ഡേറ്റ് ചെയ്താൽ 15 രൂപ നൽകണം. അടുത്ത വർഷം മാർച്ചിൽ 13-ാം ഗഡു ലഭിക്കുമെന്നാണ് സൂചന. ഒക്ടോബർ 17നാണ് 12-ാം ഗഡു വിതരണം ചെയ്തത്. ഇകെവൈസി അപ്ഡേറ്റ് ചെയ്യാത്ത കർഷകർക്ക് കഴിഞ്ഞ തവണയും തുക ലഭിച്ചിരുന്നില്ല. PM Kisan portal വഴിയോ, അക്ഷയ സെന്ററുകളോ, മറ്റ് സേവന കേന്ദ്രങ്ങൾ വഴിയോ, ഭൂമി സംബന്ധമായ വിവരങ്ങൾ ചേർത്ത് ekyc പൂർത്തിയാക്കാം.

3. കിസാൻ സഭ ദേശീയ സമ്മേളനത്തിന് തൃശൂരിൽ തുടക്കം. അഖിലേന്ത്യാ കിസാൻ സഭയുടെ 35-ാം ദേശീയ സമ്മേളനം ഇന്നു മുതൽ 16 വരെയാണ് ജില്ലയിൽ നടക്കുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 803 പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. പൊതുസമ്മേളന വേദിയായ തേക്കിൻകാട് മൈതാനത്ത് ദേശീയ സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് പതാക ഉയർന്നു. 16ന് നടക്കുന്ന കർഷക മഹാറാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ വച്ച് ഡൽഹിയിൽ നടന്ന കർഷക സമരത്തിന്റെ പ്രതിനിധികളെ ആദരിക്കും.

4. വരും വർഷങ്ങളിൽ സംസ്ഥാനത്ത് പാൽവിപ്ലവം നടക്കുമെന്ന് ക്ഷീരവികസനമന്ത്രി ജെ.ചിഞ്ചുറാണി. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ഗോകുൽ മിഷൻ വഴി നടപ്പിലാക്കുന്ന ലിംഗനിർണയം നടത്തിയ ബീജാമാത്രകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് വഴി നടപ്പിലാക്കുന്ന പദ്ധതി മുഴുവൻ കർഷകർക്കും ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിയിലൂടെ ഗുണമേന്മയുള്ള പശുക്കുട്ടികളെ കർഷകർക്ക് ലഭ്യമാക്കും.

5. കാലിത്തീറ്റ ക്ഷാമത്തിന് പരിഹാരമായി കിസാൻ തീവണ്ടി പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കെ. രാജൻ. ഒല്ലൂക്കര ബ്ലോക്ക് ക്ഷീരസംഗമവും പാണഞ്ചേരി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ 50-ാം വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീരകർഷകർക്ക് കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കാനുള്ള കിസാൻ തീവണ്ടി പദ്ധതിയുടെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിച്ച് ശുദ്ധമായ പാൽ ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിചേർത്തു. ഒല്ലൂക്കര ബ്ലോക്കിലെ മികച്ച ക്ഷീര കർഷകരെയും ക്ഷീര സംഘങ്ങളെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.

6. പ്രകൃതി സൗഹൃദ പച്ചക്കറി കൃഷിയുമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത്. പ്രദേശത്തെ എല്ലാ സ്കൂളിലുകളിലും പച്ചക്കറി തൈകൾ വിതരണം ചെയ്ത് പച്ചക്കറിക്കൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹരിതം പോളി ഹൗസിലാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. 37 സ്കൂളുകൾക്ക് തൈകൾ വിതരണം ചെയ്തു.

7. എളവള്ളി പഞ്ചായത്തിൽ കന്നുകാലി സംരക്ഷണത്തിനായി ആധുനിക യന്ത്രം എത്തിച്ചു. കന്നുകാലികൾ തളർന്നുവീഴുന്ന സാഹചര്യം ഉണ്ടായാൽ എഴുന്നേൽപ്പിച്ചു നിർത്താൻ യന്ത്രത്തിന് സാധിക്കും. പശുക്കളുടെ പ്രസവസമയത്തും അതിനുമുമ്പും കാൽസ്യത്തിന്റെ കുറവ് മൂലം തളർന്നു വീഴുകയും മരിക്കുകയും ചെയ്യാറുണ്ട്. ഇത് പരിഹരിക്കാൻ ക്ഷീര കർഷകരുടെ ആവശ്യപ്രകാരമാണ് യന്ത്രം എത്തിച്ചത്. 8 അടി ഉയരമുള്ള യന്ത്രത്തിൽ അനായാസമായി കന്നുകാലികളെ ഉയർത്താനുള്ള സൗകര്യമുണ്ട്.

8. രണ്ടാം വിള നെല്ല് സംഭരണത്തിനായി കർഷക രജിസ്‌ട്രേഷൻ ആരംഭിക്കുന്നു. സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ഈ മാസം 15 മുതലാണ് ആരംഭിക്കുക. സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടൽ വഴിയാണ് (www.supplycopaddy.in) കർഷകർ രജിസ്റ്റർ ചെയ്യേണ്ടത്. നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ പൂർണമായും അംഗീകരിച്ചു കൊണ്ട് കർഷകർക്ക് രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

9. കോഴിക്കോട് വേളം പഞ്ചായത്തിലെ മണിമലയിൽ കുറ്റ്യാടി നാളികേര പാർക്ക് യാഥാർത്ഥ്യമാകുന്നു. പാർക്കിന്റെ ശിലാസ്ഥാപനം ഈ മാസം 17ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിക്കും. നാളികേര അധിഷ്ഠിത ഉല്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച് കുറ്റ്യാടി തേങ്ങയ്ക്ക് ഡിമാൻഡ് വർധിപ്പിക്കുകയാണ് പാർക്കിലൂടെ ലക്ഷ്യമിടുന്നത്.

10. കോഴിക്കോട് വേങ്ങേരി അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. കൂണ്‍കൃഷി, മത്സ്യകൃഷി, അടുക്കളത്തോട്ട നിര്‍മ്മാണം, കിഴങ്ങ് വര്‍ഗ്ഗ സംസ്‌ക്കരണം, തേനീച്ച കൃഷി, ചക്ക സംസ്‌ക്കരണം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നടക്കുക. ഈ മാസം 23 മുതൽ 30 വരെ വേങ്ങേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലാണ് പരിശീലനം നടക്കുന്നത്. 

11. മൂല്യ വര്‍ദ്ധിത കാര്‍ഷിക മിഷനില്‍ ഒഴിവ്. സംസ്ഥാന കൃഷി വകുപ്പ് ആരംഭിക്കുന്ന മൂല്യവര്‍ദ്ധിത കാര്‍ഷിക പദ്ധതി ആവിഷ്‌കരണ ടീമില്‍ പങ്കെടുക്കാൻ പ്രൊഫഷണലുകളെ ഹ്രസ്വകാല ഡെപ്യൂട്ടേഷന്‍/കരാറില്‍ നിയമിക്കുന്നു. കൃഷി/ എന്‍ജിനീയറിംഗില്‍ ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറല്‍ ബിരുദം എന്നീ യോഗ്യതയുള്ളവർക്ക് മുന്‍ഗണന. സര്‍ക്കാര്‍ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സര്‍വകലാശാലകളിലോ നിയമിതരായിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. (https://forms.gle/39NsnF3pFcDrcxDR6)

12. 'പച്ചക്കറി വിളകളിലെ തൈകളുടെ ഉത്പാദനവും സംയോജിത കീടരോഗ നിയന്ത്രണവും' വിഷയത്തില്‍ പരിശീലനം നേടാം. കോഴിക്കോട് വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തിലെ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ ഈ മാസം 16നാണ് പരിശീലനം നടക്കുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. രാവിലെ 10 മുതല്‍ നാലുവരെയാണ് ക്ലാസ്. 

13. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി ചെയ്യാൻ ധനസഹായം നൽകുന്നു. കുറവിലങ്ങാട് കൃഷിഭവന്റെ നേതൃത്വത്തിൽ 'വീടുകളിൽ, വിളയിക്കാം, വിഷരഹിത ഭക്ഷ്യ വസ്തുക്കൾ' എന്ന ലക്ഷ്യത്തോടെ 25 ചെടിച്ചട്ടികളിലോ, അനുബന്ധ വസ്തുക്കളിലോ കൃഷി ചെയ്യുന്നവർക്ക് 2000 രൂപ പ്രോത്സാഹന ധനസഹായം ലഭിക്കും. ധനസഹായം ലഭിക്കാൻ ഈ മാസം 30ന് മുമ്പ് കൃഷിഭവനുമായി ബന്ധപ്പെടാം.

14. 2022 കൊറിയ അഗ്രിടെക് ട്രേഡ് ഷോ ഹൈദരാബാദിൽ സംഘടിപ്പിക്കുന്നു. കാർഷിക മേഖലയിലെ സാങ്കേതിക പുരോഗതി, നിക്ഷേപം, വ്യവസായ സാധ്യത എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വലിയ പ്രദർശനമാണ് ഈ മാസം 15 ന് AG ഹബ്ബിൽ നടക്കുക. ഇന്ത്യയിലെ പ്രമുഖ കാർഷിക-വ്യവസായ കമ്പനികളും കൊറിയയിലെ നിരവധി കമ്പനികളും പരിപാടിയുടെ ഭാഗമാകും.

15. ബെഹ്റൈനിലെ വിവിധ സ്കൂളുകളിൽ മരം നടുന്നതിന് പുതിയ പദ്ധതി നടപ്പിലാക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന പദ്ധതി മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യാർഥികളെ പങ്കാളികളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

English Summary: heavy rain in kerala Yellow alert in 11 districts malayalam agriculture news

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds