കേരളത്തിലുടനീളം മഴ കനത്തു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് കേരളത്തില്‍ മഴ ശക്തമായത്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ കൃഷിനാശമുണ്ടായി.
ശക്തമായ മഴയില്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. നിരവധി വീടുകളും ആദിവാസികളുടെ കുടിലുകളും നശിച്ചു. ആയിരക്കണക്കിന് ഏക്കറിലെ കൃഷിയും ഇവിടെ നശിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ താമരശ്ശേരി ചുരത്തിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.
കാലവര്‍ഷം ശക്തമല്ലാതിരുന്ന കേരളത്തില്‍ സാധാര ലഭിക്കാറുള്ളതിന്റെ 46 ശതമാനം മഴ മാത്രമാണ് ഇക്കുറി ലഭിച്ചത്. മഴ കുറഞ്ഞതിനെ തുടര്‍ന്ന് വേനല്‍ ആകുമ്പോഴേക്കും അണക്കെട്ടുകളില്‍ വെള്ളമില്ലാതെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കരുതിയിരിക്കുമ്പോഴാണ് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തിലുടനീളം മഴ കനത്തത്. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ വന്‍തോതില്‍ നീരൊഴുക്ക് ഉണ്ടായതിനെ തുടര്‍ന്ന് എട്ട് അണക്കെട്ടുകള്‍ ഞായറാഴ്ച വൈകീട്ടോടെ തുറന്നുവിട്ടു. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിലും ജലനിരപ്പുയര്‍ന്നു. പക്ഷേ, അണക്കെട്ട് തുറന്നുവിടത്തക്ക രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ഇടുക്കിയിലും പത്തനംതിട്ടയിലും വ്യാപകമായ കൃഷിനാശം ഉണ്ടായി. പത്തനംതിട്ടയിലും ആലപ്പുഴയിലും ഏക്കര്‍ കണക്കിന് കൃഷി വെള്ളത്തിനടിയിലായി. കനത്ത മഴ രണ്ടുദിവസം കൂടി നീണ്ടുനില്‍ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്.
-Dhanya , Thiruvananthapuram
Share your comments