 
            ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലെ ദഗ്‌വാറിൽ അത്യാധുനിക പാൽ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ദേശീയ ക്ഷീര വികസന ബോർഡുമായി (NDDB) സംസ്ഥാന സർക്കാർ സഹകരിക്കുമെന്ന് അറിയിച്ച് ഓദ്യോഗിക വൃത്തങ്ങൾ. ഏകദേശം 250 കോടി രൂപ ചെലവിൽ പാൽ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്നും, പാൽ വിപണനത്തിനായി എൻഡിഡിബിയുടെ സഹായം സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച് നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു.
ഹിമാചൽ പ്രദേശിലെ നിലവിലെ പാൽ സംഭരണ പ്ലാന്റായ ദഗ്വാർ പ്ലാന്റിന്റെ കപ്പാസിറ്റി ഒരു ലക്ഷം ലിറ്റർ മുതൽ മൂന്ന് ലക്ഷം ലിറ്റർ വരെയാക്കുമെന്നും, അതിൽ ഉയർന്ന ഗുണമേന്മയുള്ള പാലുൽപ്പന്നങ്ങളും തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കർഷകരിൽ നിന്ന് പശുവിൻപാൽ ലിറ്ററിന് 80 രൂപ നിരക്കിലും, എരുമപ്പാൽ ലിറ്ററിന് 100 രൂപ നിരക്കിലും നൽകുമെന്ന വാഗ്ദാനം സംസ്ഥാന സർക്കാർ നിറവേറ്റുന്നതിൽ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ക്ഷീര വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചൽ പ്രദേശിലെ ദഗ്വാറിൽ പ്ലാന്റ് സ്ഥാപിക്കുന്നത് കാൻഗ്ര, ഹമീർപൂർ, ഉന, ചമ്പ ജില്ലകളിലെ കർഷകർക്ക് പ്രയോജനം ചെയ്യുമെന്നും, ഈ പ്രദേശങ്ങളിലെ പാൽ ശേഖരണ സംവിധാനത്തിനായി എൻഡിഡിബി സർവേ നടത്തുമെന്നും മുഖ്യമന്ത്രി സുഖു കൂട്ടിച്ചേർത്തു. പാലുൽപ്പന്നങ്ങളുടെ പാക്കേജിംഗിൽ പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും, അതിനാൽ പ്ലാസ്റ്റിക്കിന്റെ മലിനീകരണ ഘടകങ്ങളിൽ നിന്ന് ഹിമാചലിലെ കാലാവസ്ഥയും വായുവും സംരക്ഷിക്കാൻ പ്ലാസ്റ്റിക്കിന് ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ ജനസംഖ്യയുടെ 90 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നതെന്നും, ഇവിടെ മൃഗസംരക്ഷണവും കൃഷിയും കൈകോർത്താണ് നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകരുടെ വരുമാനം വർധിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും, ഇതിനായി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ദൗത്യത്തിനായി ഹിമാചലിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് എൻഡിഡിബി ചെയർമാൻ മീനേഷ് ഷാ പറഞ്ഞു. പ്ലാന്റിന്റെ പ്രവർത്തനത്തിനും പാൽ ഉൽപന്നങ്ങളുടെ വിപണനത്തിനുമായി എൻഡിഡിബി സ്വന്തം ചെലവിൽ രണ്ട് കൺസൾട്ടന്റുമാരെയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ഉഷ്ണതരംഗ സാഹചര്യങ്ങൾ പരിശോധിക്കാനുള്ള യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി അധ്യക്ഷത വഹിക്കും
Pic Courtesy: Pexels.com
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments