തിരുവനന്തപുരം: സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 40 ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നൽകിയതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് അടിയന്തരമായി നടപടികൾ പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഇതോടെ എല്ലാ പഞ്ചായത്തിലും ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനമാണ് സർക്കാർ പാലിച്ചത്. ഇതിനായി 40 ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ തസ്തിക ആരോഗ്യ വകുപ്പ് സൃഷ്ടിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നാഷണൽ ആയുഷ് മിഷന്റേയും സഹകരണത്തോടെയാണ് ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
മലപ്പുറം മുതുവല്ലൂർ, പെരുവള്ളൂർ, വേങ്ങര, പൊൻമുണ്ടം, വെട്ടത്തൂർ, മേലാറ്റൂർ, തേഞ്ഞിപ്പാലം, മുന്നിയൂർ, കണ്ണമംഗലം, മങ്കട, കീഴാറ്റാർ, പാലക്കാട് അകത്തേത്തറ, വടകരപ്പതി, പെരുമാട്ടി, കപ്പൂർ, കുമരംപുത്തൂർ, നെല്ലായ, വടവന്നൂർ, കൊടുമ്പ്, പൂക്കോട്ടുകാവ്, വെള്ളിനേഴി, വിളയൂർ, അയിലൂർ, പട്ടഞ്ചേരി, തൃശൂർ വാടാനപ്പള്ളി, ചേർപ്പ്, ചൂണ്ടൽ, ദേശമംഗലം, കാട്ടൂർ,
വല്ലച്ചിറ, ഒരുമനയൂർ, കോഴിക്കോട് ചങ്ങരോത്ത്, ചോറോട്, കായണ്ണ, തുറയൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലും കോഴിക്കോട് വടകര, പാലക്കാട് മണ്ണാർക്കാട്, ഷൊർണൂർ, എറണാകുളം ഏലൂർ, കളമശേരി മുൻസിപ്പാലിറ്റികളിലുമാണ് പുതിയ ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നത്.
Share your comments