തേന്‍കണം പദ്ധതിയുടെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികള്‍ക്ക് തേന്‍ വിതരണം നടത്തി. കൊടകര ഐ.സി.ഡി.എസിനും അഡീഷണല്‍ ഐ.സി.ഡി.എസിനും കീഴിലുള്ള 214 അങ്കണവാടികളിലാണ് തേന്‍ വിതരണം നടത്തിയത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ഹോര്‍ട്ടികോര്‍പ്പും സംയുക്തമായി സംസ്ഥാനത്തെ അങ്കണവാടികളില്‍ തേന്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് തേന്‍കണം.
ബന്ധപ്പെട്ട വാർത്തകൾ: ചെറുതേന്‍ ഗുണങ്ങള്‍
രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് മാസത്തേയ്ക്ക് 300 ഗ്രാം തേന്‍ വീതം ഓരോ അങ്കണവാടികളിലേയ്ക്കും വിതരണം ചെയ്യും. ഐ.സി.ഡി.എസ് ഓഫീസുകളില്‍ ഹോര്‍ട്ടികോര്‍പ്പ് തേന്‍ വിതരണം ചെയ്യും. തുടര്‍ന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍മാര്‍ ഓരോ അങ്കണവാടികള്‍ക്കും 300 ഗ്രാം വീതം സെക്ടര്‍ തലത്തില്‍ എത്തിക്കുകയും അതാത് അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് സെക്ടര്‍ തലത്തില്‍ വിതരണം നടത്തുകയും ചെയ്യും. ശരാശരി ഒരു അങ്കണവാടിയില്‍ 15 കുട്ടികള്‍ എന്ന നിരക്കില്‍ ആഴ്ചയില്‍ രണ്ട് ദിവസം ഒരു കുട്ടിക്ക് 6 തുള്ളി വീതമാണ് തേന്‍വിതരണം. കുട്ടികളിലെ പോഷണകുറവ് പരിഹരിക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷണമേകാന്‍ ന്യൂട്രീഷന്‍ ക്ലിനിക്
കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സി.ഡി.പി.ഒ നിഷ എം അധ്യക്ഷയായി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ ജീനു ലാസര്‍ വി എല്‍, സുധാകുമാരി വി, സിന്ധു രാജന്‍, രജിക, പ്രതിഭ, ബ്ലോക്ക് സെക്രട്ടറി പി ആര്‍ അജയഘോഷ് എന്നിവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: കോവിഡ് കാലത്ത് പോഷണക്കുറവുള്ള കുട്ടികൾക്ക് തേനമൃത്
തേന്‍കണം പദ്ധതിക്ക് കടപ്പുറം പഞ്ചായത്തില്‍ തുടക്കം
തേന്‍കണം പദ്ധതി പ്രാവര്‍ത്തികമാക്കി കടപ്പുറം ഗ്രാമപഞ്ചായത്ത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സംസ്ഥാന ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് അങ്കണവാടി കുട്ടികള്‍ക്ക് തേന്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് തേന്‍കണം. കടപ്പുറം പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് പഞ്ചിനഞ്ചാം നമ്പര്‍ അങ്കണവാടിയില്‍ നടന്ന തേന്‍കണം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ വി പി മന്‍സൂര്‍ അലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സാലിഹ ഷൌക്കത്ത്, ശുഭ ജയന്‍, വാര്‍ഡ് മെമ്പര്‍ ടി ആര്‍ ഇബ്രാഹിം, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ജിജി, അങ്കണവാടി ടീച്ചര്‍ രമ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments