നമ്മുടെ ജീവിതത്തിൽ 50 വയസ്സ് എന്നു പറയുന്നത് ഒരു പ്രധാന ഘട്ടം തന്നെയാണ്. ജോലിയിൽ നിന്ന് വിരമിക്കുന്നതിൻറെയും പല തരത്തിലുള്ള രോഗങ്ങൾക്ക് അടിമപ്പെടാൻ സാധ്യതയുമുള്ള കാലമാണിത്. കൂടാതെ, കുട്ടികളുടെ വിവാഹം, ഉയർന്ന വിദ്യാഭ്യാസം എന്നിവയുടെയും സമയമാണിത്. അതുകൊണ്ട് ചെലവാക്കലുകൾക്ക് ഏറെ പരിമിതി ഉണ്ടായിരിക്കണം. ഭാവിക്കായി നിക്ഷേപം വർദ്ധിപ്പിക്കേണ്ട സമയമാണിത്. വിരമിക്കലിന് ഒരു പതിറ്റാണ്ട് മാത്രം അകലെയാണ് നിങ്ങളിപ്പോൾ. വിരമിച്ചതിനു ശേഷം റിട്ടയർമെന്റ് ജീവിതത്തെക്കുറിച്ചു ആലോചിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.
50 വയസിനോട് അടുക്കുമ്പോഴോ, 50കളുടെ തുടക്കത്തിലോ എല്ലാ നിക്ഷേപങ്ങളുടെയും തന്ത്രപരമായ അവലോകനത്തിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സാധിക്കണം. നിക്ഷേപ പോർട്ട്ഫോളിയോ അവലോകനം ചെയ്യുമ്പോൾ മികച്ച സാമ്പത്തിക ഭദ്രതയ്ക്കായി പരിഗണിക്കേണ്ട ഏഴ് സാമ്പത്തിക നടപടികളാണ് താഴെ കൊടുക്കുന്നത്.
ഒന്നാമതായി എല്ലാ സാമ്പത്തിക ആസ്തികളും ശ്രദ്ധിക്കുകയാണ് വേണ്ടത്. സ്ഥിര നിക്ഷേപങ്ങൾ, റിക്കറിങ് ഡെപ്പോസിറ്റുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, ബോണ്ടുകൾ, പ്രൊവിഡന്റ് ഫണ്ട്, യൂണിറ്റ്- ലിങ്ക്ഡ് ഇൻഷുറൻസ് പോളിസികൾ (യുലിപ്പുകൾ), ആരോഗ്യ ഇൻഷുറൻസ്, ടേം ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ട് സമ്പാദ്യം, പ്രോപ്പർട്ടികളിലെ നിക്ഷേപം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.
അതുപോലെ തന്നെ നിങ്ങളുടെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ സാമ്പത്തിക ബാധ്യതകളും ശ്രദ്ധിക്കണം. ഭവന വായ്പ, കാർ വായ്പ, വ്യക്തിഗത വായ്പ അല്ലെങ്കിൽ ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ഉള്ള ചില വായ്പകൾ, ഇ.എം.ഐകൾ എല്ലാം ഇതിൽപ്പെടും. കുട്ടികളുടെ വിവാഹമോ, അവരുടെ ഉന്നത വിദ്യാഭ്യാസമോ, വരാനിരിക്കുന്ന കുടുംബ ചടങ്ങുകൾ എല്ലാം ഇവിടെ പരിഗണിക്കണം. ഇത്തരം ചെലവുകൾ രേഖപ്പെടുത്തുക.
ആസ്തികളും ബാധ്യതകളും 50 വയസ് തികയുമ്പോൾ നിങ്ങളുടെ റിസ്‌ക്- ടേക്കിങ് കഴിവുകളെ കുറിച്ച് ന്യായമായ ധാരണ നൽകും. ഈ സാമ്പത്തിക കണക്കുകൂട്ടലുകൾക്കു രണ്ട് നേട്ടങ്ങളുണ്ട്. ഒന്ന്, നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് ആത്മവിശ്വാസം നൽകും. രണ്ട്, വിരമിക്കലിനു ശേഷമുള്ള സാമ്പത്തികഭദ്രതയ്ക്കായി ഇനി എത്ര സമ്പാദിക്കണമെന്ന ധാരണ ലഭിക്കും.
മികച്ച ട്രാക്ക് റെക്കോഡുള്ള ഫണ്ടുകളിലേക്കു മാത്രം നിക്ഷേപങ്ങൾ ചുരുക്കുക. ഓഹരികളിലേക്ക് അമിത ചായ്‌വുള്ള നിക്ഷേപങ്ങളുടെ ഘടന മാറ്റുക. ഒരു പ്രഫഷണൽ നിക്ഷേപ ഉപദേശകന്റെ സഹായം തേടാവുന്നതാണ്. ഇക്വിറ്റിയിലേക്കുള്ള നിങ്ങളുടെ മൊത്തത്തിലുള്ള പോർട്ട്ഫോളിയോയുടെ വിഹിതം 40- 50% ആയി കുറയ്ക്കുന്നതാകും അഭികാമ്യം. 50-കളുടെ മധ്യത്തിൽ എത്തുമ്പോൾ ഡെബ്റ്റ് ഇൻസ്ട്രുമെന്റുകളിലേക്കുള്ള എക്‌സ്‌പോഷർ വർധിപ്പിക്കുക. ബാലൻസ്ഡ് അഡ്വാൻസ് ഫണ്ടുകളും ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ടുകളും പരിഗണിക്കുക.
ഓഹരി മ്യൂച്വൽ ഫണ്ടുകളിലും, ഓഹരികളിലും നിങ്ങൾ എടുത്തിരിക്കുന്ന റിസ്‌കുകൾ കുറയ്ക്കുകയാണ് രണ്ടാമതായി ചെയ്യേണ്ട പ്രധാന കാര്യം. റിസ്‌ക് എടുക്കാനുള്ള ശേഷി കുറഞ്ഞെന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കുക. കാരണം ജോലിയിൽനിന്നുമുള്ള സ്ഥിര വരുമാനം വിരലിൽ എണ്ണാവുന്ന വർഷങ്ങളിലേക്കു ചുരുങ്ങി കഴിഞ്ഞു. എന്തെങ്കിലും അപകടസാധ്യതകൾ ഉണ്ടെങ്കിൽ അത് കുറയ്ക്കുക. സമാനമായ ഫണ്ടുകളിലെ നിക്ഷേപങ്ങൾ വൈവിധ്യവൽക്കരിക്കുക.
ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങളിലോ, റിക്കറിങ് നിക്ഷേപങ്ങളിലോ ഉള്ള പുതിയ നിക്ഷേപങ്ങൾ ഈ പ്രായത്തിൽ പ്രതീക്ഷിച്ച നേട്ടം നൽകണമെന്നില്ല. പണപ്പെരുപ്പവും നിക്ഷേപങ്ങളിൽ നിന്നുള്ള ആദായവും ഇവിടെ പരിഗണിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ ഇതു മികച്ചതാകാൻ സാധ്യതയില്ല.
നിക്ഷേപങ്ങൾ ഡെബ്റ്റ്- ഓറിയന്റഡ് ഹൈബ്രിഡ് ഫണ്ടുകളിലേക്ക് മാറ്റുന്നതാകും അഭികാമ്യം. ഇത്തരം ഫണ്ടുകൾ 10- 35% ആസ്തികൾ ഇക്വിറ്റിയിൽ അനുവദിക്കുന്നതിനാൽ നിങ്ങൾക്ക് മികച്ച വരുമാനം ലഭിക്കുമെന്ന് മാത്രമല്ല, പണം ആവശ്യമുള്ളപ്പോൾ എളുപ്പത്തിൽ പിൻവലിക്കാനും സാധിക്കും. സ്ഥിര നിക്ഷേപങ്ങൾ പോലുള്ള നിക്ഷേപങ്ങൾ അകാല പിൻവലിക്കലുകൾക്കു കൂടുതൽ ബാധ്യത വരുത്തും.
ശക്തമായ അടിയന്തര ഫണ്ടുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും ഈ പ്രായത്തിലും നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വിരമിക്കലിനു ശേഷം പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങൾക്ക് ഈ ഫണ്ട് വേണം വിനിയോഗിക്കാൻ. അല്ലാതെ നിക്ഷേപങ്ങൾ പിൻവലിക്കുന്ന കാര്യം ചിന്തിക്കുക കൂടി ചെയ്യരുത്. കാരണം നിങ്ങളുടെ ഭാവി നിക്ഷേപങ്ങളെ ആശ്രയിച്ചിരിക്കും.
എമർജൻസി ഫണ്ടുകൾ വർധിപ്പിക്കുന്നതിന് സമ്പാദ്യത്തിന്റെ ഒരു ഭാഗം ലിക്വിഡ് ഫണ്ടുകളിലേക്ക് നിക്ഷേപിക്കുന്നത് പരിഗണിക്കാം. ലിക്വിഡ് ഫണ്ടുകൾ നിങ്ങളുടെ നിക്ഷേപങ്ങൾക്ക് താരതമ്യേന മികച്ച വരുമാനം നൽകും. കൂടാതെ നിങ്ങൾക്കു യുലിപ് നിക്ഷേപങ്ങൾ ഉണ്ടെങ്കിൽ, അവ കാലാവധി പൂർത്തീകരിക്കുകയാണെങ്കിൽ, ഇക്വിറ്റിയുടെയും ഡെബ്റ്റ് അസറ്റിന്റെയും ആനുകൂല്യങ്ങൾ നൽകുന്ന സന്തുലിതമായ ഫണ്ടുകളിലേക്ക് മെച്യൂർഡ് തുക കൈമാറുന്നത് പരിഗണിക്കാം.
സർക്കാർ സുരക്ഷയും വരുമാനവും വാഗ്ദാനം ചെയ്യുന്ന സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപങ്ങളെക്കുറിച്ച് ഈ സമയത്ത് കാര്യമായി തന്നെ പരിഗണിക്കാവുന്നതാണ്. സ്വർണം നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോയുടെ ഭാഗമല്ലെങ്കിൽ, പോർട്ട്ഫോളിയോയുടെ 10 ശതമാനമെങ്കിലും സ്വർണാധിഷ്ഠിത നിക്ഷേപങ്ങൾക്ക് നീക്കിവയ്ക്കുക.
സ്വർണത്തിലെ നിക്ഷേപങ്ങൾ പണപ്പെരുപ്പത്തിനെതിരേ ഒരു സംരക്ഷണം നൽകുമെന്ന് മാത്രമല്ല, അവ നിങ്ങളുടെ നിക്ഷേപങ്ങളിൽ വൈവിധ്യം കൊണ്ടുവരികയും അനിശ്ചിതകാലങ്ങളിൽ വളരെ സഹായകരമാകുകയും ചെയ്യും. സ്വർണ നിക്ഷേപത്തിലേക്കുള്ള എക്‌സ്‌പോഷർ നിങ്ങളുടെ മൊത്തത്തിലുള്ള പോർട്ട്‌ഫോളിയോയുടെ 10- 15 ശതമാനത്തിൽ കവിയാനും പാടില്ല.
50-കളിൽ എത്തുമ്പോൾ, നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ പുനഃപരിശോധിക്കുക. അവലോകനത്തിനും നിലവിലെ ആരോഗ്യസ്ഥിതികൾക്കും ശേഷം, കൂടുതൽ ആനുകൂല്യങ്ങളും ഫീച്ചറുകളും ചേർക്കുന്നതും സം അഷ്വേർഡ് വർധിപ്പിക്കുന്നതും പരിഗണിക്കാം. നിങ്ങളും കുടുംബവും ഉൾപ്പെടുന്ന പോളിസിക്ക് 10-15 ലക്ഷം രൂപയെങ്കിലും സം അഷ്വേർഡ് ഉണ്ടായിരിക്കുന്നതാണ് ഉചിതം.
പ്രീമിയത്തെ കുറിച്ച് ഇവിടെ ആവലാതിപെടേണ്ട. കാരണം ഉണ്ടായേക്കാവുന്ന ആശുപത്രി ചെലവുകൾ പരിഗണിക്കുമ്പോൾ പ്രീമിയം നാമമാത്രമാകും. അതിനാൽ ഈ ചെലവ് നഷ്ടമായി കാണേണ്ടതില്ല. നിങ്ങളുടെ ഭാവിയും ആരോഗ്യ സ്ഥിതിയും സന്തുലിതമായി നിലനിർത്തുന്നതിന് ഇത് അനിവാര്യമാണ്.
Share your comments